Tuesday, May 29, 2012

ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം

The tunnel between Command
Module& Lunar Module after
docking
 മനുഷ്യന്റെ ചാന്ദ്രയാത്രകള്‍ ശരിക്കും ഒരു റിലേ ഓട്ടം പോലെയായിരുന്നു. ഏതെങ്കിലും ഒരു ഘട്ടം പിഴച്ചാല്‍ മുഴുവന്‍ പദ്ധതിയും തകിടം മറിയുമായിരുന്നു. ഭൂമിയില്‍ നിന്നും വിക്ഷേപിച്ച സാറ്റേണ്‍ റോക്കറ്റിന്റെ ഭാരത്തിന്റെ 95 ശതമാനവും ഇന്ധനമായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. റോക്കറ്റിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടെന്നും കണ്ടു. കമാന്‍ഡ് മോഡ്യൂള്‍(CM), സപ്‌ളൈ മോഡ്യൂള്‍, (SM)ലൂണാര്‍ മോഡ്യൂള്‍(LM) എന്നിവയാണ് ഈ ഭാഗങ്ങള്‍. ഇതില്‍ ലൂണാര്‍ മോഡ്യൂള്‍ പിന്നറ്റത്തും കമാന്‍ഡ് മോഡ്യൂള്‍ മുന്നറ്റത്തുമാണ്. ഇടയിലാണ് പ്രൊപ്പല്ലന്റുകളും ഇന്ധനവും മറ്റും ശേഖരിച്ചിട്ടുള്ള സപ്‌ളൈ മോഡ്യൂള്‍. കമാന്‍ഡ് മോഡ്യൂളും സപ്‌ളൈ മോഡ്യൂളും കൂട്ടിചേര്‍ത്ത് മുന്‍ഭാഗത്തിന് കാമാന്‍ഡ് ആന്‍ഡ് സപ്‌ളൈ മോഡ്യൂള്‍ (CSM) എന്നും പറയാറുണ്ട്. 

Artist's view: CM and LM after docking

ചാന്ദ്രപേടകവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒന്നര ഭൗമഭ്രമണം പൂര്‍ത്തിയാക്കിയ ശേഷമാണ് റോക്കറ്റ് പുന:പ്രവര്‍ത്തിച്ച് ചന്ദ്രനിലേക്ക് കുതിക്കുന്നത്. പിന്നീട് മൂന്നു ദിവസത്തെ യാത്രയാണ്. ആ പ്രായാണത്തിനിടയില്‍ രണ്ടു കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. (ഒന്ന്)സാറ്റേണ്‍ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം കത്തിച്ചുകളയുക. (രണ്ട്) ലൂണാര്‍ മോഡ്യൂളന്റെ പുറംകവചം വേര്‍പെടുത്തുക. ഇതു രണ്ടും നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യാനുള്ളത് പിറകിലിരിക്കുന്ന ലൂണാര്‍ മോഡ്യൂളിനെ സപ്‌ളൈമോഡ്യൂളിന്റെ മുകളിലൂടെ ഉയര്‍ത്തി കൊണ്ടുവന്ന് ഏറ്റവും മുന്നിലുള്ള കമാന്‍ഡ് മോഡ്യൂളിന്റെ നാസികാഗ്രഭാഗത്ത് ഘടിപ്പിക്കുക എന്നതാണ്. നാം പിറകില്‍ നില്‍ക്കുന്ന ശിശുവിനെ തലയ്ക്ക് മീതെ എടുത്തുയര്‍ത്തി മുന്‍വശത്ത് എത്തിക്കുന്നത് സങ്കല്‍പ്പിക്കു. ഏതാണ്ട് അതുപോലെയാണ് പിന്നിലിരിക്കുന്ന ല്യൂണാര്‍ മോഡ്യൂള്‍ വാഹനത്തിന്റെ മുന്നിലെത്തുന്നത്. പേടകം മണിക്കൂറില്‍ 36000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചിരമ്പി പായുമ്പോഴാണ് ബാഹിരാകാശത്ത് വെച്ച് ഈ സര്‍ക്കസ് അരങ്ങേറുന്നത്! സര്‍വീസ് മോഡ്യൂളിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു യന്ത്രക്കൈയ്യുടെ സഹായത്തോടെയാണ് ലൂണാര്‍ മോഡ്യൂളിനെ വാഹനത്തിന്റെ മുന്നിലെത്തിക്കുന്നത്.

വിലക്ഷണമായ, ഏതാണ്ട് ചിലന്തിയുടെ ആകൃതിയുള്ള ലൂണാര്‍ മോഡ്യൂള്‍ ഇത്രയും വേഗത്തില്‍ കുതിച്ചുപോയുന്ന വാഹനത്തിന്റെ മുന്നില്‍ ഘടിപ്പിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകാനാവും? ന്യായമായ ചോദ്യം തന്നെ. ഭൂമിയിലോ ഭൗമാന്തരീക്ഷത്തിലോ അത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലുമാവില്ല. അവിടെ വായുപ്രതിരോധം പരമാവധി കുറയ്ക്കാന്‍ സഹായകമായ ആകൃതിയുണ്ടാവണം. പക്ഷെ ബഹരാകാശത്ത് അന്തരീക്ഷപ്രതിരോധമോ ഭാരമോ ഇല്ലാത്തതിനാല്‍ വിക്ഷേപണവസ്തുവിന്റെ ആകൃതിയോ ഭാരമോ ഒരു വിഷയമല്ല. ലൂണാര്‍ മോഡ്യൂള്‍ ശൂന്യാകാശത്തില്‍ മാത്രം പറക്കാനായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിന്റെ മുന്‍ഭാഗം പോര്‍മുനപോലെ (streamline) രൂപപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല.

ലൂണാര്‍ മോഡ്യൂള്‍ മുന്നില്‍ വെച്ചുകൊണ്ട് 3 ദിവസം സഞ്ചരിച്ച് ചന്ദ്രാകാശത്ത് എത്തുന്ന പേടകം ചന്ദ്രനെ വലം വെക്കാന്‍ തുടങ്ങുന്നു. ചാന്ദ്രഭ്രമണപഥത്തില്‍ ലൂണാര്‍ മോഡ്യൂളിനേയും കമാന്‍ഡ് മോഡ്യൂളിനേയും ബന്ധിപ്പിക്കുന്ന ഭാഗം ഒരു കുഴലെന്നപോലെ തുറക്കാവുന്നതാണ്. ഈ കുഴലിലൂടെ സഞ്ചാരികള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നുഴഞ്ഞുകയറാം. ലൂണാര്‍ മോഡ്യൂള്‍ മുന്‍വശത്ത് വന്നുകഴിഞ്ഞാല്‍ യാത്രികരില്‍ രണ്ടുപേര്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ലൂണാര്‍മോഡ്യൂളിലേക്ക് കയറും. ബാക്കിയുള്ള ഒരാള്‍ കമാന്‍ഡ് മോഡ്യൂളില്‍ തന്നെ ഇരിക്കും. തുടര്‍ന്ന് ലൂണാര്‍ മോഡ്യൂള്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് മെല്ലെ വേര്‍പെടുന്നു. രണ്ടു വാഹനങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങള്‍ സ്വീകരിച്ച് ചന്ദ്രനെ ചുറ്റുന്നത് തുടരും. കുറെക്കഴിയുന്നതോടെ ലൂണാര്‍ മോഡ്യൂള്‍ അതിലെ ദിശാറോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് മെല്ലെ ചന്ദ്രനിലേക്ക് വീഴുന്നു.

ഇന്ധനം പരമാവധി ശേഖരിക്കാനായി ലൂണാര്‍ മോഡ്യൂളിന്റെ ഭാരം പരമാവധി കുറയ്ക്കാനാണ് നാസ തീരുമാനിച്ചത്. അതിനായി യാത്രികര്‍ക്കുള്ള സീറ്റുകള്‍ പോലും ഉപേക്ഷിച്ചു. എത്ര ഇന്ധനം ശേഖരിക്കാമോ ദൗത്യത്തിന്റെ മൊത്തം അതിജീവനസാധ്യത അത്രകണ്ട് വര്‍ദ്ധിക്കുമല്ലോ. നീല്‍ ആംസ്‌ട്രോങും ഓള്‍ഡ്രിനും ചന്ദ്രനിലും ചെന്നിറങ്ങിയതും അവിടെനിന്ന് കയറിയതും നിന്നുകൊണ്ടായിരുന്നുവെന്ന് സാരം. ഇത്രയും ദൂരം യാത്ര ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ നല്ല രണ്ട് സീറ്റുപോലും കൊടുക്കാതിരുന്ന നാസയിലെ ബുദ്ധിരാക്ഷസന്‍മാരെ സമ്മതിക്കണം! പക്ഷെ, ഓര്‍ക്കുക, ചന്ദ്രയാത്ര കേവലം മറ്റൊരു യാത്രയല്ല!

7 മീറ്റര്‍ ഉയരവും 15 ടണ്‍ ഭാരവുമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് ചുരുണ്ടുകൂടി കിടക്കാനും ചാരിനില്‍ക്കാനും മാത്രമുള്ള സ്ഥലമേ ലഭ്യമായിരുന്നുള്ളു. ലൂണാര്‍ മോഡ്യൂളിന്റെ അഷ്ടഭുജാകൃതിയുള്ള(octagonal) കീഴ്ഭാഗത്ത് (descent stage)ബ്രേക്ക് ചെയ്യാനുള്ള ഒരൊറ്റ എന്‍ജിനും ലാന്‍ഡിംഗിന്റെ ആഘാതം താങ്ങാനാവശ്യമായ ഷോക്ക് അബ്‌സോര്‍ബറുകളുള്ള കാലുകളും ഉണ്ടായിരുന്നു. ഈ ബ്രേക്കിംഗ് എന്‍ജിന്‍ (descent engine) നിരന്തരം ചന്ദ്രോപരിതലത്തിലേക്ക് ജ്വാല (exhaust) തള്ളിക്കൊണ്ടിരിക്കും. അതുമൂലം ചന്ദ്രനിലേക്ക് വീഴുന്ന പേടകത്തിന് മേല്‍ മുകളിലേക്ക് ഒരു തള്ളല്‍ അനുഭവപ്പെടും. ഇതുമൂലം വീഴ്ചയുടെ വേഗത കുറഞ്ഞുവരുന്നു. അവസാനം വാഹനത്തിന് തറതൊടാനാവാത്ത വിധം പ്രതിരോധമുണ്ടാകും. ചാന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതുവരെ ഇടിച്ചു വീഴാതെ തങ്ങിനില്‍ക്കാന്‍ (hover)ഇതുമൂലം സാധിക്കും. പക്ഷെ നിശ്ചിതസമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ എന്‍ജിനിലെ ഇന്ധനം തീരുകയും പേടകം ഇടിച്ചിറങ്ങുകയും ചെയ്യും. ഇന്ധനം തീരുന്നതിന് മുമ്പ് കഴിവതും പെട്ടെന്ന് ഇറക്കാനായിരുന്നു നാസയുടെ നിര്‍ദ്ദേശം. അപ്പോളോ-11 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് 5 മിനിറ്റ് നേരത്തേക്കുള്ള ഇന്ധനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. 


Self launching of 'Eagle'  from Moon
The fire, fume and dust are
just poetic imagination
ലൂണാര്‍ മോഡ്യൂളിന്റെ കീഴ്ഭാഗത്ത് ജലം, ഇന്ധനം(അപ്പോളോ 15 മുതല്‍) എന്നിവയും ശേഖരിച്ചിരുന്നു. ഉപരിഭാഗത്താകട്ടെ യാത്രികരുടെ കാബിനും, ഓക്‌സിജന്‍, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍, റേഡിയോ-ടെലിവിഷന്‍ ഉപകരണങ്ങള്‍ എന്നിവയും സ്ഥാപിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ച് പറന്നുകയറാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട റോക്കറ്റ് എന്‍ജിന്‍ ഉപരിഭാഗത്തിന്റെ അടിവശത്തുണ്ടായിരുന്നു. നാലുവീതമുള്ള നാലു കൂട്ടം (മൊത്തം 16) ഉയരം ക്രമീകരിക്കുന്ന നിയന്ത്രണറോക്കറ്റുകളും(attitude control thrusters) ഉപരിഭാഗത്തുണ്ടായിരുന്നു. ചന്ദ്രാകാശത്തെത്തി കണ്‍ട്രോണ്‍ മോഡ്യൂളുമായി ഡോക്കിംഗ് നടത്താനും സഞ്ചാദിശ ക്രമീകരിക്കാനും ഇവയുടെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു.

ഉപരിഭാഗത്തിന്റെ അടിത്തട്ടിലുള്ള ത്രികോണാകൃതിയിലുള്ള സ്‌ക്രീനുണ്ടായിരുന്നു. യു-ട്യൂബില്‍ നാസ പുറത്തുവിട്ട വീഡിയോ കണ്ടവര്‍ക്കെറിയാം, യാത്രികര്‍ ചാന്ദ്രോപരിതലം കണ്ടുകൊണ്ടിരുന്നത് ത്രികോണാകൃതിയുള്ള ഈ ജാലകത്തിലൂടെയാണ്. ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് യാത്രികര്‍ പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വളരെ ശ്രമപ്പെട്ടാണ്. ഈഗിളിന്റെ കാലുകളില്‍ ഘടിപ്പിച്ച കോവേണിയിലൂടെയാണ് യാത്രികര്‍ പുറത്തിറങ്ങിയത്. അത്തരത്തിലൊന്ന് നാസ ഇപ്പോഴും പ്രദര്‍ശനത്തിനായി (at the National Air and Space Museum in Washington)സൂക്ഷിച്ചിട്ടുണ്ട്.

ചന്ദ്രനിലിറങ്ങിയ സഞ്ചാരികള്‍ അവരോട് നിര്‍ദ്ദേശിച്ചിരുന്ന അന്വേഷണങ്ങളും ദൗത്യങ്ങളും നിര്‍വഹിച്ചു. പാറയും മറ്റും ശേഖരിച്ച് തിരിച്ചുകയറിയ ശേഷം ഉപരിഭാഗം (ascent stage) മാത്രമായി ചന്ദ്രനില്‍ നിന്ന് റോക്കറ്റ് എന്‍ജിനുകളുടെ സഹായത്തോടെ പറന്നുപൊങ്ങി. പാമ്പ് പടം പൊഴിക്കുന്നതുപോലെ കീഴ്ഭാഗം ചന്ദ്രനില്‍ ഉപേക്ഷിച്ചാണ് യാത്രികര്‍ ചന്ദ്രനില്‍ നിന്ന് പറന്നകന്നത്. 'വിക്ഷേപണത്തറ'യായി (launch pad) ഉപയോഗിച്ച കീഴ്ഭാഗം ഉപേക്ഷിക്കപ്പെട്ടു.

ബഹിരാകാശത്തെ ബാലെ
The docking target of Lunar Module
as seen from the Command Module
ചാന്ദ്രയാത്രയുടെ മുഴുവന്‍ വിജയവും ചാന്ദ്രഭ്രമണപഥത്തില്‍ വെച്ച് നടത്തപ്പെട്ട വിഘടന-പുന:സംഘടന ദൗത്യത്തെ (undocking and redocking maneuvers) ഡോക്കിംഗിനെ ആശ്രയിച്ചാണിരുന്നത്. അതായത് കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് ഈഗിള്‍ വേര്‍പെടുന്നതും തിരിച്ച് ചന്ദ്രനിലിറങ്ങിയശേഷം വീണ്ടും കണ്ടെത്തി സംയോജിക്കുന്നതും സത്യത്തില്‍ വിസ്മയകരമായ ഒരു കാര്യം തന്നെയായിരുന്നു. ശരിക്കും ഒരു ആകാശ ബാലെ! ലൂണാര്‍ മോഡ്യൂളിനെ കമാന്‍ഡ് മോഡ്യൂളിന്റെ മുന്നില്‍ കൊണ്ടുവരുന്ന ഡോക്കിംഗ് പേടകങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാതെ നിര്‍വഹിക്കുന്ന ഒന്നാണ്. അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ വിജയകരമായി റിഹേഴ്‌സല്‍ നടത്തിയ പ്രക്രിയയാണിത്.

കമാന്‍ഡ്‌മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ഒറ്റ പേടകമായി ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് തന്നെ റോക്കറ്റിന്റെ (S-IVB rocket)ബാക്കിവന്ന ഭാഗം ജ്വലിപ്പിച്ച് സൂര്യന് ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്ക് തള്ളി വിട്ടിരുന്നു. എന്നാല്‍ അപ്പോളോ-13 മുതലുള്ള ദൗത്യങ്ങളില്‍ ഇങ്ങനെ ബാക്കിവന്ന റോക്കറ്റ് ഭാഗം ചാന്ദ്രപേടകത്തിന് ഒപ്പം സഞ്ചരിക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചാന്ദ്രോപരിതലത്തിലേക്ക് തകര്‍ന്ന് വീഴുകയുമാണുണ്ടായത്. ഇതുമൂലം ചന്ദ്രനിലുണ്ടായ മനുഷ്യനിര്‍മ്മിതമായ ചാന്ദ്രകമ്പം (a man-made moonquake) അവിടെ സ്ഥാപിച്ചിരുന്ന കമ്പമാപിനികള്‍ (seismometers)രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ-11, 12 എന്നീ ദൗത്യസംഘങ്ങളാണ് ഈ കമ്പമാപിനി ചന്ദ്രനില്‍ സ്ഥാപിച്ചത്. ചന്ദ്രന്റെ ആന്തരികഘടനയെ കുറിച്ച് പഠിക്കാന്‍ ഇത്തരം 'ഇടിച്ചിറക്കലുകള്‍' നാസയെ ഏറെ സഹായിച്ചിട്ടുണ്ട്.

ല്യൂണാര്‍ മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മില്‍ ഒരു കുഴല്‍ (tunnel)വഴിയാണ് ബന്ധിപ്പിച്ചിരുന്നതെന്ന് പരാമര്‍ശിച്ചല്ലോ. ഇതിലൂടെ യാത്രികര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവുമായിരുന്നു. ഈ കുഴല്‍ വളരെ ഇടുങ്ങിയതാണെന്നും ഇതിലൂടെ മനുഷ്യര്‍ക്ക് നുഴഞ്ഞുപോകാനാവില്ലെന്നും ഒരു ഹോക്‌സ് വാദമുണ്ട്. തികച്ചും വാസ്തവവിരുദ്ധമാണിത്. സ്ഥലപരിമിതയുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സഞ്ചാരം അസാധ്യമാണെന്നല്ല. ഇതു സംബന്ധിച്ച് നാസ ലഭ്യമാക്കിയ അളവുകള്‍ ശ്രദ്ധിക്കുക: 32 ഇഞ്ച് വ്യാസവും 18 ഇഞ്ച് നീളവുമാണ് ഈ കുഴലിനുള്ളത്. അതായത് ഏതാണ്ട് മൂന്നടി വീതി, ഒന്നരയടി നീളം. അത്തരമൊരു കുഴലിലൂടെ സ്‌പേസ്സ്യൂട്ടിട്ട് മനുഷ്യന് നുഴഞ്ഞുപോകാം. അതുകൊണ്ട് തന്നെ അതൊരു ചര്‍ച്ച ചെയ്യേണ്ട വാദമായി കാണാനാവില്ല.

ചന്ദ്രനിലിറങ്ങാന്‍ നേരത്ത് മാത്രമല്ല അതിന് മുമ്പ് വൈദ്യുതിബന്ധവും യന്ത്രസംവിധാനവും പരിശോധിക്കാനായി യാത്രികര്‍ പലകുറി കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ല്യൂണാര്‍ മോഡ്യൂളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഇവിടെ നിര്‍ണ്ണായകമായ ആ ചോദ്യമുയരുന്നു: എന്തുകൊണ്ട് ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങള്‍? ചന്തയില്‍ നിന്നും കാലിവണ്ടി തിരിച്ചുവരുന്നപോലെ അവസാനം കമാന്‍ഡ് മോഡ്യൂള്‍ മാത്രമാണ് ഭൂമിയില്‍ തിരിച്ചുവരുന്നത്. ബാക്കിയൊക്കെ കത്തിത്തീരുകയോ ഉപേക്ഷിക്കുകയോ ചെയ്യപ്പെടുന്നു. ലൂണാര്‍ മോഡ്യൂള്‍ മാത്രമാണ് ചന്ദ്രനിലിറിങ്ങുന്നത്. ആദ്യം നാസ തയ്യാറാക്കിയ കമാന്‍ഡ് മോഡ്യൂളിന് മൂന്നു ഭാഗങ്ങള്‍ വിഭാവനം ചെയ്തിരുന്നില്ല. മറിച്ച് കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ചേര്‍ന്ന് ഒരൊറ്റ വാഹനം. ഈ വാഹനത്തില്‍ ചന്ദ്രനില്‍ പോയി ഇറങ്ങുന്നു-അതേ വാഹനത്തില്‍ തിരിച്ചു ഭൂമിയിലേക്ക് വരുന്നു. എത്ര എളുപ്പം! എത്ര ലളിതം! അതായത് ഒരു വിമാനം ചെന്നിറങ്ങി പറന്നുപൊങ്ങുന്നതുപോലെ.

അങ്ങനെയെങ്കില്‍ ചന്ദ്രാകാശത്തില്‍ ജീവന്‍ പണയം വെച്ച് നടത്തുന്ന Lunar orbit rendezvous(LOR) എന്നറിയപ്പെടുന്ന സംഘടനവും വിഘടനവും പുന: സംഘടനവുമൊക്കെ ഒഴിവാക്കാം. ആദ്യഘട്ടത്തില്‍ നാസയ്ക്ക് ഇത് സംബന്ധിച്ച് മൂന്ന് പദ്ധതികളാണുണ്ടായിരുന്നത്. നേരിട്ടുള്ള വിക്ഷേപണവും(direct ascent) തിരിച്ചുവരവും സാധ്യമായ നോവ ('Nova')എന്ന പേരുള്ള ഏകതാനതയുള്ള ഒരു പടുകൂറ്റന്‍ റോക്കറ്റായിരുന്നു (monolithic rocket) ആദ്യം വിഭാവനം ചെയ്തത്. നോവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. അവിടെ നിന്ന് അത് ചന്ദ്രന്റെ ഭമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രനിലിറങ്ങി തിരിച്ചുകയറി തിരിച്ച് ഭൂമിയിലെത്തും-ഇതായിരുന്നു പദ്ധതി.

രണ്ടാമത്തെ പദ്ധതിയില്‍ ഭൗമഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിംഗായിരുന്നു (Earth Orbit Rendezvous)ലക്ഷ്യമിട്ടത്. ഇതനുസരിച്ച് രണ്ട് ചെറിയ റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ഒന്നില്‍ യാത്രികരും മറ്റൊന്നില്‍ ഇന്ധനവും. ഭൗമഭ്രമണപഥത്തില്‍ വെച്ച് രണ്ടും സംയോജിപ്പിക്കും. തുടര്‍ന്ന് അവിടെ നിന്ന് ചന്ദ്രനിലേക്ക് പറക്കും. 2017-20 കാലഘട്ടത്തില്‍ ചൈന നടത്താനിടയുള്ള ചാന്ദ്രയാത്രയ്ക്ക് ഈ രീതി അവലംബിക്കാനാണ് സാധ്യത. മൂന്നാമത്തെ പദ്ധതിയില്‍ ചാന്ദ്രാകാശത്തെ വിഘടിക്കലും സംയോജിപ്പിക്കലും വിഭാവനം ചെയ്തു. 


John C Houbolt
1916 ല്‍ യൂറി കോണ്‍ട്രാറ്റിയുക്ക് (Yuri Kondratyuk) എന്ന ഉക്രെയിന്‍കാരനാണ് (Lunar orbit rendezvous (LOR)) എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. LOR ആയിരിക്കും ചന്ദ്രനില്‍ ചെന്നിറങ്ങി തിരിച്ചുവരാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം (most economical way)എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അമേരിക്കയില്‍ ടോം ഡോലനാണ് (Tom Dolan)ഇങ്ങനെയൊരു നിര്‍ദ്ദേശം ആദ്യം വെച്ചത്. പിന്നീട് അപ്പോളോ മിഷന്‍ സ്റ്റീയറിംഗ് ഗ്രൂപ്പ് അംഗമായ ജോണ്‍ സി ഹോബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതാണ് അവസാനം നാസ നടപ്പിലാക്കിയത്.

ഈ ത്രിതലപദ്ധതിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒന്നാമതായി മൂന്ന് വ്യത്യസ്ത വാഹനങ്ങളും ബഹിരാകാശത്ത് വെച്ച് അവയുടെ സംയോജനവും വിഘടനവും (docking and undocking) ഉണ്ടാക്കുന്ന വിഷമതകളും വെല്ലുവിളികളും ഊഹിക്കാവുന്നതേയുള്ളു. ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന ഡോക്കിംഗ് താരതമ്യേന സുരക്ഷിതമാണെന്ന് പറയാം. അഥവാ ഡോക്കിംഗ് സാധിക്കാതെ വന്നാല്‍ ക്രമേണ ഇന്ധനം നഷ്ടപ്പെട്ട് വാഹനം താഴേക്ക് ഊര്‍ന്നിറങ്ങുകയും ക്രമേണ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ച് കയറുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്രമം പരാജയപ്പെട്ടാലും പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്യിക്കാനാവും. ഇനി അഥവാ ഭൗമഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയാല്‍ അത്യാവശ്യം പ്രാണവായുവും ഭക്ഷണവും മറ്റ് ഉപഭോഗസ്തുക്കളും കരുതിയിട്ടുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത തള്ളിക്കളയേണ്ടതുമില്ല.

പക്ഷെ അതുപോലെയാണോ ചാന്ദ്രാകാശത്ത് വെച്ച് നടത്തുന്ന സംഘാടനവും വിഘടനവും?! ശരിക്കും ജീവന്‍ കയ്യില്‍ വെച്ചുകൊണ്ടുള്ള കളിയാണത്. വിഘടനത്തെക്കാള്‍ നിര്‍ണ്ണായകമാണ് ചന്ദ്രനില്‍ നിന്ന് തിരിച്ചുകയറിയ ശേഷമുള്ള സംഘാടനം. ലഭ്യമായ ഇന്ധനപരിധിക്കുള്ളില്‍ ഡോക്കിംഗ് സാധ്യമായില്ലെങ്കില്‍ പദ്ധതി അപ്പാടെ പാളുകയും ലൂണാര്‍മോഡ്യൂള്‍ ക്രമേണ ചന്ദ്രനിലേക്ക് വഴുതി വീഴുകയും ചെയ്യും. യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ സാധ്യമല്ല. കമാന്‍ മോഡ്യൂളില്‍ ഇരിക്കുന്ന യാത്രികന് രണ്ട് സഹപ്രവര്‍ത്തകരെയും ഉപേക്ഷിച്ച് തിരിച്ചുപോരുകയല്ലാതെ മറ്റ് ഗത്യന്തരമില്ല.

ഒ! രണ്ടു സഹപ്രവര്‍ത്തകരേയും നഷ്ടപ്പെട്ട് ഭൂമിയിലേക്ക് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആ യാത്രയൊന്നു വിഭാവനം ചെയ്തുനോക്കൂ. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടത് മൂലമുണ്ടായ ഏകാന്തതയാല്‍ മരിച്ചുപോയ സ്വന്തം പിതാവിനെപ്പറ്റി പരിതപിക്കുന്ന ഒരു കഥാപാത്രം ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാര്‍ഡ് ഷായുടെ 'ദി ആപ്പിള്‍ക്കാര്‍ട്ട്' എന്ന നാടകത്തിലുണ്ട്. ആ ഏകാന്തതയും ഇതുമായി താരതമ്യപ്പെടുത്താന്‍ പോലുമാകില്ല. ഒരു മനുഷ്യന്‍ പ്രപഞ്ചത്തിന്റെ അഗാധതയിലൂടെ മൂന്ന് ദിവസം ഒറ്റയ്ക്ക്, അതും അവിശ്വസനീയമായ വേഗതയില്‍, യാത്ര ചെയ്യുന്നു!!

എന്നാല്‍ ഇതൊക്കെ പരിഗണിക്കുമ്പോഴും മൂന്ന് ഭിന്ന വാഹനങ്ങള്‍ തന്നെയാണ് പ്രായോഗികമെന്ന് നാസ തിരിച്ചറിഞ്ഞു. അതിനും സാധുവായ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന വാഹനം ബഹിരാകാശത്തുകൂടി യാത്ര ചെയ്ത് ചന്ദ്രനിലിറങ്ങി തിരിച്ചു കയറണമെന്ന് വന്നാല്‍ അത്തരമൊരു വാഹനത്തിന് എല്ലാ ദൗത്യങ്ങളെല്ലാം നിറവേറ്റാനുള്ള ശേഷിയുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ മൂന്ന് യാത്രികരുടെ ആവശ്യം തന്നെയില്ല, രണ്ടുപേര്‍ മതിയാകും. പക്ഷെ ഒന്നാലോചിക്കുക, ചന്ദ്രനിലിറങ്ങുന്ന വാഹനത്തില്‍ തിരിച്ചുകയറാനുളള എന്‍ജിന്‍ മാത്രമല്ല തിരിച്ച് ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയിലേക്ക് കുതിക്കാനുള്ള പ്രൊപ്പല്ലന്റും അതിനുവേണ്ട ഇന്ധനവും കരുതിയിട്ടുണ്ടാവണം. ഈ അധികഭാരവും വഹിച്ചുകൊണ്ട് വേണം ചന്ദ്രനിലിറങ്ങാനും തിരിച്ചുകയറാനും.

തീര്‍ച്ചയായും ഇത്തരത്തില്‍ ഭാരവും വലുപ്പവും കൂടുന്നുതല്‍ കാരണം നിയന്ത്രിക്കാനായി കുറേക്കൂടി ശക്തി കൂടിയ ബ്രേക്കിംഗ് റിട്രോ റോക്കറ്റ് എന്‍ജിന്‍ ആവശ്യമായി വരും, അതിനാനുപാതികമായ അധിക ഇന്ധനവും, തത്ഫലമായുണ്ടാകുന്ന അധികഭാരവും. ഇനി ചന്ദ്രനിലെത്തിക്കഴിഞ്ഞാല്‍ അവിടെനിന്ന് തിരിച്ചുകയറാനും കൂടുതല്‍ ശക്തിയുള്ള, അധിക ഇന്ധനം ആവശ്യമായ എന്‍ജിന്‍ ആവശ്യമുണ്ട്. ചുരുക്കത്തില്‍ ഇത്തരത്തിലുള്ള അമിതഭാരവും വഹിച്ചുകൊണ്ടുള്ള ലാന്‍ഡിംഗും സ്വയം വിക്ഷേപണവും പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല വ്യത്യസ്തഭാഗങ്ങള്‍ ഒരുക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളുമില്ലാത്ത അത്തരം പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുന:പ്രവേശമാണ് മറ്റൊരു കീറാമുട്ടി. ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടം പിടിച്ച രണ്ടു ഘട്ടങ്ങളാണ് ഭൂമിയില്‍ നിന്നുള്ള വിക്ഷേപണവും ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവും. 90 ശതമാനം അപകടവും സംഭവിക്കുന്നത് ഈ ഘട്ടങ്ങളിലാണ്(ഉദാഹരണം-സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍(വിക്ഷേപണം), സ്‌പേസ് ഷട്ടില്‍ കൊളംബിയ(തിരിച്ചുവരവ്)). വിക്ഷേപിക്കുമ്പോള്‍ ഒരു വാഹനമായാലും മൂന്നെണ്ണമായാലും വിക്ഷേപിച്ചേ മതിയാകൂ. പക്ഷെ തിരിച്ചുവരുമ്പോള്‍ ഭൗമാന്തരീക്ഷത്തില്‍ വെച്ച് തീപിടിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നാം പലകുറി കണ്ടതാണ്. അപ്പോളോ കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ഒരുമിച്ച് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ സര്‍വീസ് മോഡ്യൂള്‍ വിഘടപ്പിച്ച് അന്തരീക്ഷത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. സര്‍വീസ് മോഡ്യൂളും ഒപ്പം കൂട്ടിയാല്‍ ഭൗമാന്തരീക്ഷത്തില്‍വെച്ച് ചൂടുകൂടി പേടകം മൊത്തം കത്തിപ്പോകാനുളള സാധ്യത വര്‍ദ്ധിക്കുമെന്നതും പരിഗണിക്കപ്പെട്ടു.

അതുകൊണ്ട് തന്നെയാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ത്രിതലപേടകം ഉപയോഗിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, അപ്പോളോ-13 ഒഴിച്ചു നിറുത്തിയാല്‍ ഒരിക്കല്‍പോലും ഈ രീതി പരാജയപ്പെട്ടിട്ടില്ല. അപ്പോളോ-13 ലും പരാജയപ്പെട്ടത് ഓക്‌സിജന്‍ സിലണ്ടറിന്റെ പൊട്ടിത്തെറി മൂലമാണെന്നും ഓര്‍ക്കണം. അപ്പോളോ-1 രൂപകല്‍പ്പനചെയ്ത സമയത്ത് ഏകപേടക സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷെ അപ്പോളോ-1 ന്റെ ദുരന്തം അത് സംബന്ധിച്ച സാങ്കേതിക ന്യൂനതകളിലേക്ക് കൂടുതല്‍ വെളിച്ചം വീശി. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ (review board's recommendations)വെളിച്ചത്തില്‍ അത്തരം ന്യൂനതകള്‍ കൂടി പരിഹരിച്ചുകൊണ്ടാണ് ത്രിതല മാതൃക സ്വീകരിക്കാന്‍ നാസ അവസാനം നിര്‍ബന്ധിതമായത്. **

Saturday, May 26, 2012

ന്യൂട്ടന്‍റെ കണക്ക് ഇന്ത്യക്കാരന്‍ പരിഹരിച്ചു


350 വര്‍ഷമായി ലോകത്തിലെ ഗണിത ശാസ്ത്രജ്ഞരെ കുഴക്കിയ കണക്കിന്‍റെ ഉത്തരം 16 വയസുകാരനായ ഇന്ത്യക്കാരന്‍ കണ്ടെത്തി. സര്‍ ഐസക് ന്യൂട്ടണ്‍ മുന്നോട്ടു വച്ച ഫ­മെന്‍റര്‍ പ്രാക്ടിക്കല്‍ ഡൈനാമിക്സ് പ്രോബ്ലമാണ് ജര്‍മനിയിലേക്ക് കുടിയേറിയ ശൗര്യ റോയി എന്ന ജീനിയസ് ഇപ്പോള്‍ പരിഹരിച്ചത്. ഡ്രെസ്ഡനിലെ സ്കൂളിലാണു ശൗര്യ പഠിക്കുന്നത്. സ്കൂളില്‍ നിന്നു ഡ്രെസ്ഡണ്‍ യൂനിവേഴ്സിറ്റിയിലേക്കു നടത്തിയ യാത്രയിലാണു പരിഹരിച്ചിട്ടില്ലാത്ത കണക്കിനെക്കുറിച്ച് ശൗര്യ അറിയുന്നത്.

അവിടുത്തെ പ്രൊഫസര്‍മാര്‍ ഇത് പരിഹരിക്കാനാകാത്ത പ്രശ്നമാണെന്നു ശൗര്യയെ അറിയിച്ചു. തുടര്‍ന്നാണ് ഈ കണക്കിന്‍റെ ഉത്തരം കണ്ടെത്താന്‍ ശൗര്യ ശ്രമമാരംഭിച്ചത്. ഗണിതശാസ്ത്രത്തിന്‍റെ സൗന്ദര്യത്തില്‍ വളരെ ചെറുപ്പത്തിലേ താന്‍ ആകൃഷ്ടനായിരുന്നുവെന്നും എഞ്ചിനിയറായ അച്ഛനില്‍ നിന്നാണു താന്‍ പ്രചോദനം ഉള്‍ക്കൊണ്ടതെന്നും ശൗര്യ പറഞ്ഞു. 

കല്‍ക്കട്ടയില്‍ നിന്ന് കുടിയേറിപ്പാര്‍ക്കുകയായിരുന്നു ശൗര്യ. നാലു വര്‍ഷം മുന്‍പു ജര്‍മനിയിലെത്തിയപ്പോള്‍ ഭാഷ പ്രശ്നമായിരുന്നുവത്രേ. പക്ഷേ ഇപ്പോള്‍ നല്ല ഒഴുക്കോടെ ജര്‍മന്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നും ശൗര്യ

Wednesday, May 23, 2012

ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം



 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ആദ്യത്തെ സ്വകാര്യവാഹനം ചൊവ്വാഴ്ച യാത്രതിരിച്ചു. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ 'ഫാല്‍ക്കണ്‍ 9' റോക്കറ്റാണ് ആളില്ലാവാഹനമായ 'ഡ്രാഗണു'മായി ഫ്ലോറിഡയിലെ കേപ് കാനവറലില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.44ന് കുതിച്ചുയര്‍ന്നത്. പേടകം വ്യാഴാഴ്ച ബഹിരാകാശനിലയത്തിലെത്തും.

മണിയുടെ ആകൃതിയിലുള്ള 'ഡ്രാഗണി'ന് 18 അടി ഉയരവും 12 അടി വീതിയുമുണ്ട്. ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും വിവിധ ഉപകരണങ്ങളുമടക്കം 500 കിലോഗ്രാം സാധനങ്ങളുമായാണ് യാത്ര. ഈ മാസം അവസാനത്തോടെ 'ഡ്രാഗണ്‍' മടങ്ങും.

ഈ വിക്ഷേപണത്തോടെ, സ്വന്തംവാഹനം ബഹിരാകാശത്തേക്കയയ്ക്കുന്ന ആദ്യ സ്വകാര്യകമ്പനിയായി സ്‌പെയ്‌സ് എക്‌സ്. എലണ്‍ മസ്‌ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി. ഇന്‍റര്‍നെറ്റിലൂടെ പണംകൈമാറ്റം സാധ്യമാക്കുന്ന പേപാലിന്റെ സഹസ്ഥാപകന്‍ കൂടിയാണ് മസ്‌ക്.

സ്‌പേസ് എക്‌സ്, അസോസിയേറ്റഡ് പ്രസ് (എ.പി) ചിത്രങ്ങള്‍ ...

















 

Tuesday, May 22, 2012

ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞത്

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്[ക] ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 - ഏപ്രില്‍ 19, 1882). ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണവാദം,[1] ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാര്‍വിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. [2]

പ്രകൃതിചരിത്രത്തില്‍ ഡാര്‍വിന് താത്പര്യം ജനിച്ചത് എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജില്‍ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിള്‍ എന്ന കപ്പലിലെ അഞ്ചുവര്‍ഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാര്‍വിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകള്‍ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വര്‍ത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാള്‍സ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാര്‍വിന്റെ കണ്ടുപിടിത്തങ്ങള്‍. ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാര്‍വിനെ ഒരെഴുത്തുകാരനെന്ന നിലയില്‍ ജനസമ്മതനാക്കി. ദീര്‍ഘമായ ഈ യാത്രയില്‍ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണര്‍ത്തിയ കൗതുകം, ജീവജാലങ്ങളുടെ വര്‍ഗപരിവര്‍ത്തനത്തെക്കുറിച്ചന്വേഷിക്കാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിര്‍ദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങള്‍ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ, വിശദമായ ഗവേഷണത്തിന് കൂടുതല്‍ സമയം വേണ്ടിയിരുന്നതിനാലും ഭൗമശാസ്ത്ര പഠനങ്ങള്‍ക്ക് കല്പിച്ച മുന്‍ഗണന മൂലവും, പ്രകൃതിനിര്‍ദ്ധാരണസംബന്ധിയായ ഡാര്‍വിന്റെ സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം വൈകി. എന്നാല്‍ 1858-ല്‍ ഡാര്‍വിന്‍ തന്റെ സിദ്ധാന്തം എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ആല്‍ഫ്രഡ് റസ്സല്‍ വാലേസ്, അതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹത്തിന് അയച്ചുകൊടുത്തത്, ഉടന്‍ രണ്ടു സിദ്ധാന്തങ്ങളുടെയും ഒരുമിച്ചുള്ള പ്രസിദ്ധീകരണത്തിന് കാരണമായി. [3]

1859-ല്‍, ഡാര്‍വിന്റെ ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തില്‍ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിര്‍ദ്ധാരണവും എന്ന കൃതിയില്‍ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങള്‍ എന്ന കൃതിയാണ് തുടര്‍ന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാര്‍വിന്‍ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാര്‍വിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തില്‍ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ ഔദ്യോഗികശവസംസ്കാരം നല്‍കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്‍വിന്‍ എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്.[4] വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ജോണ്‍ ഹെര്‍ഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്കരിച്ചത്.[5]

പ്രപഞ്ചസൃഷ്ടിക്ക് ദൈവത്തിന്റെ ആവശ്യമില്ലെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്


പ്രശസ്ത ഭൗതികശാസ്ത്ര സൈദ്ധാന്തികനായ സ്റ്റീഫന്‍ ഹോക്കിംഗ് പ്രപഞ്ചസൃഷ്ടിയിലെ ദൈവസാന്നിദ്ധ്യത്തെ പൂര്‍ണമായി തള്ളിക്കളയുന്നു. പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ ദൈവം ഒരാവശ്യമേ ആയിരുന്നില്ലെന്ന്, ഈമാസം പുറത്തിറങ്ങുന്ന തന്റെ പുതിയ സൈദ്ധാന്തികഗ്രന്ഥമായ ദ ഗ്രാന്‍ഡ് ഡിസൈനിലാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ശൂന്യതയില്‍നിന്ന് എന്തെങ്കിലും വസ്തു സൃഷ്ടിക്കാന്‍ ഏതെങ്കിലും ദിവ്യസാന്നിദ്ധ്യം ആവശ്യമാണെന്ന ചിന്താഗതി മതത്തിന്റേതു മാത്രമാണെന്നും ഭൗതികശാസ്ത്രത്തിന്റെ നിയമാവലി അനുസരിച്ച് അത്തരം സ്വയംസൃഷ്ടി അസാദ്ധ്യമല്ലെന്നുമാണ് ഹോക്കിംഗിന്റെ വാദം. ലിയോനാദ് മ്ലോദിനോവ് എന്ന അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനുമായി സഹകരിച്ചാണ് ഹോക്കിന്‍സ് പുതിയ പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ പ്രധാനഭാഗങ്ങള്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതോ ദിവ്യപ്രചോദനത്താലാണ് പ്രപഞ്ചം സത്തയായതെന്നാണ് മതവിശ്വാസം. എന്നാല്‍ മതങ്ങള്‍ സാര്‍വകാലികമായ ആധികാരികതയില്‍ വിശ്വസിക്കുന്ന യുക്തിരഹിതപ്രമാണങ്ങള്‍ മാത്രമാണ്. ശാസ്ത്രംഅങ്ങനെയല്ല. അതു നിരന്തരം നിരീക്ഷിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. യുക്തിയാണതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ മതങ്ങള്‍ പറയുന്നതിനേക്കാള്‍ ശാസ്ത്രം പറയുന്നതാണ് കൂടുതല്‍ ശാശ്വതസ്വഭാവമുള്ള സത്യം; പുസ്തകത്തില്‍ ഹോക്കിംഗ്സ് വാദിക്കുന്നു.
ഈയടുത്ത കാലത്താണ് പ്രപഞ്ചോല്പത്തിയില്‍ ദൈവത്തിന്റെ പങ്കിനെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഹോക്കിംഗ്സ് തല്പരനായത്. നിശ്ശൂന്യത എന്നത് എന്തെങ്കിലും ഉള്ള അവസ്ഥയേക്കാള്‍ കുറഞ്ഞതാകുന്നതെങ്ങനെ എന്ന ചോദ്യമാണ് തന്നെ ഈ നിഗമനത്തിലേക്കു നയിച്ചതെന്നു് അദ്ദേഹം തന്നെ പറയുന്നു. ദൈവം ശൂന്യതയില്‍നിന്ന് പ്രപഞ്ചത്തെ സൃഷ്ടിക്കുകയായിരുന്നു എന്നാണ് മതവീക്ഷണം. പ്രകൃതിനിയമങ്ങളുടെ ആകെത്തുകയെന്ന അര്‍ത്ഥത്തിലല്ല മിക്ക മനുഷ്യരും ദൈവത്തെ മനസ്സിലാക്കിയിരിക്കുന്നത്. ദൈവമെന്നാല്‍ തങ്ങളുമായി എന്തോ ഇടപാടുള്ള ഒരു സമാനസംഗതിയായാണ് നമുക്കിടയില്‍ പ്രചാരം നേടിയിട്ടുള്ളത്. ഈ ദൈവം പ്രപഞ്ചം സൃഷ്ടിച്ചെന്നാണ് മതം പറയുന്നത്, ഹോക്കിംഗ്സ് പരിഹാസപൂര്‍വം പറയുന്നു.
ഹോക്കിംഗ്സിന്റെ ഈ പുതുവാദം ജീവശാസ്ത്രത്തിലെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തോടു തുല്യമായ ഭൗതികശാസ്ത്രനിരീക്ഷണമായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഓരോരോ പക്ഷിമൃഗാദികളെയായി ദൈവം സൃഷ്ടിക്കുകയായിരുന്നെന്ന മതാത്മകവീക്ഷണത്തോടു യോജിക്കാത്ത പരിണാമസിദ്ധാന്തം അവതരിപ്പിച്ച ഡാര്‍വിനോട് മതാധികാരികള്‍ ഇന്നും കലഹത്തിലാണ്. ജീവിവര്‍ഗം പരിണാമദശകളിലൂടെയാണ് വികാസവും വൈവിദ്ധ്യവും നേടിയതെന്നും അങ്ങനെതന്നെയാണ് ചില ജീവിവര്‍ഗത്തിന്റെയെങ്കിലും നാശമുണ്ടായതെന്നുമാണ് ഡാര്‍വിന്‍ വാദിച്ചത്. പരമാണുവില്‍നിന്ന് ജലജീവികളുണ്ടായിവരുന്ന ആദ്യഘട്ടത്തെ പ്രതിപാദിക്കുന്ന ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ജീവിവര്‍ഗങ്ങളുടെ ഉല്പത്തികാര്യത്തില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം പാടേ നിഷേധിക്കുകയായിരുന്നു, തത്ത്വത്തില്‍ ചെയ്തത്. 
ഇതേപോലെതന്നെ, പ്രപഞ്ചോല്പത്തിയുടെ കാര്യത്തില്‍ ദൈവത്തിന്റെ ആവശ്യം പാടേ നിഷേധിക്കുന്ന ഭൗതികശാസ്ത്രനിയമങ്ങളാണ് നമുക്കുള്ളതെന്നാണ് ഹോക്കിംഗ്സ് തന്റെ പുതിയ പുസ്തകത്തില്‍ തെളിവുസഹിതം സമര്‍ത്ഥിക്കുന്നത്. പുസ്തകത്തിലെ തെളിവുകളുടെ പൂര്‍ണരൂപം അറിയണമെങ്കില്‍ പുസ്തകം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ദൈവികകരം എന്ന യുക്തിരഹിതവിശ്വാസത്തിനേക്കാളെറെ, യുക്തിഭദ്രമായ മഹാവിസ്ഫോടനസിദ്ധാന്തം അവഗണിക്കാനാവാത്തമട്ടില്‍ ഭൗതികശാസ്ത്രചിന്തയില്‍ നിറഞ്ഞുനില്ക്കുന്നെന്ന് ഹോക്കിംഗ്സ് എഴുതുന്നു. ഭൂഗുരുത്വാകര്‍ഷണനിയമം പോലൊന്ന് ഭൗതികശാസ്ത്രത്തില്‍ നിലനില്ക്കുന്നതിനാല്‍ത്തന്നെ ശൂന്യതയില്‍നിന്ന് വസ്തുക്കള്‍ ഉണ്ടായിവരിക എന്നത് അസാദ്ധ്യമായ ഒരു കാര്യമേയല്ല. പ്രപഞ്ചം സ്വയംസൃഷ്ടമാണെന്നതിന് അതിനാല്‍ത്തന്നെ മറ്റൊരു തെളിവും ആവശ്യമല്ല. നൈസര്‍ഗികമായ സൃഷ്ടിയാണ് ഇവിടെ നടന്നതെന്നത് വ്യക്തമാണ്. പ്രപഞ്ചവും ജീവനും നിലനില്ക്കുന്നതിനും കാരണം മറ്റൊന്നല്ലെന്ന് എടുത്തുപറയുന്ന ഹോക്കിംഗ്സ്, ജീവന്റെയും പ്രപഞ്ചത്തിന്റെയും ഉല്പത്തിക്കെന്നപോലെ നിലനില്പിന്റെ കാര്യത്തിലും ദൈവത്തിനു പങ്കൊന്നുമില്ലെന്ന അന്തിമനിലപാടാണു കൈക്കൊള്ളുന്നത്.
ഹോക്കിംഗ്സിന്റെ ഈ പുതുസിദ്ധാന്തം വലിയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെയ്ക്കുമെന്നുറപ്പാണ്. ദൈവികകരമെന്ന ആധികാരികതയില്‍നിന്നു മാറിയാല്‍ നിലനില്പുതന്നെ അപകടത്തിലാകുന്ന മതവീക്ഷണങ്ങള്‍ക്ക് ഈ ചിന്താഗതിയെ ഒരുതരത്തിലും വിഴുങ്ങാനാവില്ലെന്നുറപ്പുള്ളനിലയ്ക്ക്, അത്തരം ഇടങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളാവും ഇനി ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്നത്. ഗലീലിയോ മുതല്‍ചാള്‍സ് ഡാര്‍വിന്‍ വരെയുള്ളവരെ നേരിട്ട മതലോകം, വിശേഷിച്ച്, ക്രിസ്തീയമതം, എങ്ങനെയാണ് സ്റ്റീഫന്‍ ഹോക്കിംഗ്സിനെ നേരിടുകയെന്നത് കൗതുകമുണര്‍ത്തിക്കഴിഞ്ഞു.
പലപ്പോഴും സ്വന്തം മുന്‍നിഗമനങ്ങളെ തിരുത്തിയിട്ടുള്ള ആളാണ് ഹോക്കിംഗ്സ്. കാലത്തിന്റെ ചരിത്രത്തെയും പ്രകാശത്തെയും കുറിച്ചുള്ള ഹോക്കിംഗ്സ് നിരീക്ഷണങ്ങള്‍ ശാസ്ത്രലോകത്ത് സര്‍വസമ്മതി നേടിയതായും പറയാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യവും നിലവിലിരിക്കെ, ഹോക്കിംഗ്സിന്റെ പുതുനിരീക്ഷണത്തോട് ശാസ്ത്രലോകം പ്രതികരിക്കുന്നതെങ്ങനെയാകും എന്നതും വരുംദിനങ്ങളിലെ ചര്‍ച്ചകള്‍ക്ക് ചൂടുപകരും.

വേദനകലര്‍ന്ന ആദ്യാനുഭവം, ചില പ്രാചീന ജലകേളികള്‍


താന്‍ ആരാണ് എന്ന ചോദ്യം കഴിഞ്ഞാല്‍ ഒരുപക്ഷേ മനുഷ്യനെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള ചോദ്യമായിരിക്കണം രതിയുടെ ഉള്ളുകള്ളികളെക്കുറിച്ചുള്ളത്. എവിടെ മുതലാണ് ജന്തുലോകത്ത് രതിവേഴ്ച ആരംഭിച്ചത് ? ആദ്യമായി ലൈംഗികവേഴ്ചയിലൂടെ പെണ്ണിന്റെ ശരീരത്തിനുള്ളില്‍ ഭ്രൂണമുണ്ടാവുകയും അതിനെ പ്രസവിക്കുകയും ചെയ്തത് ഏത് വര്‍ഗ്ഗത്തിലെ ജന്തുക്കളാവാം ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ശാസ്ത്രത്തിന്റെ ഉത്തരമാണ് പുരാജീവിവിജ്ഞാനീയത്തിലൂടെ (പേലിയന്റോളജി) നമുക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
40 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലിനടിയിലായിരുന്ന ഒരു ഭൂവിഭാഗമാണ് വടക്ക് പടിഞ്ഞാറന്‍ ഓസ്റ്റ്രേലിയയിലെ ഗോഗോ എന്നുപേരുള്ള ശിലാഭിത്തി. ഇന്നതൊരു സമതല മരുഭൂമിയാണ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മുന്‍പ് ചത്ത ജലജീവികള്‍ സാഗരത്തിന്റെ അടിത്തട്ടില്‍ വീഴുകയും അവയ്ക്കു ചുറ്റുമുള്ള മണ്ണാല്‍ മൂടപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ചുണ്ണാമ്പുകല്ലുകളുടെ "പേടകങ്ങള്‍ക്കു"ള്ളില്‍ അടക്കപ്പെട്ടിരുന്ന അക്ഷരാര്‍ത്ഥത്തില്‍ ശിലകളായി മാറിയ 'മൃതദേഹങ്ങള്‍' ആണ് പുരാജീവിശാസ്ത്രജ്ഞര്‍ ശേഖരിച്ച്, ചുരണ്ടിയും മാന്തിയും വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് പുനഃസൃഷ്ടിക്കുന്ന ഫോസിലുകള്‍. ഒരര്‍ത്ഥത്തില്‍ ഫോസിലുകളെ കാലം തീര്‍ത്തുവയ്ക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്നുവിളിക്കാം; പുരാതന ജീവിലോകത്തിന്റെ പല അവസ്ഥാന്തരങ്ങളെയാണ് അവയോരോന്നും ചെപ്പിലെന്ന പോലെ ഒളിപ്പിച്ചിരിക്കുന്നത്.
ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് കടലിനടിയിലായിരുന്നതും ഇന്ന് ഭൂപ്രതലത്തില്‍ കാണാവുന്നതുമായ ഭൂവിഭാഗങ്ങളൊക്കെ ഫോസിലുകളുടെ കാര്യത്തില്‍ സമ്പന്നമാണ് പൊതുവേ. രണ്ട് കാരണങ്ങളുണ്ട് അതിന്: ഒന്ന്, സാഗരത്തിന്റെ ആഴങ്ങളില്‍ ഓക്സിജന്‍ കുറവാണ്, മൃതശരീരം വേഗം അഴുകിപ്പോകുന്നില്ല; രണ്ട്, സാഗരത്തിന്റെ അടിത്തട്ടുകളില്‍ പെട്ടുപോകുന്ന ശവശരീരം ചുണ്ണാമ്പുകല്ലുകളാല്‍ പൊതിയപ്പെട്ട് സംരക്ഷിതമായിരിക്കും - പലപ്പോഴും ഞെരുങ്ങിപ്പരന്ന് പോകാത്ത, ത്രിമാനരൂപത്തില്‍ത്തന്നെ ശിലാരൂപ ശരീരങ്ങള്‍ ലഭിക്കും.
ഗോഗോ ശിലാഭിത്തിപ്രദേശം ഇക്കാര്യത്തില്‍ ഒരു പുരാജീവിശാസ്ത്രജ്ഞന്റെ ഏദന്‍ തോട്ടമാണ് ! 1979ല്‍ സര്‍ ഡേവിഡ് ആറ്റന്‍ബറോ ആണ് Life on Earth എന്ന വിഡിയോ സീരീസിലൂടെ പുരാജീവിശാസ്ത്രലോകത്തിനു ഗോഗോ സമതലത്തിന്റെ പ്രാധാന്യം പ്രസിദ്ധമാക്കിയത്. ഇവിടെ, വലിയ വെള്ളാരങ്കല്ലുകളുടെ ആകൃതിയുള്ള, നോഡ്യൂളുകള്‍ എന്ന് പുരാജീവിശാസ്ത്രക്കാര്‍ വിളിക്കുന്ന, ശിലകള്‍ക്കുള്ളില്‍ നിന്ന് നിങ്ങള്‍ക്ക് 35 - 40 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള മത്സ്യശരീരങ്ങള്‍ കിട്ടാം. ഈ ഉരുളന്‍ ചുണ്ണാമ്പുകല്ലുകളെ പൊടിക്കാതെ തന്നെ അവയില്‍ "കുടുങ്ങിക്കിടക്കുന്ന" ഫോസിലുകളെ വേര്‍തിരിക്കാന്‍ ഒരു ലളിത വിദ്യയുണ്ട് -- വളരെ നേര്‍ത്ത അസീറ്റിക് ആസിഡില്‍ ചുണ്ണാമ്പിനെ ലയിപ്പിക്കുക. നേര്‍പ്പിച്ച അസീറ്റിക് ആസിഡ് എന്ന് പറയുമ്പോള്‍ ഏതാണ്ട് നമ്മുടെ വിനാഗിരി പോലെ ഒരു ലായനിയാണത്!
ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള വിക്റ്റോറിയ മ്യൂസിയത്തിലെ പ്രഫസര്‍ ജോണ്‍ ലോംഗിന്റെ ഗവേഷണസംഘത്തിനു അങ്ങനെ ലഭിച്ച ഒരു അമൂല്യനിധിയില്‍ നിന്നാണ് രതിയുടെ ജീവശാസ്ത്ര സമസ്യകള്‍ക്കുള്ള ചില ഉത്തരങ്ങള്‍ കിട്ടുമാറായത്.
ഒരു അമ്മ മത്സ്യത്തിന്റെ ഈറ്റു നോവ്
ഗോഗോ ശിലാഭിത്തി ഭൂമിയില്‍ പ്രഫ: ജോണ്‍ ലോംഗിന്റെ നേതൃത്വത്തില്‍ നടന്ന ഫോസില്‍ പര്യവേക്ഷണത്തിനിടെ 2005ല്‍ ടീമംഗം ലിന്‍സേ ഹാച്ചര്‍ 38 കോടിവര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മത്സ്യത്തിന്റെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കിയ ജോണ്‍ ലോംഗും കൂട്ടരും ഇത് അത്യപൂര്‍വ്വമായൊരു പ്രതിഭാസത്തിന്റെ നിശ്ചലദൃശ്യമാണ് എന്ന് തിരിച്ചറിഞ്ഞു. പ്ലേക്കോഡെര്‍മുകളെന്നറിയപ്പെടുന്ന, 30 കോടിയോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂര്‍ണമായും വംശനാശം സംഭവിച്ചത് എന്ന് കരുതപ്പെടുന്ന, മത്സ്യവര്‍ഗ്ഗത്തിലെ ഒരു അമ്മ മത്സ്യമായിരുന്നു അവര്‍ ചികഞ്ഞുപോയ ചുണ്ണാമ്പുകല്ലിനുള്ളില്‍. അമ്മ മത്സ്യത്തിനുള്ളില്‍ ഒരു കുഞ്ഞ് മത്സ്യഭ്രൂണവും ! മീന്‍കുട്ടിയാകട്ടെ അമ്മയുടെ ശരീരത്തോട് ഒട്ടിയിരിക്കുന്നത് ഒരു 'പൊക്കിള്‍ക്കൊടി' വഴിയാണ്!
പ്രൊഫ. ജോണ്‍ ലോംഗ്
വളരെക്കാലമായി ഈ വര്‍ഗത്തിലെ മത്സ്യങ്ങള്‍ കുഞ്ഞുങ്ങളെ ഉള്ളില്പേറുകയും പ്രസവിച്ചുവളര്‍ത്തുകയും ചെയ്യുന്നവയാണെന്ന് ശാസ്ത്രലോകം സംശയിച്ചിരുന്നു, എന്നാല്‍ ഇതുപോലെ കാലം എടുത്ത ഫോട്ടോ കണക്കെ ഒരു പ്രത്യക്ഷ തെളിവ് ഇതാദ്യമായിരുന്നു. 2008ല്‍ ഈ കണ്ടെത്തല്‍ നേച്ചര്‍ വാരികയില്‍ പ്രഫ: ജോണ്‍ ലോംഗിന്റെയും പശ്ചിമ ഒസ്റ്റ്രേലിയ സര്‍വ്വകലാശാലയിലെ ഡോ: കേറ്റ് ട്രിനാജെസ്റ്റിക്കിന്റെയും പേരില്‍ പ്രബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ടു. അമ്മ മീനിനു ആ പേരിന്റെ അര്‍ഥം തന്നെ വരുന്ന “മേറ്റര്‍പീസീസ്” (മേറ്റര്‍ = മാതൃ = അമ്മ; പീസീസ് = മത്സ്യം) എന്ന് പേരുമിട്ടു. ഗോഗോ സമതലത്തിന്റെ പ്രാധാന്യം പ്രസിദ്ധമാക്കിയ ഡേവിഡ് ആറ്റണ്‍‌ബറോയെ ആദരിക്കുന്നതിനായി “ആറ്റന്‍ബറോയി” എന്ന് സ്പീഷീസ് നാമവും നിശ്ചയിച്ചു. മേറ്റര്‍പീസീസ് ആറ്റന്‍ബറോയി (Materpiscis attenboroughi) - ലോകത്തിലിന്നോളം അറിയപ്പെടുന്ന ഏറ്റവും പഴയ ഗര്‍ഭിണി അമ്മ !
പ്രാചീനമത്സ്യങ്ങളില്‍ ഗവേഷണം നടത്തുന്ന പല ശാസ്ത്രജ്ഞരേയും ഈ കണ്ടെത്തല്‍ ഉദ്വേഗഭരിതരാക്കി. ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ മത്സ്യ ഫോസില്‍ ക്യുറേറ്ററായ ഡോ: സെറീന ജോഹാന്‍സണും ഇങ്ങനെ ത്രില്ലടിച്ചവരില്‍ പെടുന്നു. പ്രഫ: ലോംഗിന്റെ സംഘം ഫോസില്‍ ശേഖരിച്ച ഗോഗോ പ്രദേശത്തുനിന്നുതന്നെയുള്ള മറ്റുചില ഫോസിലുകള്‍ ലണ്ടന്‍ മ്യൂസിയത്തിലുണ്ട്. ഇതില്‍ വളരെ പ്രത്യേകതയുള്ള ഒരെണ്ണം, 1986ല്‍ കിട്ടിയ ഇന്‍സൈസോസ്ക്യൂട്ടം റിച്ചിയൈ (Incisoscutum ritchei) എന്ന് പേരിട്ടിരിക്കുന്ന സ്പീഷിസിലെ ഒരു മീനാണ്. ആ മീനിന്റെ വയറ്റിലായി ഒരു കുഞ്ഞുമീന്റെ അവശിഷ്ടമുണ്ട്. ഇത്രകാലവും പുരാജീവിശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് വലിയമീന്‍ വിഴുങ്ങിയ മറ്റൊരു ചെറിയ മീന്‍ മാത്രമാണതെന്നായിരുന്നു. ഓസ്റ്റ്രേലിയന്‍ സംഘം "അമ്മമത്സ്യ"ത്തിന്റെ ഗര്‍ഭരഹസ്യം വെളിവാക്കിയതോടെ ഇന്‍സൈസോസ്ക്യൂട്ടം റിച്ചിയൈയുടെ ശിലാഭവിച്ച ശരീരം സെറീന ജൊഹാന്‍സണ്‍ വീണ്ടും സൂക്ഷ്മഗവേഷണത്തിനായി പൊടിതട്ടിയെടുത്തു - അകത്തുകിടക്കുന്ന ചെറുമത്സ്യം, വലിയ മീന്‍ വിഴുങ്ങിയതല്ല, അതിന്റെ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞിട്ടില്ല, ഏതാണ്ടു മുഴുവനുമുണ്ട് - അതേ, അത് മറ്റൊരു ഭ്രൂണമായിരുന്നു, മെറ്റര്‍ പീസീസിലുണ്ടായിരുന്ന ഭ്രൂണത്തേക്കാള്‍ വളര്‍ച്ച നേടിയ ഭ്രൂണം !
സെറീന ജൊഹാന്‍സണ്‍
മുപ്പത്തെട്ടു കോടി വര്‍ഷം പഴക്കമുള്ള ഒരു ഗാന്ധര്‍വ്വം
പുതിയ അമ്മമത്സ്യം കൂടുതല്‍ അത്ഭുതങ്ങളിലേക്കാണു കവാടം തുറന്നത്. ഗര്‍ഭത്തില്‍ കുഞ്ഞിനെ വഹിക്കുകയും ആ കുഞ്ഞ് സാമാന്യം നല്ല വളര്‍ച്ചയെത്തിയ ശേഷം പ്രസവിക്കുകയും ചെയ്യുന്ന ശീലം ജന്തുക്കളില്‍ ആവിര്‍ഭവിച്ചത് ഉരഗങ്ങള്‍ക്കും (reptiles) സസ്തനികള്‍ക്കും (mammals) ഇടയ്ക്കുള്ള ഏതോ ഘട്ടത്തിലാണെന്നായിരുന്നു ഇതുവരെ നാം കരുതിയിരുന്നത്. അതായത് ഉരഗങ്ങളുടെ മഹായുഗമെന്നറിയപ്പെടുന്ന മീസോസോയിക് കല്പത്തിലേത് - ഏതാണ്ട് 25 കോടി കൊല്ലങ്ങള്‍ മുതല്‍ 6.5 കോടി കൊല്ലങ്ങള്‍ മുന്‍പുവരെ. അതിനു മുന്‍പ് മുട്ടയിട്ട് കുഞ്ഞിനെ ജനിപ്പിക്കലായിരുന്നു രീതി.
ഉരഗങ്ങളേക്കാള്‍ മുന്‍പേ ഭൂമിയില്‍ വന്ന മീനുകളിലാകട്ടെ ആണ്‍ മീന്‍ വെള്ളത്തിലേക്ക് ബീജം വിതറുകയാണു മുഖ്യ ബീജാധാന രീതി, പെണ്‍ മീനിന്റെ ക്ലോയേക്ക എന്ന യോനിക്കു സമാനമായ അവയവത്തിലേക്ക് ലിംഗം കയറ്റിയുള്ള രതി വളരെ അപൂര്‍വ്വമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും ആണ്‍ മീനും പെണ്‍ മീനും വെള്ളത്തിലേക്ക് ബീജവും അണ്ഡവും വിസര്‍ജ്ജിക്കുകയാണു ചെയ്യുന്നത്. അവിടെക്കിടന്നാണ് അവ പരസ്പരം സങ്കലനം നടന്ന് മുട്ടയായും മീന്‍കുഞ്ഞായും രൂപപ്പെടുന്നത്.
എന്നാല്‍ മേറ്റര്‍പീസീസും ഇന്‍സൈസോസ്ക്യൂട്ടവും പറയുന്ന കഥ മറ്റൊന്നാണ്: 40 കോടിക്കൊല്ലങ്ങള്‍ മുന്‍പേ തന്നെ ലിംഗങ്ങളുടെ സംയോഗത്തിലൂടെയുള്ള രതിയും ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന രീതിയും ഫാഷനായിരുന്നുവെന്ന് ! ഈ വര്‍ഗ്ഗത്തിലെ ആണ്‍മീനുകളുടെ പിന്‍‌തുഴകളുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ലിംഗത്തിനു സമാനമായ, സ്രാവിലും മറ്റും ക്ലാസ്പറുകള്‍ (ആലിംഗകം) എന്ന് വിളിക്കുന്ന, ഒരവയവം അധികമായി കണ്ടെത്തി. പിന്‍തുഴകള്‍ (pelvic fins) രൂപാന്തരം സംഭവിച്ചാണു ഉരഗങ്ങളിലും നാല്‍ക്കാലികളിലും മറ്റ് ഉയര്‍ന്ന ശ്രേണിയിലെ കശേരുകികളിലും കാലുകളായത് എന്ന് ഓര്‍ക്കുക. പ്ലേക്കോഡേര്‍മി അമ്മമാര്‍ ഗര്‍ഭം ഉള്ളില്‍ ധരിക്കണമെങ്കില്‍ അതിനര്‍ഥം ബീജാധാനം സ്ത്രീശരീരത്തിനുള്ളില്‍ നടന്നുവെന്നാണല്ലോ- അതിനു ലിംഗം പോലെയൊരു അവയവം സാധാരണഗതിക്ക് ആവശ്യമാണുതാനും. അതാണ് പുതിയകണ്ടുപിടിത്തങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്.
ഫോസില്‍ ആയ അമ്മമത്സ്യത്തിന്റെയുള്ളില്‍ കാണപ്പെട്ട കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍
ലൈംഗികബന്ധം പ്രാക്തനലോകത്ത്
പ്ലേക്കോഡെര്‍മുകള്‍ എന്നറിയപ്പെടുന്ന, ഇന്നത്തെ സ്രാവുകളുമായി പൂര്‍വ്വിക ബന്ധമുള്ള, വലിയൊരു കുടുംബം മീനുകളുടെ ഉപവര്‍ഗ്ഗമാണ് റ്റിക്ടോഡോണ്ടുകള്‍. ഈ റ്റിക്ടോഡോണ്ട് ഉപവര്‍ഗ്ഗത്തില്‍ത്തന്നെ ഒരു കുടുംബത്തിലാണു മേറ്റര്‍പീസീസ് എന്ന “അമ്മ”മത്സ്യം ഉള്‍പ്പെടുന്നത്. പടച്ചട്ടപോലുള്ള പരന്ന അസ്ഥികളാല്‍ തലയും നെഞ്ചും പൊതിയപ്പെട്ടിരിക്കുന്ന ശരീരമാണ് പ്ലേക്കോഡെര്‍മുകളുടേത്. നെഞ്ചിനു പുറകോട്ടുള്ള ശരീരം മൃദുവും ചെതുമ്പല്‍ നിറഞ്ഞതുമാണ്. ചെകിളപ്പൂക്കളില്‍ രണ്ടെണ്ണം കട്ടിയേറിയ താടിയെല്ലുകളായി മാറിയിട്ടുണ്ട് ഇവയില്‍. താടിയെല്ലുകളുടെ കട്ടിയും അവയില്‍ നിന്ന് ഉന്തിനില്‍ക്കുന്ന പല്ലുകളും സൂചിപ്പിക്കുന്നത് ഈ മീനുകള്‍ കാഠിന്യമേറിയ തോടുകളുള്ള കക്കപോലുള്ള കടല്‍ ജന്തുക്കളെയാവാം തിന്നിരുന്നത് എന്നാണ്.
ആണ്‍ പ്ലേക്കോഡേര്‍മുകളില്‍ പൊതുവേ “ലിംഗ”സമാനമായ ക്ലാസ്പറുകള്‍ എല്ലുള്ളവയും കട്ടിയാര്‍ന്നതുമാണ്. അത് പെണ്‍ മീനില്‍ കുത്തിത്തിരുകുമ്പോള്‍ ചില്ലറയല്ലാത്ത വേദനയുണ്ടായിരുന്നിരിക്കാം- ചുരുക്കത്തില്‍ ലൈംഗികബന്ധംഒരുതരം മല്‍‌പ്പിടിത്തമായിരുന്നിരിക്കാം ഇവരില്‍. ഈ ‘സാധനം’ വച്ച് എങ്ങനെയാവും ആണ്‍ പ്ലേക്കോഡെര്‍മുകള്‍ പെണ്‍‌മീനിനെ ലൈംഗികബന്ധത്തിനിടയ്ക്ക് കുതറിപ്പോകാതെ പിടിച്ചു നിര്‍ത്തിയിട്ടുണ്ടാവുക ? അതിനും ശാസ്ത്രം ചില ഊഹങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. പിന്‍‌തുഴകള്‍ക്ക് അടിയിലായിട്ടാണല്ലോ മീനിന്റെ “ലിംഗം” അഥവാ ക്ലാസ്പറുകള്‍. മീനുകളില്‍ ഈ പിന്‍‌തുഴകളെ ഉണ്ടാക്കാന്‍ സഹായിക്കുന്ന ജീന്‍ സംഘാതങ്ങള്‍ തന്നെ ലൈംഗികാവയവങ്ങളും താടിയെല്ലും (jaws) ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്ന് ചില ജനിതകവിശകലനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ആണ്‍സ്രാവുകള്‍ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്ന ക്ലാസ്സ്പറുകള്‍, പില്‍ക്കാലജീവികളില്‍ കാലുകളായി രൂപാന്തരപ്പെട്ട പിന്‍തുഴകള്‍ എന്നിവ
മീനുകളില്‍ ലിംഗം കയറ്റിയുള്ള രതിയില്‍ ആണും പെണ്ണും അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് കിടന്നാണ് കാര്യം സാധിക്കുന്നത് (ചിത്രം കാണുക). ഈ പടുതിയില്‍ കിടക്കുമ്പോള്‍ ആണ്‍ സ്രാവുകള്‍ പലതും വായകൊണ്ട് പെണ്‍സ്രാവുകളുടെ പിന്‍‌തുഴകളെ കടിച്ചു പിടിക്കാറുണ്ട്. താടിയെല്ലുകള്‍ ആദ്യമായി ഒരു ജന്തുവര്‍ഗ്ഗത്തില്‍ കാണപ്പെട്ടത് പ്ലേക്കോഡെര്‍മുകളിലാണ്. ഇതെല്ലാം കൂടി കൂട്ടിവായിക്കുന്ന പ്രഫസര്‍ ജോണ്‍ ലോംഗിന്റെ സിദ്ധാന്തം ഇങ്ങനെയാണ് : താടിയെല്ലുകളും, ആദിമ ലിംഗങ്ങളും ഒക്കെ ഒരേ ഉപയോഗവുമായി ബന്ധപ്പെട്ടാവണം പരിണമിച്ചുണ്ടായത്, ചുരുങ്ങിയ പക്ഷം പ്ലേക്കോഡെര്‍മുകളിലെങ്കിലും. ഭക്ഷണത്തെ കടിച്ചുപൊട്ടിക്കാനും ചവച്ചരയ്ക്കാനുമാണ് താടിയെല്ലുകള്‍ ആവിര്‍ഭവിച്ചത് എന്നാണു സാമാന്യബുദ്ധി കൊണ്ട് നാം ഊഹിക്കുന്നതെങ്കിലും ഒരുപക്ഷേ പ്ലേക്കോഡെര്‍മി മീനുകളുടെ ‘ഗാന്ധര്‍വ്വ’ങ്ങള്‍ക്കാണ് അവ ഉപകരിച്ചിരുന്നതെങ്കിലോ ? പ്രഫസര്‍ ജോണ്‍ ലോംഗ് ചോദിക്കുന്നു.
ലൈംഗികവേഴ്ചയിലേര്‍പ്പെട്ട പ്ലാക്കോഡെര്‍മി മത്സ്യങ്ങള്‍ മുകളില്‍ ആണും താഴെ മലര്‍ന്ന് പെണ്ണും
ഇതു പറയുമ്പോഴും ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. പ്ലേക്കോഡെര്‍മുകളില്‍ ആവണമെന്നില്ല ആദ്യമായി ലൈംഗികബന്ധവും ഗര്‍ഭധാരണവും പ്രസവവും ആവിര്‍ഭവിച്ചത്. പ്ലേക്കോഡേര്‍മുകളില്‍ നിന്ന് പില്‍ക്കാലത്ത് ശാഖകളായി പിരിഞ്ഞ മത്സ്യങ്ങളില്‍ നിന്നാവണമെന്നുമില്ല പിന്നീടുണ്ടായ നാല്‍ക്കാലി/ഇരുകാലി ജന്തുക്കളിലേക്ക് ഈ പ്രജനനരീതി പകര്‍ന്നു കിട്ടിയതും. പല ആവര്‍ത്തി ഈ രീതിയിലുള്ള രതിയും പ്രസവവും മീനുകളില്‍ത്തന്നെ ആവിര്‍ഭവിച്ചിട്ടുണ്ടാവാം. ഇങ്ങനെ പരസ്പരം നേരിട്ട് ബന്ധമില്ലാത്ത ജന്തുവര്‍ഗ്ഗങ്ങള്‍ ഒരേപൊലുള്ളതോ സമാനമായതോ ആയ ശരീര ഡിസൈനിലേക്കും ശരീരപ്രക്രിയയിലേക്കും എത്തിപ്പെടുന്നതിനെ അഭിസരണ പരിണാമം (convergent evolution) എന്നാണു പറയുന്നത്. ഷഡ്പദങ്ങളിലും പക്ഷികളിലും വവ്വാലുകളിലും പറക്കാന്‍ ചിറക് പരിണമിച്ചുണ്ടായത് ‘അഭിസരണ’ത്തിന്റെ ഉദാഹരണമാണ്.
ഒക്ടോബര്‍ 10-13 തീയതികളില്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ നടന്ന Society of Vertebrate Paleontologyയുടെ 70-ആം വാര്‍ഷികത്തിലാണ് പ്രഫസര്‍ ജോണ്‍ ലോംഗ് തന്റെ കണ്ടെത്തലുകളവതരിപ്പിച്ചത്.

അച്ഛന്‍ ഹോമോസാപ്പിയന്‍, അമ്മ നിയാണ്ടര്‍താല്‍?


    ആഫ്രിക്കന്‍ വംശജരൊഴിച്ചുള്ള ആധുനിക മനുഷ്യരെല്ലാം മണ്മറഞ്ഞുപോയ നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെകൂടി പിന്മുറക്കാരാണെന്ന രസകരമായ കണ്ടെത്തലുമായാണ്‌ 'മോളിക്യുലാര്‍ ബയോളജി ആന്റ് ഇവൊലൂഷന്‍' എന്ന ജേര്‍ണലിന്റെ ജൂലായ് മാസലക്കം പുറത്തു വന്നിരിക്കുന്നത്. ഹോമോ സാപ്പിയെന്‍സ് എന്ന ആധുനികമനുഷ്യരും ഹോമോ നിയാണ്ട്രതാലെന്‍സിസ് എന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യരും തമ്മില്‍ വര്‍ണസങ്കരമുണ്ടായിട്ടില്ലെന്ന ഏറെനാള്‍ നീണ്ട തര്‍ക്കത്തിനും ഇതോടെ വിരാമമാകുകയാണ്‌. ഇവര്‍ തമ്മില്‍ ജനിതകസങ്കരമുണ്ടായിട്ടുണ്ടെന്ന് മാത്രമല്ല നിയാണ്ടര്‍താലുകള്‍ ഒരു വംശമെന്ന നിലയില്‍ ഒരുപക്ഷേ ആധുനിക മനുഷ്യനിലേക്ക് ലയിച്ചുചേര്‍ന്നിരിക്കാം എന്ന സംശയവും ബലപ്പെടുത്തുകയാണ്‌ പുതുപഠനം.
    ഡേമിയന്‍ ലാബുഡയുടെ നേതൃത്വത്തില്‍ മോണ്ട്രിയല്‍ സര്‍വകലാശാലയിലെ പീഡിയാട്രിക്സ് വിഭാഗത്തിലെയും സെയ്ന്റ് ജസ്റ്റിന്‍ റിസര്‍ച്ച് സെന്ററിലെയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. ആഫ്രിക്കന്‍ വംശജരൊഴിച്ചുള്ള ആധുനിക മനുഷ്യവംശങ്ങളിലെല്ലാം എക്സ് ക്രോമസോമിലെ ചില ഭാഗങ്ങള്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യരില്‍ നിന്നു വരുന്നവയാണെന്ന് പുതിയ പഠനം സ്ഥിരീകരിക്കുന്നു. ആധുനികമനുഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നു പുറത്തുകടന്ന് ലോകമാകെ വ്യാപിക്കുന്നതിനിടെ മധ്യേഷ്യയില്‍ വെച്ചാകാം ഈ ജനിതകസങ്കലനം നടന്നിരിക്കുക എന്നാണു ഗവേഷണസംഘത്തിന്റെ അനുമാനം.
    ഏതാണ്ട് 400,000 മുതല്‍ 800,000 വരെ വര്‍ഷം മുന്‍പാണ് നിയാണ്ടര്‍ത്താലുകളുടെ പൂര്‍വികര്‍ ആഫ്രിക്ക വിടുന്നത്. ഫോസില്‍ പഠനങ്ങള്‍ കാണിക്കുന്നത്, ഇന്നത്തെ ഫ്രാന്‍സും ജര്‍മ്മനിയും സ്പെയിനും റഷ്യയും അടങ്ങുന്ന ഭൂവിഭാഗത്തിലാണ്‌ നിയാണ്ടര്‍ത്താലുകളുടെ  പരിണാമവും വംശവ്യാപനവും നടന്നതെന്നാണ്‌.
    നിലവിലെ കണ്ടെത്തലുകളനുസരിച്ച് നിയാണ്ടര്‍താലുകള്‍ക്ക് ഭാഷയുടെ ജീനുകളും, സംഗീതാദി കലകളിലും ഉപകരണനിര്‍മ്മാണത്തിലും നൈപുണ്യവുമുണ്ടായിരുന്നു. സ്വാഭാവികമായും ഇതൊക്കെ നിയാണ്ടര്‍ത്താലുകളെ ആധുനികമനുഷ്യര്‍ക്ക് ആകര്‍ഷണീയരാക്കിയിരുന്നിരിക്കാം.
    ഏതാണ്ട് 30,000 വര്‍ഷങ്ങള്‍ക്കിപ്പുറം നിയാണ്ടര്‍താലുകള്‍ ഫോസില്‍ക്കൂട്ടങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്‌. ആ കാലത്തോടെ അവര്‍ക്ക് സമ്പൂര്‍ണ വംശനാശം സംഭവിക്കുകയോ അല്ലെങ്കില്‍ ക്രമേണ വര്‍ധിച്ചു വന്ന ആധുനികമനുഷ്യസമൂഹത്തിലേക്ക് ലയിക്കുകയോ ചെയ്തിരിക്കാമെന്നാണ്‌ ഇതുവരെയുള്ള അനുമാനങ്ങള്‍. 80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക മനുഷ്യനുമായുള്ള നിയാണ്ടര്‍താലുകളുടെ വേഴ്ചയും ജനിതക സങ്കലനവും ആരംഭിച്ചിട്ടുണ്ടാകാമെന്നാണു ഫോസില്‍ തെളിവുകള്‍ നല്‍കിയിരുന്ന സൂചന. ഇത് ശരിവയ്ക്കുകയാണ്‌ കനേഡിയന്‍ ഗവേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.
    ഏതാണ്ട് ഒരു ദശകം മുന്നെ ലാബുഡയും സഹപ്രവര്‍ത്തകരും മനുഷ്യരിലെ എക്സ് ക്രോമസോമിലെ ഒരു ഭാഗം, (ഹാപ്ലോടൈപ്പ്) വ്യത്യസ്തമാണെന്നു കണ്ടതിനെത്തുടര്‍ന്ന് ഇതിന്റെ ഉറവിടം തേടി പോയതാണ് ഈ അന്വേഷണത്തിന്റെ തുടക്കം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡേവിഡ് റൈഷും സംഘവും 2010-ല്‍ നിയാണ്ടര്‍ത്താല്‍ ജീനോം മുഴുവനായി സീക്വന്‍സ് ചെയ്തു പ്രസിദ്ധപ്പെടുത്തി. ക്രോയേഷ്യയിലും ചുറ്റുവട്ടങ്ങളില്‍ നിന്നുമായി ശേഖരിക്കപ്പെട്ട നിയാണ്ടര്‍താല്‍ അസ്ഥികളില്‍ നിന്നാണ്‌ ഇതിനുള്ള ജനിതകവസ്തു വേര്‍തിരിച്ചത്. ഈ അറിവാണ്‌ ലാബുഡയും സംഘവും പ്രയോജനപ്പെടുത്തിയത്. നിയാണ്ടര്‍ത്താലുകളുടെയും വിവിധ ഭൂഖണ്ഡങ്ങളിലെ ആധുനികമനുഷ്യരുടെയും ജനിതകത്തില്‍ എക്സ് ക്രോമസോമിലെ ഈ പ്രത്യേക ഹാപ്ലോടൈപ്പിന്റെ സാന്നിധ്യം എങ്ങനെയുണ്ടെന്ന് നോക്കാന്‍ ഇതു സാധിച്ചു. ഉപസഹാറന്‍ ആഫ്രിക്കക്കാരിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍  നിന്നുള്ളവരിലും ഈ ഹാപ്ലോടൈപ്പിന്റെ സാന്നിധ്യമുള്ളതായി കണ്ടു.
    "മനുഷ്യരുടെ പൂര്‍വികരും നിയാണ്ടര്‍ത്താലുകളും തമ്മിലുള്ള കൂടിച്ചേരലില്‍ നിന്നാണ് ഈ ഹാപ്ലോടൈപ്പ് മനുഷ്യരിലെത്തിയതെന്നതിനു സംശയമില്ല. ഈ മേഖലയിലെ കൂടുതല്‍ പഠനങ്ങള്‍ വിശദവിവരങ്ങളിലെത്തിച്ചേരാന്‍ സഹായിക്കും," ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിക്ക് പാറ്റേഴ്സണ്‍ പറയുന്നു. "നിലവിലില്ലാത്ത ഒരു വംശത്തില്‍ നിന്നു ലഭിച്ചതാകാന്‍ സാധ്യതയുള്ള ഇതുപോലൊരു ജനിതക വ്യതിയാനം ആഫ്രിക്കന്‍-ഇതര വംശജരില്‍ ആദ്യം തിരിച്ചറിഞ്ഞത് ലാബുഡയും സംഘവുമായിരുന്നു. നിയാണ്ടര്‍ത്താലിന്റെ ജീനോം അടയാളപ്പെടുത്തുന്നതിനു മുന്‍പായിരുന്നു അത്. ഇന്ന് നിയാണ്ടര്‍ത്താല്‍ ജനിതകഘടനയെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ അവരാദ്യം പറഞ്ഞതു തന്നെ പൂര്‍ണമായും ശരിയായിരുന്നു എന്നു വ്യക്തമാകുന്നു," 2010ല്‍ നിയാണ്ടര്‍താല്‍ ജനിതകം അനാവരണം ചെയ്ത സംഘത്തിലെ പ്രഫ: ഡേവിഡ് റൈഷ് ചൂണ്ടിക്കാട്ടുന്നു.
    ഹോമോ നിയാണ്ടര്‍താലെന്‍സിസ് എന്ന നിയാണ്ടര്‍താല്‍ മനുഷ്യര്‍ യൂറോപ്പും പടിഞ്ഞാറന്‍ ഏഷ്യയും തെക്കന്‍ സൈബീരിയയും വരെ വ്യാപിച്ചുകിടക്കുന്ന അതികഠിനമായ കാലാവസ്ഥകളുള്ള ഒരു ഭൂപ്രദേശത്ത് സഹസ്രാബ്ദങ്ങളോളം ജീവിക്കുകയും വംശവ്യാപനം നടത്തുകയും ചെയ്തവരാണ്‌. ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യന്റെ പൂര്‍‌വികര്‍ക്ക് യൂറോപ്പിലേതു പോലുള്ള കഠിനമായ, തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിലഭിച്ചത് ഒരുപക്ഷേ നിയാണ്ടര്‍താലുകളുമായുള്ള സങ്കരണം വഴിയായിരിക്കാം എന്നാണ്‌ ഡേമിയന്‍ ലാബുഡ അടക്കമുള്ള ജനിതകവിദഗ്ധരുടെ ഊഹം.

    Sunday, May 20, 2012

    ഭൂമിയെ ‘തകര്‍ക്കാന്‍’ വരുന്നു, ഭീമന്‍ ക്ഷുദ്രഗ്രഹം



    അന്യഗ്രഹങ്ങള്‍ ഭൂമിയില്‍വന്നു പതിക്കുമെന്ന ശാസ്ത്ര നിഗമനം യാഥാര്‍ഥ്യമാകുമോ? അത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള മറുപടി. ഒന്നരലക്ഷം ടണ്‍ ഭാരമുള്ള ഒരു ക്ഷുദ്രഗ്രഹം ഭൂമിയോടടുക്കുന്നതായി ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. ഡി.എ14 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്ഷുദ്രഗ്രഹം അടുത്തവര്‍ഷം ഫെബ്രുവരിയോടെ ഭൂമിയോടടുക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. സ്പെയിനിലെ ലാ സാഗ്ര വാനനിരീക്ഷണാലയത്തില്‍നിന്ന് ലഭിച്ച വിവരങ്ങളെ അപഗ്രഥിച്ചാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ ഗ്രഹം ഭൂമിയോടടുക്കുന്നതോടെ ഉപഗ്രഹ സംവേദന സംവിധാനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
    എന്നാല്‍, ഈ ഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത കേവലം 0.031ശതമാനമാണത്രേ. 
    ഡി.എ14ന്‍െറ സഞ്ചാര പാതയെക്കുറിച്ചുള്ള പ്രാഥമിക വിവരം വെച്ചാണ് ഈ നിഗമനം. ഇത് ഭൂമിയുടേതിന് ഏറക്കുറെ സമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്‍െറ പരിക്രമണപഥം കൃത്യമായി നിര്‍ണയിക്കാന്‍ നാസയിലെ ഒരു വിഭാഗം ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കുന്നതോടെ ഗ്രഹം ഭൂമിക്ക് എത്രമാത്രം അടുത്തുവരുമെന്ന് നിര്‍ണയിക്കാനാകും. അടുത്ത ഫെബ്രുവരിക്ക് മുമ്പായി തന്നെ ഇത് കണ്ടെത്താനാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച്് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് ഭൂമിക്ക് 21,000 മൈല്‍ അടുത്തുവരെ ഈ ഗ്രഹമെത്താം. ഭൂമിയില്‍ ഉപഗ്രഹ സംവേദന തകരാറടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ അകലം മതിയാകും.

    ഇനി ശാസ്ത്രകഥകളില്‍ പറയുംപോ
    ലെ ഭൂമിയില്‍ ഗ്രഹം വന്നിടിച്ചാല്‍, 1908ല്‍ തുങ്കുഷ്കയില്‍ ഉല്‍ക്ക പതിച്ചതിന് സമാനമായ ദുരന്തമായിരിക്കും സംഭവിക്കുക. തുങ്കുഷ്ക ദുരന്തത്തില്‍ ആയിരത്തിലേറെ ഏക്കര്‍ വനമാണ് ഉല്‍ക്കാപതനത്തില്‍ നശിച്ചത്.

    ഈ മീനുകള്‍ എവിടെപ്പോകുന്നു



    ''മീനെന്ന് പറഞ്ഞാല്‍, അതൊക്കെ പണ്ട് തന്നെ. എത്രതരം മീനാ..... അയലയും ചാളയും മാത്രമല്ല. മുള്ളനും മാന്തളും സ്രാവും ഒക്കെ പലതരം.....'' ചാവക്കാട് കടലില്‍ വഞ്ചിയിറക്കാനുള്ള തിരക്കിനിടെ പാലക്കല്‍ മോഹനന്‍ പറഞ്ഞു. പഴയ പ്രതാപകാലം ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെ പിടഞ്ഞു.

    ശരിയാണ്, പലതരം മീനുകളും കുറഞ്ഞു. മീന്‍ കിട്ടുന്ന കാലവും തെറ്റുന്നു. കാലാവസ്ഥയിലെ മാറ്റം രണ്ടു തരത്തിലാണ് നമ്മുടെ മീനുകളെ ബാധിക്കുന്നത്. ഒന്ന്: കടലിലെ ചൂട് കൂടുന്നു. രണ്ട്: അസിഡിറ്റി അഥവാ, അമ്ലത കൂടുന്നു.

    ചൂടിനുതന്നെ പ്രധാന പങ്ക്. മീനുകള്‍ക്ക് മുട്ടയിടാന്‍ അനുയോജ്യമായ പ്രത്യേക താപനില ആവശ്യമാണ്. എല്ലാ സാഹചര്യങ്ങളും ഒത്തുചേര്‍ന്നാലും ഈ ചൂട് തെറ്റിയാല്‍ അവ മുട്ടയിടാറില്ല. ഉദാഹരണത്തിന് ഏപ്രിലില്‍ മുട്ടയിടാറുള്ള പല മീനുകളും കുറച്ച് വര്‍ഷങ്ങളായി ആ കാലത്ത് അത് ചെയ്യുന്നില്ലെന്ന് കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആ മീനുകള്‍, മുട്ടയിടുന്നത് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ ധാരാളം കിട്ടാറുള്ള കിളിമീന്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചെന്നൈ ഭാഗത്ത് കൂടുതല്‍ കണ്ടുതുടങ്ങി. വെയിലിനുശേഷം വരുന്ന തണുപ്പ് നോക്കി മുട്ടയിടുന്ന മീനുകളും ഉണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. കൂടിയ ചൂടിനെ അതിജീവിക്കാന്‍ കഴിയുമെങ്കിലും മീനുകളുടെ പ്രജനനത്തിന് താളം തെറ്റുകയാണ്. അതോടെ ചിലയിനം മീനുകള്‍ ചില കാലങ്ങളില്‍ കിട്ടാതാവുന്നു.

    ചൂടിന്റെ മാറ്റം മീനുകളുടെ വാസസ്ഥാനങ്ങളില്‍ മാറ്റമുണ്ടാക്കുന്നതും ശ്രദ്ധേയമാണ്. കടലില്‍ അധികം ആഴത്തിലല്ലാതെ കാണുന്ന ചാള (നെയ്മത്തി), അയില തുടങ്ങിയ വിഭാഗം മീനുകള്‍ ചൂടുകൂടുമ്പോള്‍ തണുപ്പ് തേടിപ്പോകും. മുകള്‍പ്പരപ്പില്‍ നിന്ന് ആഴങ്ങളിലേക്ക് പോകുന്നവയും ഉണ്ട്. അയല ആഴക്കടലില്‍ നിന്ന് കിട്ടാറില്ല. എന്നാലിപ്പോള്‍ അവിടെനിന്നു കിട്ടുന്നു എന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. ഓരോ കടല്‍മത്സ്യത്തിനും അനുയോജ്യമായ ചൂട് വ്യത്യസ്തമാണ്. ഇതില്‍വരുന്ന മാറ്റം അവയുടെ മുട്ടയിടലിലും വാസസ്ഥലങ്ങളിലും മാറ്റമുണ്ടാക്കുന്നു.
    കടലിലെ ചൂടിന്റെ വര്‍ധന മീനുകളുടെ ഭക്ഷണത്തിലും മാറ്റം വരുത്തുന്നുണ്ട്. ഫൈറ്റോപ്ലാങ്ടണ്‍ എന്ന അതിസൂക്ഷ്മസസ്യങ്ങളാണ് കടലിലെ ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓകൈ്‌സഡ് വലിച്ചെടുത്ത് അവ ഭക്ഷണമുണ്ടാക്കുന്നു. ചൂട് കൂടുമ്പോള്‍ ചിലയിനം ഫൈറ്റോപ്ലാങ്ടണുകള്‍ നശിക്കുന്നു. അപ്പോള്‍ അവയെ ഭക്ഷിച്ച് വളരുന്ന മീന്‍ കുഞ്ഞുങ്ങള്‍ക്കും നിലനില്‍ക്കാനാവുന്നില്ല. ചിലയിനം ചെറുസസ്യങ്ങളാകട്ടെ ചൂട് കൂടുന്നതുകാരണം കൂടുതല്‍ വലുപ്പത്തില്‍ വളരും. അപ്പോള്‍ ചെറുമീന്‍ കുഞ്ഞുങ്ങള്‍ക്ക് അവയെ തിന്നാന്‍ പറ്റാതാവും. ചില കാലങ്ങളില്‍ ചൂട് കൂടുമ്പോള്‍ ഫൈറ്റോപ്ലാങ്ടണുകള്‍ വളരെ വേഗത്തില്‍ വളര്‍ച്ചയെത്തുകയും വേഗം നശിക്കുകയും ചെയ്യുന്നതായും കണ്ടിട്ടുണ്ട്. ഇതും മീന്‍കുഞ്ഞുങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണ്.

    കടലിന് ചുവപ്പ്, തവിട്ട്, ഓറഞ്ച് നിറങ്ങള്‍ വരുന്നതായി വാര്‍ത്തകളുണ്ടാവാറുണ്ട്. കടല്‍ച്ചൂട് വ്യത്യാസപ്പെടുമ്പോള്‍ ചിലതരം ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതലായി ഉണ്ടാവുന്നതാണ് ഇതിന് കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലയിനം മീനുകള്‍ കൂടുകയും മറ്റു ചിലത് കുറയുകയും ചെയ്യും. മീനുകള്‍ക്ക് ദോഷകരമായ വിഷസസ്യങ്ങള്‍ പെരുകുന്നതും പതിവാണ്. ഇത്തരം പ്രവണതകള്‍ കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നുണ്ട്.

    ഏട്ടയെ കാണാനുണ്ടോ?


    കേരളത്തില്‍ കാണാതായ മീനാണ് ഏട്ട (കാറ്റ്ഫിഷ്). ഈ മീനിനെപ്പോലെ അതിന്റെ മുട്ടയ്ക്കും പ്രിയം കൂടിയത് നാശത്തിന് കാരണമായിട്ടുണ്ടാവാം. അല്ലെങ്കില്‍, പുതിയ വാസകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ടാവാം.

    തൃശ്ശൂരിന്റെ തീരത്തുനിന്ന് മുള്ളന്‍ മാറിപ്പോയിരിക്കുകയാണിപ്പോള്‍. എന്നാല്‍, കോഴിക്കോട് ഭാഗത്ത് ഇവ കിട്ടാനുണ്ട്. സ്രാവുകളാണ് തൃശ്ശൂരില്‍ കിട്ടാതായ മറ്റൊരു മീനെന്ന് മോഹനന്‍ പറഞ്ഞു. പച്ചക്കണ്ണന്‍, കയറെട്ടി, തൂമ്പന്‍, ചടയന്‍ ഇനങ്ങളൊന്നും ഇപ്പോള്‍ കിട്ടാതായി. ചെറിയ മണങ്ങ് ആണ് ഇവിടെ അപ്രത്യക്ഷമായ മറ്റൊരു മീന്‍.

    കഴിഞ്ഞ 41 കൊല്ലത്തെ വിവരങ്ങളില്‍ നിന്ന് വിശകലനംചെയ്ത വസ്തുതകളിലൊന്ന് , സമുദ്ര ഉപരിതല താപത്തില്‍ (സീ സര്‍ഫസ് ടെമ്പറേച്ചര്‍ -എസ്.എസ്.ടി) വര്‍ധന ഉണ്ടായി എന്നുതന്നെയാണ്. 1967-ല്‍ 28.3 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു എസ്.എസ്.ടി. 2007-ല്‍ അത് 28.94 ആയി.

    സാധാരണ കാലവര്‍ഷത്തിനുമുമ്പ് കടലിനുമുകളിലെ ചൂട് കൂടുതലായിരിക്കും. കാലവര്‍ഷത്തില്‍ അത് കുറയും. എന്നാല്‍ 41 കൊല്ലത്തെ പ്രവണത മറ്റൊന്നാണ്. കാലവര്‍ഷത്തിലെ താപനില (എസ്.എസ്.ടി.) 1967-ല്‍ 27.16 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു. 2007-ല്‍ അത് 28.46 ആയി. അതായത് ചൂട് കാലവര്‍ഷത്തില്‍ കാര്യമായി കുറയുന്നില്ല.

    കാലവര്‍ഷത്തിനു തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ചാള കൂടുതല്‍ കിട്ടുന്നത്; അയല കാലവര്‍ഷത്തിലും. ചൂടിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്.

    മഴ തുടരുമ്പോള്‍ കടല്‍ വെള്ളത്തിന്റെ തണുപ്പ് ആഴത്തില്‍നിന്ന് മുകളിലേക്ക് വ്യാപിക്കാന്‍ തുടങ്ങും. അപ്പോള്‍ പല മീനുകളും മുകള്‍പ്പരപ്പിലെത്താന്‍ തുടങ്ങും. ടൂണ മത്സ്യത്തിന് ഈ ശീലമുണ്ട്. തണുപ്പ് കൂടിയ, പോഷകം കൂടിയ അടിവെള്ളം മുകളിലേക്ക് എത്തുന്ന കടല്‍മറിയല്‍ അഥവാ, അപ്‌വെല്ലിങ് നടക്കുന്ന ഭാഗങ്ങളിലും ഇവ കൂട്ടംകൂടാറുണ്ട്. തൃശ്ശൂര്‍ തീരത്ത് സപ്തംബറില്‍ കൂന്തല്‍ ധാരാളം കിട്ടിയത് ഇതുകൊണ്ടാണെന്ന് കരുതുന്നു.

    പോളക്കര: കൊല്ലാനും വളര്‍ത്താനും


    കടലിലെ മീനുകളുടെ ഭക്ഷണമായ ചെറുസസ്യങ്ങള്‍ വളരെവേഗം പെരുകി നിറയുന്നതിനെയാണ് മത്സ്യത്തൊഴിലാളികള്‍ പോളക്കരയെന്ന് പറയുന്നത്. വിഷാംശമുള്ള സസ്യങ്ങളുടെ പോളക്കര വന്നാല്‍ മീനുകള്‍ കൂട്ടത്തോടെ ചാവും. പലപ്പോഴും തീരത്ത് മീനുകള്‍ ചത്തടിയുന്നത് ഇതുകൊണ്ടാണ്. എന്നാല്‍, മീനുകള്‍ക്ക് യോജിച്ച ഭക്ഷണമാണ് നിറയുന്നതെങ്കില്‍ അത് മീനുകള്‍ വളരുന്നതിനും പെരുകുന്നതിനും സഹായിക്കും.

    കടല്‍മറിയല്‍ നടക്കുമ്പോഴാണ് പോളക്കര കൂടുക. ശക്തമായ കാറ്റ് കടല്‍പ്പരപ്പിനെ നീക്കിക്കൊണ്ടുപോകുമ്പോള്‍ അടിയിലുള്ള ചൂട് കുറഞ്ഞ വെള്ളം മുകളിലെത്തുന്നു. കോഴിക്കോട് ഭാഗത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ണിമേരി, പുയ്യാപ്ലക്കോര എന്നീ മീനുകള്‍ ധാരാളം ലഭിക്കാറുണ്ട്. എന്നാല്‍ വലിയ പരവമീന്‍ ഇപ്പോള്‍ നന്നേ കുറഞ്ഞു. 15 സെന്റിമീറ്ററില്‍ കൂടുതല്‍ ഉണ്ടാവാറുള്ള പരവ ഇപ്പോള്‍ രണ്ടിഞ്ച് വലിപ്പത്തിലാണ് കാണുന്നത്. ഇവയ്ക്ക് യോജിച്ച ഭക്ഷണം കാലാവസ്ഥാമാറ്റത്തില്‍ കുറഞ്ഞുപോയതാവാം കാരണമെന്ന് കരുതുന്നു.

    കല്ലുമ്മക്കായയുടെ രുചി മാറിയോ?


    ഇപ്പോഴത്തെ മീനുകള്‍ക്കും മറ്റു കടല്‍വിഭവങ്ങള്‍ക്കും പഴയ രുചിയില്ലെന്ന് തോന്നുന്നുണ്ടോ? ശരിയാണ്. കടലിലെ ഉപ്പിന്റെ അളവും അമ്ലസാന്നിധ്യവും ഇവയുടെ രുചി മാറ്റുന്നുണ്ട്. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട വിഭവമായ കല്ലുമ്മക്കായയ്ക്ക് ഇത് സംഭവിച്ചിട്ടുണ്ട്. കായലില്‍ വളര്‍ത്തുന്ന കല്ലുമ്മക്കായയ്ക്ക് പ്രകടമായ രുചി വ്യത്യാസമുണ്ട്. അതുപോലെ പഴമക്കാര്‍ കഴിച്ച രുചിയോടെയല്ല പല മീനുകളും ഇപ്പോള്‍ നമ്മുടെ തീന്‍മേശയിലെത്തുന്നത്.

    അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓകൈ്‌സഡ് കടല്‍വെള്ളത്തില്‍ ലയിച്ച് കാര്‍ബോണിക് ആസിഡ് ആകുന്നതുവഴിയാണ് കടലില്‍ അമ്ലത കൂടുന്നത്. മീനുകളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ഇത് തകരാറിലാക്കുന്നു. മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാവുന്നില്ല. കുഞ്ഞുങ്ങള്‍ തന്നെ വളര്‍ച്ചയിലെത്തുന്നില്ല. ചെറുസസ്യങ്ങള്‍ നശിക്കുന്നതിനും അമ്ലത ഇടയാക്കുന്നു.

    പവിഴപ്പുറ്റുകളെയും ചിപ്പികളെയുമാണ് അമ്ലത കൂടുതല്‍ ബാധിക്കുന്നത്. ഇവയുടെ പുറന്തോടുകള്‍ വളര്‍ച്ചയെത്തുന്നതിനെ അമ്ലത തടയുന്നു. മീനുകളുടെ ജീവിതത്തില്‍ ഉപ്പ് രസത്തിനും നിര്‍ണായക സ്വാധീനമുണ്ട്. അറബിക്കടലിന്റെ വടക്ക് അയലയ്ക്കും തെക്ക് ചാളയ്ക്കും പ്രിയപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുകാരണം, മിക്കപ്പോഴും മംഗലാപുരത്തിന് വടക്ക് ഉപ്പുരസം പെട്ടെന്ന് കൂടുന്നു എന്നതാണ്

    ചൂടില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം ഉപ്പുരസവുമായി പൊരുത്തപ്പെടാനുള്ള മീനുകളുടെ കഴിവിനെ സ്വാധീനിക്കുന്നുമുണ്ട്. ചൂട് കൂടുന്നത് ഇക്കാര്യത്തില്‍ വിപരീതഫലം ഉണ്ടാക്കും. ഉപ്പുരസവും താപനിലയുംചേര്‍ന്ന് കടല്‍ജീവികളുടെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ (ഉപാപചയം), രക്തത്തിലെ ഇരുമ്പിന്റെ അളവ് എന്നിവയെ സ്വാധീനിക്കുകയും അതുവഴി വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു.കാലാവസ്ഥാമാറ്റം വളരെ ആഴത്തില്‍ ബാധിക്കുന്നു എന്നതിന് മറ്റു തെളിവുകളെന്തിന്?

    ചാളയെ വിശ്വസിക്കാം


    തെങ്ങ് ചതിക്കി ല്ല എന്ന് പറയാറുള്ളതുപോലെ ചാളയും ചതിക്കില്ലെന്ന് നമുക്ക് വിശ്വസിക്കാം. കാരണം, കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് പോഷകസമ്പുഷ്ടമായ ഈമീന്‍ ഇതിനകം പലതവണ തെളിയിച്ചിട്ടുണ്ട്. 


    ചാള വേഗം വളരുകയും വേഗം വളര്‍ച്ചയെത്തുകയും ചെയ്യും. രണ്ട് വയസ്സ് പിന്നിടുന്നത് അപൂര്‍വമാണ്.

    ഭക്ഷണം കുറയുമ്പോഴും വെള്ളത്തിന്റെ ചൂട്കൂടുമ്പോഴും ഇവ പുതിയമേഖലകള്‍ തേടിപ്പോവുകയും അനുയോജ്യസാഹചര്യത്തില്‍ തിരിച്ചുവരികയും ചെയ്യും. ചാളകള്‍ക്ക് യോജിച്ച താപനില 27-28 ഡിഗ്രിസെല്‍ഷ്യസ് ആണ്. അമ്ലത 22.8-33.5 ജ.ട.ഡ..ഉം ഇതില്‍ മാറ്റമുണ്ടായാല്‍ ചാള കിട്ടുന്നത് കുറയും. 1962-63 ല്‍ കണ്ണൂര്‍ തീരത്ത് ഇത്തരം മാറ്റം ചാളയുടെ ലഭ്യതയില്‍ പൊടുന്നനെ കുറവ് ഉണ്ടാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

    ഇന്ത്യയുടെ മൊത്തം വാര്‍ഷിക മീന്‍പിടിത്തത്തില്‍ 20 ശതമാനം ചാളയാണ്. മഴ ഇതില്‍ പിന്നെയും വര്‍ധനയുണ്ടാക്കും. കൂടുതല്‍ ഓക്‌സിജന്‍ വെള്ളത്തില്‍ കലരുന്നതുകൊണ്ടും കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുന്നതുകൊണ്ടുമാണ് ഇത്. ഇക്കാലത്താണ് ചാളകൂടുതല്‍ മുട്ടയിടുന്നത്. മഴപെയ്യുന്നത് ഇവയുടെ പ്രജനനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. ചൂടും ഉപ്പുരസവും കുറയുന്നതാണിതിനു കാരണം. അതുകൊണ്ടുതന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ചാളയുടെ ലഭ്യതയില്‍ വ്യത്യാസമുണ്ടാക്കുന്നുണ്ട്.പവിഴപ്പാറകള്‍ നശിച്ച തിക്കോടി

    കടല്‍വെള്ളത്തിന്റെ അമ്ലത (അസിഡിറ്റി) കൂടുന്നത് പവിഴപ്പാറകളുടെ വ്യാപകനാശത്തിന് കാരണമായിട്ടുണ്ട്. ലോകമെമ്പാടും ആഗോളതാപനത്തിന്റെ പ്രധാന വിപത്തുകളിലൊന്നായി പറയുന്നതും ഈ നാശമാണ്.

    1998 മെയിലെ കണക്കുപ്രകാരം ലക്ഷദ്വീപിലെ 78 ശതമാനം പവിഴപ്പുറ്റുകള്‍ നശിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ദ്വീപുകളില്‍ 50 ശതമാനവും നിക്കോബാര്‍ ദ്വീപുകളില്‍ 20 ശതമാനവും കച്ച് ഉള്‍ക്കടലില്‍ 10 മുതല്‍ 30 ശതമാനം വരെയും പവിഴപ്പുറ്റുകള്‍ ഇക്കാലത്ത് നഷ്ടപ്പെട്ടു. മാന്നാര്‍ ഉള്‍ക്കടലിലെ 60 ശതമാനം പുറ്റുകള്‍ക്ക് 1998 ജൂണിലെ കണക്കുപ്രകാരം നാശമുണ്ടായി. പാക് ഉള്‍ക്കടലിലെ പവിഴപ്പുറ്റുകളെ 60 ശതമാനം വരെ ബാധിച്ചിട്ടുണ്ടെന്നാണ് 2002 ഏപ്രിലിലെ കണക്ക്.

    കേരളത്തില്‍ കോഴിക്കോടിനടുത്ത തിക്കോടിയിലാണ് പവിഴപ്പുറ്റുകള്‍ നശിച്ചതായികണ്ടെത്തിയത്.

    പാറയുള്ളതിനാല്‍ വെള്ളത്തിന്റെ ഗുണം കൂടുതലായിരുന്നു തിക്കോടിയില്‍. വലിയ മാന്തളുകളും കല്ലുമ്മക്കായയും ഇവിടെ കൂടുതലുള്ളത് അതുകൊണ്ടാണ്. എന്നാല്‍, അമ്ലത കൂടുമ്പോള്‍ ഈ ജീവികളെയും അത് ബാധിക്കുന്നു. ലഭ്യതയിലും രുചിയിലും മാറ്റമുണ്ടാകുന്നു.

    വല നിറയെ മഞ്ഞപ്പാര


    അഞ്ചുകിലോ ഗ്രാംവരെ തൂക്കമുള്ളതാണ് മഞ്ഞപ്പാരമീന്‍. ആഴക്കടലില്‍ നിന്ന് അപൂര്‍വമായേ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് കിട്ടാറുള്ളൂ. എന്നാല്‍ പരപ്പനങ്ങാടിയില്‍ നിന്ന് കടലില്‍ പോയ ഫൈബര്‍ വഞ്ചികള്‍ക്ക് ഒറ്റയടിക്ക് അഞ്ച്‌ലക്ഷംരൂപയുടെ മഞ്ഞപ്പാരയാണ് കിട്ടിയത്. ആവോലിയും ഇതുപോലെ കൂട്ടത്തോടെ കിട്ടാറുണ്ട്. കടലിലെ താപനിലയിലും ഭക്ഷണലഭ്യതയിലും മാറ്റം വരുമ്പോള്‍ മീനുകള്‍ ആവാസവ്യവസ്ഥ മാറ്റുന്നതാണ് ഇതിനു കാരണം. മീനുകളുടെ കൂട്ടപ്പാലായനമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

    കുറവല്ല മീന്‍

    ഇല്ല. മത്സ്യസമ്പത്ത് മൊത്തത്തില്‍ കുറഞ്ഞിട്ടില്ല. ആവശ്യം കൂടിയതുകൊണ്ട് മറിച്ച് തോന്നുന്നുവെന്ന് മാത്രം. ചിലയിനം മീനുകള്‍ ഇല്ലാതായി. ചിലത് മറ്റുഭാഗങ്ങളിലേക്ക് മാറിപ്പോയി.

    1960 മുതല്‍ 1985 വരെ ഉണ്ടായിരുന്ന മീന്‍പിടിത്തം അവിടുന്നങ്ങോട്ട് കുതിച്ചുകയറുകയായിരുന്നു. പുതിയ വലകളും സാങ്കേതിക സഹായങ്ങളുമാണിതിന് കാരണം. '60-കളില്‍ കിട്ടിയിരുന്നതിന്റെ മൂന്നിരട്ടിമീന്‍ '80-കളില്‍ കിട്ടി. എന്നാല്‍ '90-കളില്‍ ഇത് കാര്യമായി കൂടിയില്ല. ടൂണ തുടങ്ങിയവ 1992-നുശേഷം കൂടിയില്ലെന്നതുപോലെ 1993-'94 നുശേഷം അയലയും കൂടിയില്ല. ചാള (നെയ്മത്തി) നേരിയതോതിലേ കൂടിയുള്ളൂ.

    1980-കളില്‍ ധാരാളമായി കിട്ടിയ അയല '90 കളില്‍ കിട്ടാതായപ്പോള്‍ കേരളത്തില്‍ വന്‍ വിലക്കയറ്റമുണ്ടായത് ഓര്‍ക്കുക.മുമ്പ് പ്രധാനമായും കേരളത്തില്‍ മാത്രം കിട്ടിയിരുന്ന ചാള 1990-നുശേഷം ചെന്നൈയിലും എത്തി. ഇപ്പോള്‍ വടക്കുകിഴക്കന്‍ തീരത്തുവരെ ചാള കിട്ടുന്നുണ്ട്.

    മഴ വരുമോ? കാക്കയും പാറ്റയും മുന്നറിയിപ്പ് തരും



    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന കാലാവസ്ഥാ പ്രവചനം തമാശയായി മാറിയ കേരളത്തിന് ആശ്വസിക്കാന്‍ പ്രകൃതിയില്‍നിന്ന് ചില വിവരങ്ങള്‍. പരമ്പരാഗത വിശ്വാസങ്ങളില്‍ ശാസ്ത്രീയത ഉണ്ടെന്നും അവയെ ഉപയോഗിക്കേണ്ട സമയമായെന്നും വെളിപ്പെടുത്തുന്നു പുതിയ പഠനങ്ങള്‍.

    മരങ്ങളില്‍ വളരെ ഉയരത്തില്‍ കാക്കകള്‍ കൂടുകൂട്ടുന്നത് കനത്ത മഴക്കാലം വരുന്നതിന്റെ സൂചനയാണ്. ഉറുമ്പുകള്‍ അവയുടെ മുട്ടകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങുന്നതും മണ്‍പാറ്റകള്‍ വരുന്നതും മഴയുടെ മുന്നറിയിപ്പുതന്നെ. മഴ ശക്തിപ്പെടാന്‍ തുടങ്ങുമ്പോള്‍ ചിലയിനം കറുത്ത ഒച്ചുകള്‍ പ്രത്യക്ഷപ്പെടും.

    തവള കരഞ്ഞാല്‍ മഴ വരുമെന്ന വിശ്വാസംപോലെ ഈ വിശ്വാസങ്ങളും പ്രാധ്യാന്യമുള്ളതാണെന്നു കണ്ടെത്തിയത് ഡല്‍ഹിയിലെ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിട്യൂട്ടിന്റെ നിരീക്ഷണങ്ങളാണ്. ഇതുസംബന്ധിച്ച പഠനങ്ങള്‍ ഇവിടെ മുന്നേറുകയാണ്. ഈ ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. കെ. ശ്രീലക്ഷ്മിയാണ് കാലാവസ്ഥാ പ്രവചനത്തിലെ പരമ്പരാഗത അറിവുകളുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞത്. പരമ്പരാഗത അറിവുകളെ അന്ധവിശ്വാസങ്ങളാക്കി മാറ്റിനിര്‍ത്തുന്ന സമീപനമാണ് ആധുനിക ശാസ്ത്രത്തിന്‍േറതെന്നും ആ അറിവുകളെ വിലയിരുത്താന്‍ ശ്രമിക്കുന്നില്ലെന്നും ശ്രീലക്ഷ്മി 'മാതൃഭൂമി'യോട് പറഞ്ഞു.

    പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാന്‍ ജീവികള്‍ക്ക് കഴിയും. അവ സൂക്ഷ്മമായി അതിനോട് പ്രതികരിക്കുകയും ചെയ്യും. പഴയകാല കര്‍ഷകര്‍ ഇത്തരം വിവരങ്ങള്‍ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വിലയിരുത്തുകയോ രേഖപ്പെടുത്തുകയോ ചെയ്യാന്‍ ആധുനിക സമൂഹം ശ്രമിച്ചിട്ടില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഇതൊരു വീഴ്ചയായികണ്ട് ഐ.പി.സി.സി. (ഇന്‍റര്‍ ഗവണ്മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) 2014-ലെ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

    കാലാവസ്ഥാ വ്യതിയാനങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രാദേശികമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പ്രാധാന്യമുണ്ട്. ഒരിടത്ത് മഴ പെയ്യുമ്പോള്‍ തൊട്ടടുത്ത് മഴയില്ലാത്ത അവസ്ഥ കാണാം. ഓരോ വാര്‍ഡിനും ഓരോ കാലാവസ്ഥ എന്ന സ്ഥിതി. ഈ സാഹചര്യത്തില്‍ ശ്രീലക്ഷ്മിയുടെ നിരീക്ഷണങ്ങള്‍ക്ക് കേരളത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് കാലാവസ്ഥാ വ്യതിയാന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ ശാസ്ത്രജ്ഞര്‍ വിലയിരുത്തി.

    ഗുജറാത്തില്‍ ഇത്തരം അറിവുകളെ സമാഹരിച്ച് വിലയിരുത്തിയപ്പോള്‍ അവ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നു തെളിഞ്ഞിട്ടുണ്ട്. ചൈനയില്‍ ഭൂചലനത്തിന്റെ മുന്നറിയിപ്പായി ജീവികളുടെ പ്രതികരണങ്ങളെ വിലയിരുത്തുന്നു. 1966-ല്‍ വടക്കന്‍ ചൈനയില്‍ ഭൂചലനത്തിനു മുമ്പ് ഒരു ഗ്രാമത്തിലെ നായകളെല്ലാം കുഞ്ഞുങ്ങളെയുംകൊണ്ട് അവിടെനിന്ന് രക്ഷപ്പെട്ടതായി പറയുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ആ ഗ്രാമം. 1969-ല്‍ കടല്‍ജീവികളുടെ അസാധാരണ പെരുമാറ്റം ഭൂചലനത്തിന്റെ മുന്നറിയിപ്പായിരുന്നു. സംഭവത്തിന് 24 മണിക്കൂര്‍ മുമ്പായിരിക്കും ജീവികളുടെ പ്രതികരണങ്ങള്‍.

    പക്ഷികളും പ്രാണികളും കൂടുതല്‍ ഭക്ഷണം കരുതിവെക്കുന്നതായി കണ്ടാല്‍ കനത്ത മഞ്ഞോ മഴയോ വരുമെന്നതിന്റെ സൂചനയാണ്.

    ഭൂമിയിലെ വൈദ്യുതകാന്തിക മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന 'സെന്‍സറുകള്‍' പല ജീവികളിലും ശക്തമായതാവാം ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു

    ഇവനാണ് തുമ്പിയാന




    ഒരു തുമ്പിയുടെ വേഗത്തില്‍ കീഴ്ക്കാംതൂക്കായ മലനിരകള്‍ ഓടിക്കയറുന്ന ആന. മനുഷ്യനോളം പൊക്കമില്ലാത്ത, ആദിവാസികള്‍ കുള്ളനാനയെന്ന് വിളിക്കുന്ന കല്ലാന. പേപ്പാറ റെയ്ഞ്ചിലെ തീപ്പച്ചാംകുഴിക്ക് സമീപം കഴിഞ്ഞ ദിവസം തുമ്പിയാനയെ കണ്ടു.

    കല്ലാന ഉണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം കഴിഞ്ഞ അഞ്ചുവര്‍ഷമായി നിലനില്‍ക്കെയാണ് വീണ്ടും ഈ ആന ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. വന്യജീവി ഫോട്ടോഗ്രാഫറായ ജയിന്‍ അങ്ങാടിക്കലാണ് തീപ്പച്ചാംകുഴിക്ക് സമീപം കല്ലാനയുടെ ചിത്രം പകര്‍ത്തിയത്. അഞ്ചുവര്‍ഷം മുമ്പാണ് കല്ലാന വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയില്‍ ആദ്യം പതിഞ്ഞത്. എന്നാല്‍ ഇത്തരമൊരാന അഗസ്ത്യമല നിരകളില്‍ ഇല്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ഈ വാദത്തെ ഒരിക്കല്‍ക്കൂടി തള്ളിക്കളയുന്നതാണ് കഴിഞ്ഞ ദിവസത്തെ തുമ്പിയാനക്കാഴ്ച.

    അഗസ്ത്യമലയടിവാരത്തെ ചാത്തന്‍കോട്ടുനിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണ് തീപ്പച്ചാംകുഴി. ഇതിനടുത്ത് കരമനയാറിന്റെ ഉത്ഭവപ്രദേശത്ത് ശരീരം തണുപ്പിക്കുന്നതിനെത്തിയതായിരുന്നു ആനകളിലെ ഈ വിചിത്രന്‍. അഗസ്ത്യമലനിരകളിലെ അത്യപൂര്‍വയിനം ആനകളാണ് ആദിവാസികള്‍ തുമ്പിയാന എന്നു വിളിക്കുന്ന കല്ലാന. വലിപ്പക്കുറവും അമിതവേഗതയില്‍ ഓടാനുള്ള കഴിവുമാണ് ഈ ആനകള്‍ക്ക് തുമ്പിയാന എന്ന് പേരു വരാന്‍ കാരണം. ഉള്‍വനത്തിലെ ആദിവാസികളായ കാണിക്കാരാണ് ഇതിന് മുമ്പും തുമ്പിയാനയെ കണ്ടിട്ടുള്ളത്.

    വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് പൂര്‍ണ വളര്‍ച്ചയെത്തിയ ആനകള്‍ക്ക് 2.13 മുതല്‍ 2.44 മീറ്റര്‍ (7.1 അടിമുതല്‍ 8.1 അടി വരെ) പൊക്കം ഉണ്ട്. എന്നാല്‍ തുമ്പിയാനകള്‍ക്ക് നാലര അടിയില്‍ താഴെ മാത്രമേ പൊക്കം വരൂ. തറയില്‍ തട്ടി നില്‍ക്കുന്ന വാല്, വാലില്‍ നിറഞ്ഞുനില്‍ക്കുന്ന രോമങ്ങള്‍, തൊലിപ്പുറത്തെ അസാധാരണമായ ചുളിവുകള്‍, മുതുകെല്ലിന്റെ സവിശേഷത എന്നിവയൊക്കെയാണ് ഇതിനെ സാധാരണ ആനകളില്‍ നിന്നും വേറിട്ടതാക്കുന്നത്. പൊതുവേ ആക്രമണകാരിയാണ്.

    അഗസ്ത്യമലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ ഇരുമ്പ് വടത്തില്‍ തൂങ്ങിയാണ് തീര്‍ത്ഥാടകര്‍ അഗസ്ത്യമലയിലെത്തി ദര്‍ശനം നേടുന്നത്. ഏറെ ദുരിതപൂര്‍ണമായ ഈ യാത്രയില്‍ ഭക്തര്‍ക്ക് എന്നും അത്ഭുതം ഈ പാറയുടെ മുകളില്‍ അനായാസം കയറുന്ന കല്ലാനകള്‍ തന്നെയാണ്.

    നേരത്തെ തുമ്പിയാനയെ കണ്ടെത്തിയതായ വാര്‍ത്തകള്‍വന്നപ്പോള്‍ ഇവയെപ്പറ്റി ഗവേഷണം നടത്താന്‍ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആവഴിക്കൊരു നേട്ടവും വനം വകുപ്പ് ഉണ്ടാക്കിയിട്ടില്ല.

    സൈലന്റ് വാലിക്ക് വേണ്ടി ശബ്ദിച്ച നാവുകള്‍


    സൈലന്റ് വാലി ഒരു ദൃഷ്ടാന്തമാണ്, മനുഷ്യരുടെ നാവിലൂടെ ഒരു കാടിന് ശബ്ദിക്കാന്‍ കഴിയും എന്നതിന്റ ദൃഷ്ടാന്തം. സൈലന്റ് വാലിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ എല്ലാ തുറയിലുമുണ്ട്, സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാര്‍ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും സാധാരണക്കാരും ശാസ്ത്രജ്ഞരും എഴുത്തുകാരും എല്ലാം. ആ കാട് നശിപ്പിക്കരുതെന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അമൂല്യവും പകരം വെയ്ക്കാനാകാത്തതുമായ ഉഷ്ണമേഖലാകാടിന്റെ ഒരു തുരുത്താണ് സൈലന്റ് വാലി എന്നും അവിടെ വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ അപൂര്‍വ സസ്യജാതികളും ജീവികളും ഉണ്ടെന്നും ലോകമറിഞ്ഞു. സൈലന്റ് വാലി അങ്ങനെ കേരളീയരുടെ പ്രകൃതി സംരക്ഷണ ചരിത്രത്തിലെ മിന്നുന്ന ഏടായി. 
    സൈലന്റ് വാലിയിലെ കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 1973-ല്‍ പ്ലാനിങ് കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കിയതോടെയാണ് ആ വനമേഖല ഭീഷണിയുടെ നിഴലിലായത്. വിവിധഭാഗത്തു നിന്നുണ്ടായ ചെറുത്തു നില്‍പ്പുകള്‍ക്കൊടുവില്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 1984 നവംബര്‍ 15-ന് സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. ഒരര്‍ഥത്തില്‍ ഹരിതാഭയുടെ പുതിയൊരു അധ്യായം കേരളത്തില്‍ ആരംഭിക്കുകയായിരുന്നു. കാടിനെ നശിപ്പിച്ചുകൊണ്ട് വന്‍കിട ജലവൈദ്യുത പദ്ധതികളൊന്നും പിന്നീട് കേരളത്തില്‍ ഉണ്ടായില്ല. കാടും പരിസ്ഥിതിയും നശിപ്പിക്കാനുള്ളതല്ല, സംരക്ഷിക്കാനുള്ളതാണെന്ന് പുതിയൊരു അവബോധം വളര്‍ന്നു. സൈലന്റ് വാലി നാഷണല്‍പാര്‍ക്കിന് ഇപ്പോള്‍ കാല്‍നൂറ്റാണ്ട് തികയുന്നു. 

    സൈലന്റ് വാലിക്കു വേണ്ടി നടന്ന ചെറുത്തുനില്‍പ്പിന് പിന്നില്‍ ഒട്ടേറെ സുമനസുകളുടെ അക്ഷീണപ്രയത്‌നമുണ്ട്, ത്യാഗമുണ്ട്. പരിഹാസങ്ങളും ഭീഷണികളും അവഗണിച്ച് മുന്നോട്ടുപോകാന്‍ അവര്‍ കാണിച്ച തന്റേടമാണ് സൈലന്റ് വാലിയെ രക്ഷിച്ചത്. അതിന് വേണ്ടി ആദ്യാവസാനം നിലകൊണ്ട, ഒരര്‍ഥത്തില്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് തുടക്കമിട്ടവരില്‍ തന്നെ പ്രധാനിയാണ് പ്രൊഫ. എം.കെ.പ്രസാദ്. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റായ അദ്ദേഹം യുണൈറ്റഡ് നേഷന്‍സ് പരിസ്ഥിതി പ്രോഗ്രാ (യു.എന്‍.ഇ.പി) മിന്റെ മില്ലേനിയം ഇക്കോസിസ്റ്റം അസെസ്സ്‌മെന്റ് ബോര്‍ഡംഗമായിരുന്നു. ഐ.യു.സി.എന്‍, ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്), ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിരോണ്‍മെന്റ് (സി.എസ്.ഇ), അഹമ്മദാബാദിലെ വാട്ടര്‍ കോണ്‍ഫ്ലക്ട് ഫോറം തുടങ്ങി ഒട്ടേറെ സംഘടനകളിലും ഫോറങ്ങളിലും അംഗമായി ഇന്നും പ്രവര്‍ത്തിക്കുന്നു. സൈലന്റ് വാലി പ്രശ്‌നം എങ്ങനെ ഒരു ജനതയുടെ മനസാക്ഷിയുടെ പ്രതിഫലനമായി മാറിയെന്നും, ഇന്ത്യയിലെ തന്നെ ആദ്യ ബഹുജന പരിസ്ഥിതിവിദ്യാഭ്യാസ പ്രസ്ഥാനമായി സൈലന്റ് വാലി എങ്ങനെ രൂപപ്പെട്ടെന്നും അദ്ദേഹം വിവരിക്കുന്നു. പ്രൊഫ. എം.കെ. പ്രസാദുമായി ജോസഫ് ആന്റണി നടത്തിയ അഭിമുഖം. 

    സൈലന്റ് വാലി ഭീഷണിയുടെ നിഴലില്‍ നിന്ന് ഒഴിഞ്ഞത് അതൊരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ്. ആ പ്രഖ്യാപനത്തിന് 2009 നവംബര്‍ 15-ന് കാല്‍നൂറ്റാണ്ട് തികയുന്നു. സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ ആ സമരത്തെ ഇന്ന് എങ്ങനെ കാണുന്നു ? 


    സമരം എന്ന് പറയുന്നത് ശരിയല്ല. സൈലന്റ് വാലി സംരക്ഷിക്കുന്നതിനായി പദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള ആസൂത്രിതമായ സമരമോ പ്രക്ഷോഭമോ ഒന്നും നടന്നിട്ടില്ല, ചെറുത്തുനില്‍പ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. 

    ഇടുക്കി പൂര്‍ത്തിയാകുന്ന സമയത്താണ് സൈലന്റ്‌വാലി പദ്ധതി അംഗീകരിക്കപ്പെടുന്നത്. ഇടുക്കിയിലേത് ഉള്‍പ്പടെ കേരളത്തില്‍ അന്നുവരെ ഒരു ജലവൈദ്യുത പദ്ധതിക്കും ഉണ്ടാകാത്തത്ര തോതിലുള്ള എതിര്‍പ്പ് സൈലന്റ്‌വാലി പദ്ധതിയുടെ കാര്യത്തിലുണ്ടായി. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു, അതിന്റെ പശ്ചാത്തലം എന്തായിരുന്നു?


    സൈലന്റ് വാലി പദ്ധതിക്ക് 1973ല്‍ പ്ലാനിങ് കമ്മിഷന്റെ അനുമതി കിട്ടിയതാണ്. അന്ന് പക്ഷേ, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പക്കല്‍ പണമില്ലാതിരുന്നതിനാലോ എന്തോ അവര്‍ പദ്ധതിയുടെ നിര്‍മാണത്തിന് കാര്യമായി ഒന്നും ചെയ്തില്ല. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തതിന് ശേഷം ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സമ്മര്‍ദഫലമായാണ് സൈലന്റ് വാലി പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡ് ഏറ്റെടുക്കുന്നത്. യഥാര്‍ഥത്തില്‍, സൈലന്റ് വാലി പദ്ധതി അംഗീകരിക്കപ്പെട്ട് വര്‍ഷങ്ങളോളം അതിനെതിരെ ആരും പ്രതികരിച്ചില്ല എന്നതാണ് വാസ്തവം. സൈലന്റ് വാലി എന്നൊരു പ്രദേശമുണ്ടെന്നു പോലും കേരളത്തില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമാണ് സൈലന്റ് വാലിയെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങുന്നത്, വേള്‍ഡ് വൈഡ് ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫര്‍ ഫത്തേഹല്ലിയോട്, പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം 'നാഷണല്‍ കമ്മറ്റി ഫോര്‍ എന്‍വിരോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് കണ്‍സര്‍വെഷന്‍'(എന്‍.സി.പി.സി.ഇ) ആവശ്യപ്പെടുന്നതോടെയാണ്; 1976-ലായിരുന്നു അത്. 

    ഫത്തേഹല്ലിയും സംഘവും കര്‍ണാടകത്തില്‍ നിന്നാണ് തുടങ്ങിയത്. ആദ്യം കുദ്രമുഖില്‍ പോയി. നല്ല മഴക്കാടുകളുണ്ടായിരുന്ന അവിടം ഖനനം മൂലം നശിച്ചു കഴിഞ്ഞതായി മനസിലാക്കി. അങ്ങനെ അവര്‍ തെക്കോട്ടു വന്നു, സൈലന്റ് വാലി കണ്ടു. സംരക്ഷിക്കപ്പെടേണ്ട കുറ്റമറ്റ പ്രദേശമാണ് അതെന്ന് ഫത്തേഹല്ലിയും സംഘവും മനസിലാക്കി. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട, ഒരു സ്ഥലത്തുകൂടി മാത്രം മനുഷ്യന് എത്തിപ്പെടാന്‍ കഴിയുന്ന വനപ്രദേശമാണ് സൈലന്റ് വാലി. മാത്രമല്ല, അവിടുള്ളത് കന്യാവനമാണ്, യഥാര്‍ഥ ഉഷ്ണമേഖലാ മഴക്കാട്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അവിടെ ഒരു ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആ പദ്ധതി വന്നാല്‍, സൈലന്റ് വാലിയിലെ വനം സംരക്ഷിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും, മുന്‍കരുതലുകള്‍ എന്തൊക്കെ വേണം എന്നു കാണിച്ച് ഫത്തേഹല്ലിയും സംഘവും റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.

    അന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടി (ഡബ്ല്യു.ഡബ്ല്യു.എഫ്) ന്റെ സതേണ്‍ കമ്മറ്റിയില്‍ അംഗമായിരുന്ന എന്റെ പക്കല്‍, ഫത്തേഹല്ലിയുടെ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി വന്നുപെട്ടു. ആ റിപ്പോര്‍ട്ടില്‍ നിന്നാണ് സൈലന്റ് വാലിയെപ്പറ്റി ഞാന്‍ ആദ്യമായി അറിയുന്നത്. ഇത്ര വിലപ്പെട്ട വനപ്രദേശമാണ് സൈലന്റ് വാലിയെങ്കില്‍ അതൊന്ന് കാണണമല്ലോ എന്ന് കരുതി. അന്ന് ഞാന്‍ കാലിക്കറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി അധ്യാപകനാണ്. അവിടുത്തെ സുവോളജി വകുപ്പിലെ രാമകൃഷ്ണന്‍ പാലാട്ടുമായി ചേര്‍ന്ന് സൈലന്റ് വാലി സന്ദര്‍ശിക്കാന്‍ തിരിച്ചു. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ കുടുംബത്തില്‍പെട്ട ശ്രീകുമാര്‍ എന്ന ചെറുപ്പക്കാരന്‍ അന്ന് കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നുണ്ട്, അദ്ദേഹവും സഹായിച്ചു. രാമകൃഷ്ണന്‍ പാലാട്ടിന്റെ ക്ലാസ്‌മേറ്റായിരുന്ന ശങ്കരന്‍ എന്നയാള്‍ അന്ന് വനംവകുപ്പിന്റെ മണ്ണാര്‍ക്കാട് ഓഫീസിലുണ്ട്. ഞങ്ങളെ സൈലന്റ് വാലിയില്‍ കൊണ്ടുപോകാമെന്ന് അദ്ദേഹം ഏറ്റു. ശങ്കരന് രാവിലെ ഡ്യൂട്ടിയായിരുന്നതിനാല്‍, ഉച്ചകഴിഞ്ഞായിരുന്നു യാത്ര. വനംവകുപ്പിന്റെ ജീപ്പില്‍ മുക്കാലിയിലെത്തിയപ്പോള്‍ നല്ല മഴ. മഴ വകവെയ്ക്കാതെ യാത്ര തുടര്‍ന്നു, സൈലന്റ് വാലിയില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടായി. ശങ്കരന്റെ പരിചയക്കാരന് അടുത്തൊരു എസ്റ്റേറ്റുണ്ട്, അവിടുത്തെ ബംഗ്ലാവില്‍ അന്ന് രാത്രി കഴിഞ്ഞു. പിറ്റേന്ന് പകല്‍ ഒന്നുകൂടി സൈലന്റ് വാലിയിലെത്തി അവിടം വിശദമായി കണ്ട് മടങ്ങി. 

    സൈലന്റ് വാലി ചര്‍ച്ചയാകുന്നു


    തിരിച്ചെത്തിയ ശേഷം ആ പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി കിട്ടാവുന്ന വിവരങ്ങള്‍ സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖപത്രമായ 'ശാസ്ത്രഗതി' മാസികയില്‍ ഒരു ലേഖനമെഴുതി-'സൈലന്റ് വാലി-ഒരു ഇക്കോളജിയ സമീപനം' എന്നായിരുന്നു അതിന്റെ തലക്കെട്ട്. സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനമായിരുന്നു അത്. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് വാദിച്ച് ഒരു ഇലക്ട്രിസിറ്റി എന്‍ജിനിയര്‍ ശാസ്ത്രഗതിയുടെ അടുത്ത ലക്കത്തില്‍ മറുപടിയെഴുതി, അതിനൊരു മറുപടി അതിനടുത്ത ലക്കത്തില്‍...അങ്ങനെ ചെറിയ തോതിലാണെങ്കിലും ആ പ്രശ്‌നം ചര്‍ച്ചയായി മാറി. പക്ഷേ, അക്കാലത്ത് പരിഷത്തിനുള്ളില്‍ സൈലന്റ് വാലിയെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല. 

    ജോണ്‍സി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കോളേജില്‍ സുവോളജി ക്ലബ്ബ് പ്രവര്‍ത്തിച്ചിരുന്നു. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ എല്ലാവര്‍ഷവും അവര്‍ ക്യാമ്പ് നടത്തുക പതിവാണ്; പ്രകൃതി സഹവാസക്യാമ്പ് എന്ന പേരില്‍. ഏഴിമല ഭാഗത്തു നടന്ന ആദ്യക്യാമ്പില്‍ ക്ലാസെടുക്കാന്‍ കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഡന്‍), സുവോളജി വകുപ്പിലുണ്ടായിരുന്ന ഡി.എം.മാത്യു എന്നിവര്‍ക്കൊപ്പം എന്നെയും ക്ഷണിച്ചു. അന്നത്തെ ഒരാവേശത്തില്‍, സൈലന്റ് വാലിയില്‍ അണക്കെട്ട് വരുന്നതിനെക്കുറിച്ച് ഞാന്‍ ആ ക്യാമ്പില്‍ സംസാരിച്ചു. അതൊരു ചര്‍ച്ചയായി. ജോണ്‍സി പറഞ്ഞു, ഇത് അങ്ങനെ വിടാന്‍ പറ്റില്ല, ഇതിനെതിരെ ഒരു ക്യാമ്പയില്‍ ആരംഭിക്കണം. അങ്ങനെ, സൈലന്റ് വാലി സംരക്ഷിക്കാനായി ഒരു പബ്ലിക്ക് ക്യാമ്പയില്‍ ആദ്യമായി നടക്കുന്നത് ജോണ്‍സി ജേക്കബ്ബിന്റെ നേതൃത്വത്തിലാണ്. കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ കുട്ടികളുടെ ധര്‍ണ ഉള്‍പ്പടെയുള്ളവ അവര്‍ സംഘടിപ്പിച്ചു. അവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങളിലും ചര്‍ച്ചകളിലും സൈലന്റ് വാലി സജീവ ചര്‍ച്ചാവിഷയമായി. അങ്ങനെ മലബാര്‍ ഭാഗത്ത് കൂടുതല്‍ പേരിലേക്ക് സൈലന്റ് വാലിയുടെ സന്ദേശം എത്തി. മാത്രമല്ല, ജോണ്‍സി ജേക്കബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ പിന്തുണയും ഉണ്ടായിരുന്നു. അതുവഴി ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്) വരെ ഈ ക്യാമ്പയിന്റെ കാര്യം എത്തി. 

    സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയത് ശാസ്ത്രസാഹിത്യ പരിഷത്തല്ല എന്നൊരു വിവാദം അടുത്തയിടെ തലപൊക്കിയത്, ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ അല്ലേ?

    തങ്ങളാണ് സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലല്ലോ, പിന്നെന്ത് വിവാദം. ശരിക്കു പറഞ്ഞാല്‍ അത് ആളുകളുടെ ഒരു തോന്നലാണ്. 

    ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ഔദ്യോഗിക തീരുമാനം എടുക്കുംമുമ്പ് ഞാന്‍ ഈ വിഷയവുമായി മുന്നോട്ടു പോകുന്നത് വ്യക്തിപരമായി അടുപ്പമുള്ള ഒട്ടേറെപ്പേരുടെ സഹായത്തോടെയും പിന്തുണയോടെയുമാണ്. അന്ന് ഇക്കാര്യത്തില്‍ ഏറെ സഹായം ചെയ്ത വ്യക്തി, തിരുവനന്തപുരത്ത് കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി കണ്‍വീനറായിരുന്ന പരിസ്ഥിതി ഗവേഷകന്‍ ഡോ. സതീഷ്ചന്ദ്രന്‍ നായരാണ്. സൈലന്റ് വാലി അടക്കമുള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഫീല്‍ഡ് സ്റ്റഡി നടത്തിയിട്ടുള്ള അദ്ദേഹം, വിലപ്പെട്ട പിന്തുണയാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. 

    മറ്റൊരു വ്യക്തി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി (കെ.എഫ്.ആര്‍.ഐ)ലെ ഡോ. വി.എസ്.വിജയന്‍. അതുപോലെ ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ.എന്‍.സി.നായര്‍ (രാജസ്ഥാനില്‍ ബിര്‍ല ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എന്റെ അധ്യാപകനായിരുന്നു ഡോ.എന്‍.സി.നായര്‍ ), സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ. ആര്‍.വി.പിള്ള., ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. അങ്ങനെ ഒട്ടേറെ വ്യക്തികളും സംഘടനകളും സമ്മേളനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൈലന്റ് വാലിക്കെതിരായ ചെറുത്തുനില്‍പ്പിന്റെ മൂര്‍ച്ച കൂട്ടാന്‍ സഹായിച്ചു. 

    കത്തുകളെഴുതിയും ശാസ്ത്രസമ്മേളനങ്ങളിലും യോഗങ്ങളിലും ഇക്കാര്യം അവതരിപ്പിച്ചുമൊക്കെ അത് 'സേവ് സൈലന്റ് വാലി ക്യാമ്പയിനാ'യി മാറി. 1979-81 കാലത്താണ് സേവ് സൈലന്റ് വാലി കാമ്പയിന്‍ ഏറ്റവും ശക്തമാകുന്നത്. അപ്പോഴേക്കും ഡോ.സാലിം അലി ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇന്ത്യന്‍ ഭരണാധികാരികള്‍ വലിയ വില കല്‍പ്പിച്ചിരുന്നു. അക്കാലത്താണ് ബാംഗ്ലൂരിലെ മാധവ് ഗാഡ്ഗില്‍, ഫാ.സല്‍ദാന തുടങ്ങിയവരും സൈലന്റ് വാലി പ്രശ്‌നത്തില്‍ ഇടപെട്ട് തുടങ്ങുന്നത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുള്ളതിനാല്‍ ഇവരൊക്കെയായി സജീവമായി ബന്ധം സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. 

    കെ.പി.എസ്.മേനോന്‍ ആണ് ആ സമയത്ത് ആ ക്യാമ്പയിന് ശക്തിപകര്‍ന്ന മറ്റൊരു വ്യക്തിത്വം. യാദൃശ്ചികമായാണ് അദ്ദേഹം അതില്‍ ഉള്‍പ്പെടുന്നത്. അക്കാലത്ത് മലയാള മനോരമയില്‍ 'ഇനിയൊരു ജന്മമുണ്ടെങ്കില്‍' എന്നൊരു പരമ്പര ഉണ്ടായിരുന്നു. ആ പരമ്പരയില്‍ കെ.പി.എസ്.മേനോന്‍ എഴുതി, 'ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് ഞാന്‍ വൃക്ഷങ്ങളെ പരിപാലിക്കാനും കാട് സംരക്ഷിക്കാനുമായി ചെലവഴിക്കു'മെന്ന്. ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി: താങ്കള്‍ക്ക് ഇനിയൊരു ജന്മമില്ല, ഈ ജന്മത്തില്‍ ഇനിയും സമയമുണ്ട്. ഇവിടെയിതാ സൈലന്റ് വാലി എന്നൊരു അമൂല്യവനപ്രദേശം നശിപ്പിച്ചു കൊണ്ട് ഒരു പദ്ധതി വരുന്നു. അതിന്റെ ഗുണങ്ങള്‍ ഇതാണ്, ദോഷങ്ങള്‍ ഇതാണ്. സൈലന്റ് വാലി സംരക്ഷിക്കാനുള്ള ശ്രമത്തില്‍ താങ്കള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. അദ്ദേഹം ഉടന്‍ മറുപടി അയച്ചു-'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്, ഇനിയുള്ള ജീവിതം ഇതിന് വേണ്ടി മാറ്റിവെയ്ക്കാന്‍ ഞാന്‍ തയ്യാറാണ്'. സൈലന്റ് വാലിയെക്കുറിച്ച് അദ്ദേഹം വിശദമായി പഠിച്ചു. എന്നിട്ട്, എം.ജി.കെ.മേനോന്‍, ഡോ. സാലിം അലി, കേരള അസംബ്ലിയിലെ എം.എല്‍.എ.മാര്‍, മുഖ്യമന്ത്രി ഇ.കെ.നായനാര്‍, എന്തിന് ഇന്ദിരാഗാന്ധിക്കു വരെ അദ്ദേഹം സൈലന്റ് വാലി നശിപ്പിക്കരുതെന്ന് കാണിച്ച് കത്തെഴുതി. 

    പരിഷത്തില്‍ എപ്പോഴാണ് സൈലന്റ് വാലി ചര്‍ച്ചയാകുന്നത്?

    പരിഷത്തില്‍ സൈലന്റ് വാലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡോ. എം.പി.പരമേശ്വരനും ഞാനും ചേര്‍ന്നാണ്. എം.പി.പരമേശ്വരന്‍ പറഞ്ഞു- 'എം.കെ.പി. പറയുന്നത് ഈ പ്രശ്‌നത്തിന്റെ ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ വശങ്ങളാണ്. പക്ഷേ, ഇതൊരു സാമൂഹികപ്രശ്‌നമായി മാറുകയും കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ താത്പര്യമുണ്ടാവുകയും ചെയ്യണമെങ്കില്‍ സൈലന്റ് വാലിക്ക് വേറൊരു മാനം നല്‍കണം, സോഷ്യോ-ഇക്കണോമിക് മാനം'. കാരണം, ഈ പദ്ധതി വന്നില്ലെങ്കില്‍ മലബാര്‍ മേഖലയില്‍ വൈദ്യുതിയുണ്ടാകില്ല എന്നാണ് ജനങ്ങളുടെ ചിന്താഗതി. വൈദ്യുതിയില്ലെങ്കില്‍ വികസനവും വരില്ല. സ്വാഭാവികമായും ആ വാദമാണ് സാധാരണജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുക. അങ്ങനെയാണ് ഈ പ്രശ്‌നത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച തുടങ്ങുന്നത്. 

    ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അന്നത്തെ നയം, കൂടുതല്‍ ജലവൈദ്യുതി ഉത്പാദിപ്പിച്ച് ഹൈടന്‍ഷന്‍ ലൈനുകള്‍ വഴി അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും കര്‍ണാടകത്തിനും വിറ്റു പണമുണ്ടാക്കുക എന്നതായിരുന്നു. വീടുകളിലും കടകളിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി ഏതാണ്ട് ഒന്നേകാല്‍ ലക്ഷം അപേക്ഷകര്‍ കേരളത്തില്‍ കാത്തിരിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. പാലക്കാടിന്റെയും മലബാറിന്റെയും വൈദ്യുതിക്ഷാമം തീര്‍ക്കാന്‍ സൈലന്റ് വാലിയാണോ അനുയോജ്യമായ മാര്‍ഗം, കൂടുതല്‍ ഫലപ്രദമായ ബദല്‍ നിര്‍ദ്ദേശിക്കാനുണ്ടോ. പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കൊപ്പം ഇക്കാര്യവും ഞങ്ങള്‍ പഠിക്കാനാരംഭിച്ചു. 

    ആ സമയത്ത്, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതാവായ ഹബീബ്, സൈലന്റ് വാലി പ്രശ്‌നം സംസാരിക്കാന്‍ എം.പി. പരമേശ്വരനെയും വി.കെ.ദാമോദരനെയും എന്നെയും വിളിച്ചു. എന്താണ് നിങ്ങള്‍ പദ്ധതിയെ എതിര്‍ക്കാന്‍ കാരണം എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ഞാന്‍ അതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിലെ വൈദ്യുതിയാവശ്യം പരിഹരിക്കാന്‍ പര്യാപ്തമായ ഒന്നല്ല സൈലന്റ് വാലി പദ്ധതി എന്ന് പറയാന്‍ കാരണമെന്തെന്ന് എം.പി.പരമേശ്വരനും വി.കെ.ദാമോദരനും വിശദീകരിച്ചു. 1980-82 കാലത്ത് കേരളം കടുത്ത വൈദ്യുതിക്ഷാമം നേരിടും. അത് പരിഹരിക്കാന്‍ സൈലന്റ് വാലി കൊണ്ട് പറ്റില്ല. അതിന്റെ കണക്കുകളും സ്റ്റാറ്റിസ്റ്റിക്കുകളും അവര്‍ അവതരിപ്പിച്ചു. മാത്രമല്ല, സൈലന്റ് വാലിയില്‍ നിന്നുള്ള വൈദ്യുതി ഇല്ലെങ്കിലും, പാലക്കാട് ജില്ലയ്ക്കും മലബാറിനും വൈദ്യുതിയെത്തിക്കാനുള്ള മാര്‍ഗം എം.പി.പരമേശ്വരന്‍ വിവരിച്ചു. ഹൈടെന്‍ഷന്‍ ലൈനുകള്‍ വഴി അയല്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കുന്നത് നിര്‍ത്തിയിട്ട് പാലക്കാട്ട് 220 കെ.വി.സ്റ്റേഷന്‍ സ്റ്റാപിക്കുക, കോഴിക്കോട്ടും സ്ഥാപിക്കുക. ഈ മേഖല മുഴുവന്‍ വൈദ്യുതി വിതരണം സാധ്യമാകും. അതിന്റെ അടുത്തഘട്ടം എന്ന നിലയ്ക്ക് ഒരു താപവൈദ്യുത നിലയം സ്ഥാപിക്കാന്‍നടപടി തുടങ്ങുക. യൂണിയന്‍ നേതാവ് പറഞ്ഞു, ഇങ്ങനെയൊരു വശം ഇതിനുണ്ടെന്ന് ഇതുവരെ ആരും ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടില്ല, അതുകൊണ്ട് ഇതെപ്പറ്റി വിശദമായി ചര്‍ച്ച നടത്താന്‍ നിങ്ങളെ യൂണിയന്‍ ഔദ്യോഗികമായി ക്ഷണിക്കുന്നുണ്ട്. പക്ഷേ, ഇന്നേവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല.

    അങ്ങനെ പരിഷത്തിനുള്ളില്‍ എം.പി. പരമേശ്വരനും വി.കെ.ദാമോദരനും സൈലന്റ് വാലി പ്രശ്‌നത്തിന്റെ പ്രധാന്യം ബോധ്യമായി. അതേത്തുടര്‍ന്ന് സംഘടനയെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഒരു രേഖ വേണമെന്നായി. അത് തയ്യാറാക്കാനായി എം.പി.പരമേശ്വരന്‍, വി.കെ.ദാമോദരന്‍, കെ.പി.കണ്ണന്‍, ശ്യാംസുന്ദരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം എന്നെയും ചുമതലപ്പെടുത്തി. (ആ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യമായ വനം-വന്യജീവി-പരിസ്ഥിതി ഡേറ്റ കിട്ടുന്നത് കെ.എഫ്.ആര്‍.ഐ.യില്‍ നിന്നാണ്. സൈലന്റ് വാലി പദ്ധതി കൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാകില്ല എന്നൊരു റിപ്പോര്‍ട്ടുണ്ടാക്കാന്‍ അക്കാലത്ത് കെ.എഫ്.ആര്‍.ഐ.യെ സംസ്ഥാന അധികാരികള്‍ ചുമതലപ്പെടുത്തുകയുണ്ടായി. ഡോ. വി. എസ്.വിജയന്‍, ഡോ.ശങ്കര്‍ തുടങ്ങിയവര്‍ക്കായിരുന്നു ആ 'അനുകൂല'റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല. പക്ഷേ. അനുകൂല റിപ്പോര്‍ട്ടിന് പകരം അവര്‍ തികച്ചും ശാസ്ത്രീയമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്, പദ്ധതി വന്നാല്‍ സൈലന്റ് വാലി നശിക്കും എന്നായിരുന്നു റിപ്പോര്‍ട്ടിലെ നിഗമനം. അതിന്റെ ഒരു കോപ്പി ഡോ.സതീഷ്ചന്ദ്രന്‍ നായര്‍ ഡോ. വിജയനോട് വാങ്ങി എനിക്കു തന്നു). 

    വി.കെ.ദാമോദരന്‍ അന്ന് ആര്‍.ഇ.സി.യിലെ അധ്യാപകനാണ്, കെ.പി.കണ്ണന്‍ സി.ഡി.എസ്സിലെ ഫെലോയും. കാര്‍ഷികവിദഗ്ധനാണ് ഡോ.ശ്യാംസുന്ദരന്‍ നായര്‍. സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, കാര്‍ഷിക പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ആദ്യമായി വിലയിരുത്തപ്പെടുന്നത് ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്. 'സൈലന്റ് വാലി ഹൈഡ്രോഇലക്ട്രിക് പ്രോജക്ട്-എ ടെക്‌നോ എക്കണോമിക്‌സ് ആന്‍ഡ് സോഷ്യോ പൊളിറ്റിക്കല്‍ അസെസ്സ്‌മെന്റ്' എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ പേര്. പദ്ധതികള്‍ നടപ്പാക്കുംമുമ്പ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കുന്ന രീതി അന്ന് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ എത്തിയിട്ടില്ല. എന്നാല്‍, ആ രീതിയിലുള്ള, പദ്ധതി വന്നാല്‍ എന്തു ഗുണം, എന്തു ദോഷം എന്ന് വിശകലനം ചെയ്യുന്ന, റിപ്പോര്‍ട്ടായിരുന്നു ഞങ്ങളുടേത്. ഇംഗ്ലീഷില്‍ അച്ചടിച്ച റിപ്പോര്‍ട്ടിന് അന്ന് രണ്ടര രൂപയായിരുന്നു വില. (കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പില്‍ സൈലന്റ് വാലി പ്രശ്‌നം സംബന്ധിച്ച ഫയല്‍ തുടങ്ങാന്‍ അവരുടെ പക്കലുണ്ടായിരുന്ന രേഖ, യഥാര്‍ഥത്തില്‍ ഞങ്ങളുടെ ആ റിപ്പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു).

    മുമ്പ് പരിഷത്തിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കൂടുമ്പോഴൊക്കെ സൈലന്റ് വാലി പ്രശ്‌നം സംബന്ധിച്ച് ഞാനൊരു പ്രമേയം അയയ്ക്കുമായിരുന്നു (അന്ന് ഞാന്‍ എക്‌സിക്യുട്ടീവ് കമ്മറ്റിയിലില്ല). പ്രമേയം കമ്മറ്റിയില്‍ വായിച്ച് തള്ളുകയായിരുന്നു പതിവ്. 1978 ഒക്ടോബറില്‍ ഞങ്ങള്‍ അഞ്ചുപേരും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരടുരേഖ പരിഷത്തിന്റെ എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിക്കപ്പെട്ടു. (റിപ്പോര്‍ട്ട് അച്ചടിച്ച് പുറത്തിറക്കുന്നത് 1979-ല്‍). ചര്‍ച്ചയ്ക്ക് ശേഷം സൈലന്റ് വാലി പദ്ധതിക്കെതിരെ പരിഷത്ത് പ്രമേയം പാസാക്കി. 'സൈലന്റ് വാലി സംരക്ഷിക്കപ്പെടേണ്ട ഒരു അമൂല്യ പ്രദേശമാണെന്നും, പക്ഷേ വൈദ്യുതാവശ്യവും നിറവേറ്റപ്പെടണം, അതിനാല്‍ മറ്റെല്ലാ സ്രോതസ്സുകളും ഉപയോഗിച്ച ശേഷവും ഒരു ജലവൈദ്യുത പദ്ധതി വേണമെന്ന് കണ്ടാല്‍ അന്നേ സൈലന്റ് വാലി പദ്ധതി പരിഗണിക്കാവൂ' എന്നായിരുന്നു പ്രമേയം. അതോടെയാണ് സൈലന്റ് വാലി പ്രശ്‌നം പരിഷത്തില്‍ സജീവമായത്. 

    പരിഷത്ത് ഔദ്യോഗികമായി സൈലന്റ് വാലി പ്രശ്‌നത്തില്‍ ഇടപെടും മുമ്പു തന്നെ, പരിഷത്ത് അംഗങ്ങള്‍ മുന്‍കൈയെടുത്ത് രൂപം നല്‍കിയ പല പരിസ്ഥിതി സംഘടനകളും ഈ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. കോഴിക്കോട് കേന്ദ്രമായുള്ള 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍വിരോണ്‍മെന്റ് ഇന്‍ കേരള' (ടജഋഗ) അതിലൊരു സംഘടനയായിരുന്നു. ഡിസൈനറായ ആര്‍.കെ.രമേശിന്റെയും മറ്റും ആഭിമുഖ്യത്തില്‍ കോഴിക്കോട് കേന്ദ്രമായി നിലവില്‍ വന്ന 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സൈലന്റ് വാലി'യാണ് മറ്റൊരു സംഘടന. ഞാനും ഈ സംഘടനകളില്‍ അംഗമായിരുന്നു. 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സൈലന്റ് വാലി'യാണ് ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതോടൊപ്പം 'ഫ്രണ്ട്‌സ് ഓഫ് ട്രീസി'ന്റെ വൈസ് പ്രസിഡന്റ് ജോസഫ് ജോണും കോടതിയെ സമീപിച്ചു. പരിഷത്ത് മാത്രമല്ല, പദ്ധതിയെ എതിര്‍ക്കുന്ന വേറെയും ഗ്രൂപ്പുകളുണ്ട് എന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ ഇത്തരം സംഘടനകളുടെ ഇടപെടല്‍ സഹായിച്ചു. 

    സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവര്‍ സൈലന്റ് വാലി പ്രശ്‌നത്തിലേക്ക് എങ്ങനെയാണ് ആകര്‍ഷിക്കപ്പെടുന്നത്?

    ആ സമയത്ത് എന്‍.വി.കൃഷ്ണവാര്യര്‍ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ പത്രാധിപരാണ്. അദ്ദേഹം എന്നോട് സൈലന്റ് വാലി പ്രശ്‌നത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം നല്കാന്‍ ആവശ്യപ്പെട്ടു. 'സൈലന്റ് വാലിയെ സംരക്ഷിക്കുക' എന്ന പേരില്‍ 1979 ജൂണ്‍ മുന്നിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ആ ലേഖനം വന്നതോടുകൂടിയാണ് സാഹിത്യരംഗത്തുള്ളവര്‍ സൈലന്റ് വാലി പ്രശ്‌നത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കവികളായ സുഗതകുമാരി, അയ്യപ്പപ്പണിര്‍, ഒ.എന്‍.വി, വിഷ്ണുനാരായണന്‍ നമ്പൂതിരി, സി.പി.ഐ.നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി. സുരേന്ദ്രനാഥ് തുടങ്ങി ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും വലിയൊരു നിര സൈലന്റ് വാലി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. 

    സൈലന്റ് വാലി സംരക്ഷിക്കണം എന്നു വാദിക്കുന്നവരെ ചെറുക്കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എന്താണ് ചെയ്തത്? 


    സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുന്ന ഞങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടേറെ ശാസ്ത്രജ്ഞരും വിദഗ്ധരും രംഗത്തുണ്ട്. മീറ്റിങ്ങുകളിലും മറ്റും അവര്‍ വന്ന് പ്രസംഗിക്കും. അതിന് പകമായി, ഞങ്ങളുടെ വാദങ്ങളെ പ്രതിരോധിക്കാന്‍ ശാസ്ത്രകാരന്‍മാരെ ഇലക്ട്രിസിറ്റി ബോര്‍ഡ് വാടകയ്‌ക്കെടുക്കുകയാണുണ്ടായത്. കാലക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി പ്രൊഫസറായിരുന്ന ഡോ.ബി.കെ.നായര്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സുവോളജി പ്രഫസറായിരുന്ന എം. സ്റ്റീഫന്‍ എന്നിവരെയാണ് സൈലന്റ് വാലി പദ്ധതിക്ക് അനുകൂലമായി ഇലക്ട്രിസിറ്റി ബോര്‍ഡ് രംഗത്തിറക്കിയത്. സൈലന്റ് വാലിയില്‍ വനമേയില്ല, സൈലന്റ് വാലിയില്‍ ഉള്ളതിനെക്കാള്‍ നല്ല വനം കേരളത്തില്‍ വേറെയുണ്ട് എന്നിങ്ങനെയായിരുന്നു അവരുടെ വാദം. 

    ഡോ. ബി. കെ. നായര്‍ 'സൈലന്റ് വാലി-എ ഹൈപ്പര്‍ ബൗള്‍' എന്നൊരു പുസ്തകമെഴുതി. മേല്‍പ്പറഞ്ഞ വാദങ്ങളായിരുന്നു അതില്‍ മുഖ്യം. ഞങ്ങള്‍ ആ പുസ്തകത്തിന്റെ ഒരു കോപ്പി ഡോ.സാലിം അലിക്ക് അയച്ചു കൊടുത്തു. ശാസ്ത്രവിജ്ഞാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവയാണ് ഇതുപോലുള്ള ഗ്രന്ഥങ്ങളെന്ന് ഞങ്ങള്‍ പരാതിപ്പെടുന്നുവെന്നും, അതിനാല്‍ അതിലെ വസ്തുതകളുടെ നിജസ്ഥിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സാലിം അലി ആ ബുക്ക് നാഷണല്‍ സയന്‍സ് അക്കാദമിക്ക് കൈമാറി. അവര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുക്കാന്‍ മാധവ് ഗാഡ്ഗില്‍, ഫാ.സല്‍ദാന എന്നിവരെ ചുമതലപ്പെടുത്തി. രണ്ടാളും നടത്തിയ തെളിവെടുപ്പിലും നേരിട്ടുള്ള അന്വേഷണത്തിലും ആ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തട്ടിപ്പാണെന്ന് വ്യക്തമായി.

    തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം, ഇന്ദിരാഗന്ധി അന്ന് അധികാരത്തിലില്ല. ഹൈക്കോടതി സൈലന്റ് വാലി കേസ് തള്ളുന്ന ദിവസം 24 മണിക്കൂറിനകം, പദ്ധതി പ്രദേശം വെട്ടിനിരത്താനുള്ള എല്ലാ സജ്ജീകരണവും ചെയ്തതായി ഇലക്ട്രിസിറ്റി ബോര്‍ഡ് വീരവാദം മുഴക്കി. ജ്യോതിവെങ്കിടാച്ചലം ആണ് അന്ന് സംസ്ഥാന ഗവര്‍ണര്‍. ഞങ്ങള്‍ കെ.പി.എസ്.മേനോനെക്കൊണ്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിച്ചു. അമൂല്യമായ മഴക്കാടാണ് സൈലന്റ് വാലിയിലേത്. അവിടെ പദ്ധതി വരുന്നതിനെക്കുറിച്ച് ഒരു വിവാദം നിലനില്‍ക്കുകയാണ്. അതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വന്ന് കാര്യങ്ങള്‍ ശരിക്കു മനസിലാക്കും വരെ പദ്ധതി പ്രവര്‍ത്തനം അനുവദിക്കരുത് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഗവര്‍ണര്‍ പദ്ധതി തുടരാന്‍ പാടില്ല എന്ന് സ്റ്റേ നല്‍കി......അങ്ങനെ എല്ലാ തരത്തിലും ഇലക്ട്രിബോര്‍ഡിന്റെ നീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിച്ചുകൊണ്ടിരുന്നു.

    ഈ പ്രശ്‌നത്തില്‍ ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍ എങ്ങനെയായിരുന്നു, സൈലന്റ് വാലിയെ രക്ഷിക്കുന്നതില്‍ അതെത്രത്തോളം നിര്‍ണായകമായി?

    സ്‌റ്റോക്ക്‌ഹോം സമ്മേളനത്തില്‍ നിന്ന് ആര്‍ജിച്ച ആവേശത്തിലായിരുന്നു ഇന്ദിരാഗാന്ധി. ലോകത്തെറ്റവും ശക്തമായ ചില പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകള്‍, അടിയന്തരാവസ്ഥ കാലത്താണെങ്കില്‍ പോലും അവര്‍ ഭരണഘടനയില്‍ ചേര്‍ത്തു. പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സഫര്‍ ഫത്തേഹല്ലിയോട് എന്‍.സി.പി.സി.ഇ. വഴി ഇന്ദിരാഗാന്ധി നിര്‍ദ്ദേശിച്ച കാര്യം നേരത്തെ പറഞ്ഞല്ലോ. അങ്ങനെയാണ് സൈലന്റ് വാലിയുടെ പ്രാധാന്യം ആദ്യമായി പുറത്തു വരുന്നത്. 

    ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയ സമയത്താണ് മുഖ്യമന്ത്രി ഇ.കെ.നായനാര്‍, സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നതെല്ലാം നുണയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി, ഡോ.ബി. കെ.നായരെയും കൂട്ടി ഇന്ദിരാഗാന്ധിയെ കാണാന്‍ ഡെല്‍ഹിയിലെത്തുന്നത്. സൈലന്റ് വാലി പ്രശ്‌നം വിശദീകരിക്കാന്‍ താനൊരു വിദഗ്ധനെ കൊണ്ടു വന്നിട്ടുണ്ടെന്ന് നായനാര്‍ ഇന്ദിരാഗാന്ധിയോട് പറഞ്ഞു. ബി.കെ.നായര്‍ തുടങ്ങുന്നത് തന്നെ, ''മാഡം, ഇന്‍ സൈലന്റ് വാലി ദേര്‍ ഈസ് നോ ഫോറസ്റ്റ്'' എന്നു പറഞ്ഞുകൊണ്ടാണ്. ഇന്ദിരാഗാന്ധി അതിന് മുമ്പു തന്നെ സൈലന്റ് വാലിക്ക് മുകളിലൂടെ ഹെലികോപ്ടറില്‍ സഞ്ചരിച്ച് ആ പ്രദേശമെല്ലാം കണ്ടിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് ഈ പറഞ്ഞതിലെ വൈരുധ്യം അവര്‍ക്ക് ബോധ്യമാകും. 'എനിക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നില്ല, മുഖ്യമന്ത്രി ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകൂ' എന്ന് പറഞ്ഞ് ഇന്ദിരാഗാന്ധി വിദഗ്ധനെ പിന്നെ തുടരാന്‍ അനുവദിച്ചില്ല. വിദഗ്ധന്‍ വിയര്‍ത്തു കുളിച്ച് അവിടുന്ന് ഒരുവിധം രക്ഷപ്പെട്ടു. 

    അന്ന് ഇന്ദിരാഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ആളുകള്‍ പോലും ഞങ്ങളെ പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ അവിടെ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ പോലും ഞങ്ങള്‍ അറിഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി നായനാര്‍ വിദഗ്ധനെയും കൊണ്ട് ഇന്ദിരാഗാന്ധിയെ കാണാന്‍ പോകുന്നതിന്റെ തലേ ആഴ്ചയാണ്, ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ. എന്‍.സി.നായരെ ദൂതന്‍ മുഖേനെ ഇന്ദിരാഗാന്ധി തന്റെ വസതിയിലേക്ക് വിളിപ്പിച്ച് സൈലന്റ് വാലിയുടെ പ്രത്യേകത (സസ്യസമ്പത്തിന്റെ കാര്യത്തില്‍) എന്താണെന്ന് വിശദമായി മനസിലാക്കിയത്. ഒന്നര മണിക്കൂറാണ് ഡോ.നായര്‍ പറഞ്ഞത് അവര്‍ സശ്രദ്ധം കേട്ടിരുന്നത്. അപ്പോഴേക്കും രാത്രി പത്തരയായി. ഒടുവില്‍ അവര്‍ പറഞ്ഞു, ''വെല്‍ ഡോ.നായര്‍, താങ്ക് യൂ വെരിമച്ച്'. സൈലന്റ് വാലി എന്തുകൊണ്ട് നഷ്ടപ്പെടരുത് എന്ന് ഇന്ദിരാഗാന്ധിക്ക് മനസിലായി'. എപ്പോള്‍ വിളിച്ചാലും വരണം എന്ന നിര്‍ദേശത്തോടെയാണ് ഡോ. നായരെ അവര്‍ യാത്രയാക്കുന്നത്. 

    ഏതായാലും ഇന്ദിരാഗന്ധി നായനാരോട് പറഞ്ഞു, ഈ പ്രശ്‌നം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ഥമില്ല, ഒരു പരിഹാരം വേണം. സൈലന്റ് വാലി പ്രശ്‌നം പഠിക്കാന്‍ കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഒരു സമിതിയെ നിയമിക്കാന്‍ തീരുമാനമാകുന്നത് അങ്ങനെയാണ്. പ്രൊഫ. എം.ജി.കെ.മേനോനെ കമ്മറ്റിയുടെ ചെയര്‍മാന്‍ ആക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത് മുഖ്യമന്ത്രി നായനാരാണ്. പ്രൊഫ. എ. എബ്രഹാം, പ്രൊഫ. ടി.എന്‍. അനന്തകൃഷ്ണന്‍ (സുവേളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍), പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ.എച്ച്.കെ.ജെയിന്‍ (ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍), പ്രൊഫ.എ.കെ.ശര്‍മ (കല്‍ക്കത്ത സര്‍വകലാശാലയിലെ സൈറ്റോളജി പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രജ്ഞനും), ഡോ.കെ.രാഘവന്‍ നമ്പ്യാര്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, കെ. ത്രിവിക്രമന്‍ നായര്‍ എന്നിവരായിരുന്ന കമ്മറ്റി അംഗങ്ങള്‍. ഇതില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നിര്‍ദേശിക്കപ്പെട്ട പ്രൊഫ. അനന്തകൃഷ്ണന്‍, പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ.ജെയിന്‍ എന്നിവരൊക്കെ സെലന്റ് വാലി സംരക്ഷിക്കണം എന്ന നിലപാടുകാരായിരുന്നു. (ഈ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെടുന്നത്. അതെ തുടര്‍ന്ന് 1984 നവംബര്‍ 15-ന് സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു). 

    ലോകത്തെല്ലായിടത്തും എന്ന പോലെ, കേരളത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പുതിയൊരു അവബോധം വളര്‍ന്നു വന്ന സമയമല്ലേ അത്. സൈലന്റ്് വാലി പ്രശ്‌നത്തില്‍ അക്കാര്യം പ്രതിഫലിച്ചിരുന്നോ? 


    തീര്‍ച്ചയായും. അതിന് പല കാരണങ്ങളുണ്ട്. 1972-ലെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സ്, വേള്‍ഡ് എന്‍വിരോണ്‍മെന്റ് കണ്‍സര്‍വേഷന്‍ സ്ട്രാറ്റജി എന്ന പേരില്‍ ഐ.യു.സി.എന്‍. അംഗീകരിച്ച നയം. മാത്രമല്ല, പരിസ്ഥിതി വിഷയങ്ങളില്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ മാധ്യമങ്ങളില്‍ ഇടംപിടിച്ചു തുടങ്ങിയതും അക്കാലത്താണ്. സൈലന്റ് വാലി പ്രശ്‌നത്തില്‍ ചെറുപ്പക്കാര്‍ അന്ന് വളരെ വലിയ പിന്തുണയാണ് നല്‍കിയത്. ഇന്നാണെങ്കില്‍, പാര്‍ട്ടി നിര്‍ദേശപ്രകാരം എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യുമൊക്കെ പ്രമേയങ്ങള്‍ പാസാക്കില്ലായിരുന്നോ, അന്നത് ഉണ്ടായില്ല. അതിനര്‍ഥം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ യുവജനവിഭാഗങ്ങളെ ഈ പ്രശ്‌നത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. ഏത് പാര്‍ട്ടിയായാലും അതിലെ യുവജനവിഭാഗം ഞങ്ങള്‍ക്കൊപ്പമായിരുന്നു. യൂത്തുകോണ്‍ഗ്രസുകാര്‍ പോലും ഞങ്ങളുമായി ആലോചിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. എന്നിട്ട് സൈലന്റ് വാലി സംരക്ഷിക്കണം എന്ന് പ്രമേയം പാസാക്കി അയയ്ക്കും. 

    സര്‍വകാലാശാലയിലെ ചെറുപ്പക്കാര്‍, സ്റ്റാഫുകളാണെങ്കിലും ഗവേഷകരാണെങ്കിലും, എല്ലാവരും സൈലന്റ് വാലി സംരക്ഷിക്കണം എന്ന ഭാഗത്തായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡുകാരെയും ഡോ.ബി.കെ.നായരെപ്പോലുള്ളവരെയും ക്ഷണിച്ച് സൈലന്റ് വാലി പ്രശ്‌നത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. എന്നിട്ട് അവിടെ എല്ലാവരും കൂടി പദ്ധതി അനുകൂലികളെ ചോദ്യം ചെയ്ത് തകര്‍ത്തു കളയും, ഇതൊരു പതിവ് ഏര്‍പ്പാടായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ സൈലന്റ് വാലി വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വി.കെ.നായരെ ക്ഷണിച്ചു. അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചോദിച്ച് വശംകെടുത്തിയാണ് വിട്ടയച്ചത്. 

    അതുമാത്രമല്ല, സി.ഐ.ടി.യു.പോലൊരു സംഘടന ഇത്തരമൊരു വിവാദത്തെക്കുറിച്ച് ഇന്നാണെങ്കില്‍ അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമോ, സംശയമാണ്. അന്നത് നടന്നു. കോഴിക്കോട്ട് നടന്ന സി.ഐ.ടി.യു. സമ്മേളനത്തില്‍ ഒരു ദിവസത്തെ ചര്‍ച്ചയുടെ വിഷയം സൈലന്റ് വാലിയായിരുന്നു. പ്രശ്‌നത്തിന്റെ രണ്ട് വശവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. പദ്ധതി വേണ്ട എന്ന് വാദിക്കാന്‍ ഞാനാണ് പോയത്. വേണം എന്ന് പറയാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആള്‍ക്കാരും. ഇന്നാണെങ്കില്‍ അതുണ്ടാകില്ല, ഒരു ഭാഗം മാത്രമേ അവതരിപ്പിക്കപ്പെടൂ.

    എന്തുകൊണ്ട് ഇപ്പോള്‍ അത്തരമൊരു മാറ്റം?


    ഇപ്പോഴത്തെ രാഷ്ട്രയത്തിന് അത്തരമൊരു വിശാലമായ കാഴ്ചപ്പാടില്ല. കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ സങ്കുചിതമായി വരികയാണ് കാര്യങ്ങള്‍. ഒരു ഉദാഹരണം പറയാം, 1992-ല്‍ റിയോ ഡി ജനീറോയില്‍ ഭൗമഉച്ചകോടി നടന്നു. അതെപ്പറ്റി തിരുവനന്തപുരം എ.കെ.ജി.സെന്റര്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. ഇ.എം.എസ്സായിരുന്നു അധ്യക്ഷന്‍. റിയോയില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളുടെ അവതരണമായിരുന്നു അവിടെ നടന്നത്. വനപരിപാലന നിയമങ്ങളെക്കുറിച്ച് ഞാനാണ് വിശദീകരിച്ചത്. റിയോയില്‍ നടന്ന നടപടികളെയും ചര്‍ച്ചകളെയും പൊതുവെ അവലോകനം ചെയ്തുകൊണ്ട് ഡോ.തോമസ് ഐസക്ക്, ജൈവവൈവിധ്യ ഉടമ്പടിയെപ്പറ്റി ഡോ.ബി.ഇക്ബാല്‍, വേറൊരാള്‍ കാലാവസ്ഥാ ഉടമ്പടി അങ്ങനെയായിരുന്നു അവതരണം. 

    തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരായിരുന്നു സദസ്സിലുള്ളത്. ഓരോ അവതരണം കഴിയുമ്പോഴും സദസ്സിലുള്ളവരോട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇ.എം.എസ്. ആവശ്യപ്പെടും. പലരും റിയോയില്‍ നടന്നത് മുതലാളിത്ത രാഷ്ട്രങ്ങളുടെ നാടകമാണ്, അമേരിക്കയുടെ ഉപചാപമായിരുന്നു അത് എന്ന രീതിയിലാണ് പ്രതികരിച്ചത്. അധ്യക്ഷന്‍ ഇതെല്ലാം കേട്ടിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഇ.എം.എസ്സിന്റെ ഒരു അവതരണമുണ്ടായി. അദ്ദേഹം പറഞ്ഞു, ഇവിടെ അവതരിപ്പിച്ച കാര്യങ്ങളെല്ലാം ഞാന്‍ കേട്ടു. തുടര്‍ന്നു നടന്ന നമ്മുടെ സഖാക്കളുടെ പ്രതികരണവും ശ്രദ്ധിച്ചു. എനിക്ക് പറയാനുള്ളത് നമ്മള്‍ സഖാക്കള്‍ വളരെ പഴകിയ മണ്ഡലത്തിലാണ് നില്‍ക്കുന്നത് എന്നാണ്. റിയോ സമ്മേളനത്തില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള നടപടികള്‍ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിച്ചിരുന്നത്. നമ്മള്‍ സഖാക്കള്‍ പണ്ടുകാലത്തു നിന്ന് മുമ്പോട്ട് വരണം, പരിസ്ഥിതി സംരക്ഷണം വികസനത്തിനെതിരല്ല, രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതുകൊണ്ട് ഇനി നമ്മള്‍ ഇതെപ്പറ്റി മനസിലാക്കിയിട്ടു വേണം പാര്‍ട്ടി സര്‍ക്കിളില്‍ പറയാന്‍. പിറ്റേ ആഴ്ച തന്നെ ഇക്കാര്യം പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടു. അത്തരമൊരു തുറന്ന സമീപനമോ നടപടികളോ ഇന്ന് കാണാനില്ല.

    ഇന്നാണ് സൈലന്റ് വാലി പ്രശ്‌നം തലപൊക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?


    ഇത്തരം കാര്യങ്ങളില്‍ പ്രധാനമായും കോടതിയെ സമീപിക്കുക എന്നതേ ഇന്ന് നടക്കൂ. അന്നു നടന്നതുപോലെ ഈ പ്രശ്‌നത്തെ ബൗദ്ധികമായി നേരിടുക ഇന്നത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. കോടതി, നിയമം എന്നൊക്കെ പറയുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി നമ്മള്‍ ഓര്‍ക്കണം. ലോകത്തു തന്നെ ഏറ്റവും ശക്തമായ പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ നിലവില്‍ വന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ, അതെല്ലാം വെള്ളം ചേര്‍ത്ത് ഒന്നുമില്ലാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. 

    സൈലന്റ് വാലിയെ രക്ഷിക്കാന്‍ വേണ്ടി നടന്ന ചെറുത്തു നില്‍പ്പ് ചരിത്രപരമായി എന്ത് ദൗത്യമാണ് നിറവേറ്റിയത്? 


    ഇന്ത്യയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കപ്പെട്ടതിന്റെ ചരിത്രത്തെക്കുറിച്ച് പറയ ാറുള്ളത്, രാജ്യത്ത് പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി വിദ്യാഭ്യാസം കിട്ടിയതിന്റെ തുടക്കം സൈലന്റ് വാലി വിവാദമായിരുന്നു എന്നാണ്. ചിപ്‌ക്കോ പോലുള്ള ചെറുത്തുനില്‍പ്പുകള്‍ ഉത്തരേന്ത്യയില്‍ നടന്നിട്ടുണ്ടെങ്കിലും, അതിന്റെ പോലും ശരിക്കുള്ള സന്ദേശം ജനങ്ങളില്‍ എത്തുന്നത് സൈലന്റ് വാലി പ്രശ്‌നവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രക്രിയ വഴിയാണ്. 

    അച്ചടി മാധ്യമങ്ങളുടെ യുഗത്തിലാണ് സൈലന്റ് വാലി പ്രശ്‌നമുണ്ടായത്. ഇന്ന് ദൃശ്യമാധ്യമങ്ങളുടെ കാലമാണ്. പരിസ്ഥിതി സമരങ്ങള്‍ പോലും ഒരുതരം പ്രകടനപരതയില്‍ പെട്ടു പോകുന്നുണ്ടോ?


    ഒന്ന് ഞാന്‍ കാണുന്നത്, ഒരു പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കുകയോ പഠിക്കുകയോ ചെയ്തതിന് ശേഷം അഭിപ്രായം പറയുക എന്ന രീതി ഇപ്പോള്‍ കുറവാണ്. കേട്ടുകേഴ്‌വിയുടെ രൂപത്തിലാണ് പലതും അവതരിപ്പിക്കപ്പെടുന്നത്. ഉപരിപ്ലവമായ രീതിയിലുള്ള ട്രീറ്റ്‌മെന്റാണ് മിക്ക കാര്യങ്ങളിലും കാണുന്നത്. ജേര്‍ണലിസ്റ്റുകള്‍ക്ക് തന്നെ എന്തിലെങ്കിലും സ്‌പെഷ്യലൈസ് ചെയ്യാനോ കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കാനോ സാഹചര്യവും ക്ഷമയും ഇല്ലാതായിരിക്കുന്നു. 

    നമ്മുടെ നാട്ടിലെ മുഖ്യധാരാ പാര്‍ട്ടികളുടെ അജണ്ടയില്‍ ഇന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കാത്തത് എന്തുകൊണ്ട്?
     

    പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ പരിസ്ഥിതി വിഷയങ്ങളൊക്കെ വരുന്നുണ്ട്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ പ്രധാന പാര്‍ട്ടികള്‍ക്കെല്ലാം ഒരു പ്രത്യേക പരിസ്ഥിതി വിഭാഗം വേണം. അവര്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പാര്‍ട്ടി അംഗങ്ങളെ അക്കാര്യത്തില്‍ ബോധവത്ക്കരിക്കാനും പാര്‍ട്ടിയുടെ നിലപാട് രൂപീകരിക്കുന്നതില്‍ സഹായിക്കാനും ഒക്കെ മുന്നിലുണ്ടാകണം. എല്ലാ പാര്‍ട്ടികളിലും നല്ല പരിസ്ഥിതി അവബോധമുള്ള വ്യക്തികളുണ്ട്. പക്ഷേ, ഒറ്റപ്പെട്ട നിലയില്‍ അവരുടെ ആശയങ്ങള്‍ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

    പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പഴയതുപോലെ സജീവമല്ല എന്നൊരു ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്, എന്തു തോന്നുന്നു? 


    അത്തരമൊരു തോന്നല്‍ കുറെയൊക്കെ ശരിയാണ്. പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കാനും പുറത്തു കൊണ്ടുവരാനും കഴിവുള്ള ആളുകളുടെ എണ്ണം കുറയുകയാണ്. നമ്മളും പറഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന തോന്നലുണ്ടാകുമ്പോഴേക്കും വൈകിയിരിക്കും. സംഘടനയ്ക്ക് പുറത്ത് ഇത്തരം കാര്യങ്ങള്‍ അറിയാവുന്ന ഒരുപാട് പേരുണ്ട് എന്നതുകൊണ്ട് നമ്മള്‍ മാറിനില്‍ക്കണമെന്നില്ല. മാത്രമല്ല, നമ്മളൊരു പത്രം വായിക്കുമ്പോള്‍, ഒരു കാര്യം ശ്രദ്ധയില്‍ പെടുമ്പോള്‍, ഇത് ഇത്തരത്തില്‍ ബാധിക്കുമല്ലോ എന്നൊരു തോന്നല്‍ ഉള്ളിലുണ്ടാകണം. ഇന്ന് ഇന്റര്‍നെറ്റൊക്കെ നമുക്ക് മുന്നിലെത്തിക്കുന്ന വിവരത്തിന്റെ തോതെത്രയാണ്. അത് മനസിലാക്കാനും പഠിക്കാനുമുള്ള സന്നദ്ധത വേണം. അത്തരം കാര്യങ്ങള്‍ പഠിക്കാനും ആഴത്തില്‍ മനസിലാക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല, അതാണ് പ്രശ്‌നം. പരിഷത്തിനെപ്പോലൊരു സംഘടന കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച വിദ്യാഭ്യാസ പരിപാടി വളരെ വ്യാപകമായി നടത്തേണ്ട സമയമാണിത്, ഡിസംബറില്‍ കോപ്പന്‍ഗേഹനില്‍ കാലാവസ്ഥ ഉച്ചകോടി നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

    കേരളം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്‌നമേതാണ്, മാഷിന്റെ അഭിപ്രായത്തില്‍? 


    കേരളത്തില്‍ നമ്മള്‍ ഏറ്റവുമധികം ഭയപ്പെടേണ്ടത് വെള്ളത്തെപ്പറ്റിയാണ്. വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടി വരുന്നു, ഉള്ള വെള്ളം മലിനമായിക്കൊണ്്ടും ഇരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്‍ ജലപ്രശ്‌നം ഇരട്ടിക്കും. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ളത് നമുക്ക് ചെറുക്കാന്‍ കഴിയാത്തതാണ്. എന്നാല്‍, നമ്മുടെ കൈയ്യില്‍ കിട്ടുന്ന വെള്ളം ശരിക്കു സൂക്ഷിക്കാനും ദുരുപയോഗപ്പെടുത്താതെ നോക്കാനും നമുക്ക് കഴിയേണ്ടതില്ലേ. ഉദാഹരണത്തിന്, കേരളത്തില്‍ ഒരാള്‍ക്ക് ഇന്നും എത്ര ലിറ്റര്‍ ആവശ്യമുണ്ടെന്ന് നിശ്ചയമില്ലല്ലോ. നമ്മള്‍ ഏറ്റവുമധികം വെള്ളം പാഴാക്കുന്നത് ഫ്‌ളഷ് ടാങ്കിലൂടെയാണ്. നൂറ് മില്ലിലിറ്റര്‍ മൂത്രമൊഴിച്ചാല്‍, അഞ്ച് ലിറ്റര്‍ കുടിവെള്ളമാണ് അത് ഫ്‌ളഷ് ചെയ്യാന്‍ നമ്മള്‍ കളയുന്നത്. വെള്ളത്തെ സംബന്ധിച്ച് ശരിക്കുള്ള പഠനവും പ്ലാനിങും ഇപ്പോഴേ നടത്തിയില്ലെങ്കില്‍ നമ്മള്‍ നരകിക്കും.
    സൈലന്റ്‌വാലിയില്‍ നില്ക്കുമ്പോള്‍ ശിരസ്സ് അറിയാതെ ഉയര്‍ന്നുപോകുന്നു. ഈ നിത്യഹരിത മഴക്കാടിനുമപ്പുറത്ത് ഒരു സ്വകാര്യ അഹങ്കാരം മലയാളിക്കുണ്ടാവാനിടയില്ല. 

    നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. കാല്‍വണ്ണയില്‍നിന്ന് ചോരകുടിക്കുന്ന അട്ടകളെ ഒന്നൊന്നായി എടുത്തുമാറ്റുമ്പോള്‍ കൂടെയുണ്ടായിരുന്ന തമിഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു: ''സൈലന്റ്‌വാലി റൊമ്പ വയലന്റ്‌വാലിയായിറുക്ക്.'' അഞ്ചുകോടി വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ കാടാണിത്. ആദിമവും അനന്യവുമായ വനഗന്ധം നുകര്‍ന്നുകൊണ്ട് 'ആനവിരട്ടി'യെ ഒഴിഞ്ഞുമാറി ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സതീഷ്ചന്ദ്രന്‍ പഴയൊരോര്‍മ പങ്കുവെച്ചു. 1980-കളുടെ തുടക്കത്തില്‍ സൈലന്റ്‌വാലിയിലെത്തിയ ഒരു ബ്രിട്ടീഷ് വനിതയെക്കുറിച്ചുള്ള ഓര്‍മ. 70 വയസ്സ് പിന്നിട്ട ഒരു അന്ധ. ബി.ബി.സി.ക്കു വേണ്ടിയുള്ള ഒരു ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ വരവ്. മുക്കാലിയില്‍നിന്ന് നടന്ന് സൈലന്റ്‌വാലിയിലൂടെ നീലഗിരിയിലേക്കുള്ള സഞ്ചാരം. സൈലന്റ്‌വാലിയുടെ ഉള്‍ക്കാടുകളില്‍ നിശ്ശബ്ദത ഇപ്പോഴും തൊട്ടറിയാവുന്ന അനുഭവമാണ്. നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന കാട്ടിലൂടെ നടന്നുപോകുന്ന അന്ധയായ സ്ത്രീ. 

    ബ്യൂണസ്അയേഴ്‌സിലെ ഗ്രന്ഥാലയത്തില്‍ അക്ഷരങ്ങള്‍ക്കു നടുവിലിരിക്കുന്ന ഹോര്‍ഷെ ലൂയിസ് ബോര്‍ഷെ എന്ന അന്ധനായ ലൈബ്രേറിയന്റെ ചിത്രം ഒരു മിന്നല്‍പ്പിണരുപോലെ ഉള്ളിലേക്ക് കയറിവരുന്നു. സൈലന്റ്‌വാലി എന്താണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ അന്ധയായ സ്ത്രീയുടെ യാത്രയാണ്. അത്രമേല്‍ അഗാധവും അപാരവുമായ അനുഭവമാണ് ഈ താഴ്‌വാരം നമുക്കായി കാത്തുസൂക്ഷിക്കുന്നത്.

    25 കൊല്ലങ്ങള്‍ക്കു മുമ്പ്


    1979-ല്‍ സൈലന്റ്‌വാലിയില്‍നിന്ന് ഡോ. സതീഷ്ചന്ദ്രന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതയ്‌ക്കെഴുതി: ''ഈ അപൂര്‍വ സസ്യജാലങ്ങള്‍ ഇനിയിവിടെയുണ്ടാകുമോയെന്നറിയില്ല. വലിയ പാറത്തോടിനിരുവശവും മരങ്ങള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു. കാട്ടിമുടിയില്‍നിന്ന് കാട് കത്തുന്ന മണം. താഴ്‌വാരത്തിന്റെ നിശ്ശബ്ദതയ്ക്കു മേല്‍ ബുള്‍ഡോസറുകളുടെ ഇരമ്പല്‍''-രണ്ടര ദശാബ്ദത്തിനു മുമ്പ് ഇതു വെറും വാക്കുകള്‍ മാത്രമായിരുന്നില്ല. '' ദാ... ഇവിടെയാണ് കേരള വൈദ്യുതി ബോര്‍ഡ് സൈലന്റ് വാലിക്ക് ചരമക്കുറിപ്പെഴുതാന്‍ ശ്രമിച്ചത്''-സൈരന്ധ്രിയില്‍ കുന്തിപ്പുഴയുടെ വന്യമായ പ്രവാഹത്തിലേക്ക് വിരല്‍ചൂണ്ടി ഡോ. സതീഷ് പറഞ്ഞു. ''അന്ന് കെ.എസ്.ഇ.ബി.യുടെ ദൗത്യം വിജയിച്ചിരുന്നെങ്കില്‍ ഈ പ്രദേശമാകെ അണക്കെട്ടില്‍ മുങ്ങി മരിക്കുമായിരുന്നു.''

    തകര്‍ന്നുപോയ പദ്ധതി


    സൈലന്റ്‌വാലി ഒരു പ്രതീകമാണ്. ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ പ്രതീകം. സമര്‍പ്പണബുദ്ധിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരുപിടി മനുഷ്യരുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവന്ന ചരിത്രഗാഥയാണത്.

    1973-ല്‍ പ്ലാനിങ് കമ്മീഷന്‍ അനുമതി നല്കിയതോടെയാണ് സൈലന്റ്‌വാലി അണക്കെട്ട് പദ്ധതിക്ക് ജീവന്‍വെച്ചത്. 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടായിരുന്നു കെ.എസ്.ഇ.ബി. പദ്ധതി മുന്നോട്ടുവെച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം, ഏഴെട്ടു കൊല്ലത്തേക്ക് ചുരുങ്ങിയത് മൂവായിരം പേര്‍ക്കെങ്കിലും തൊഴില്‍.... പദ്ധതിയുടെ ഗുണഫലങ്ങള്‍ കെ.എസ്.ഇ.ബി. ഇങ്ങനെ നീട്ടി.

    പരിസ്ഥിതി എന്ന ആഡംബരം 


    ഈ അണകെട്ടുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം തച്ചുതകര്‍ക്കാന്‍ കേരളം മാറി മാറി ഭരിച്ച വിവിധ സര്‍ക്കാറുകള്‍ പരസ്​പരം മത്സരമായിരുന്നു. ഇക്കോളജി ഈസ് എ ലക്ഷ്വറി ഫോര്‍ കേരളൈറ്റ്‌സ് എന്ന മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ പ്രഖ്യാപനം ഈ നയത്തിന്റെ അടിക്കുറിപ്പാണ്. സൈലന്റ്‌വാലിയില്‍ കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാറും അനുബന്ധ സ്ഥാപനങ്ങളും പറഞ്ഞത്. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന മരങ്ങളത്രയും വേണമെങ്കില്‍ പറിച്ചുനടാവുന്നതേയുള്ളൂ എന്ന വങ്കത്തരംവരെ എഴുതിപ്പിടിപ്പിക്കാന്‍ അവരുടെ വക്താക്കള്‍ തയ്യാറായി.
    സമര്‍പ്പണ ബുദ്ധിയും ആദര്‍ശശുദ്ധിയുമുള്ള ഒരുപിടി മനുഷ്യര്‍ ചെറുത്തു നില്പിനൊരുങ്ങിയതാണ് സൈലന്റ്‌വാലിയുടെ രക്ഷയായത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടായിരുന്ന (കെ.എഫ്.ആര്‍.എ.) ഡോ. വി.എസ്. വിജയന്റെ പേര് ഇതില്‍ ആദ്യമേ പറയേണ്ടതുണ്ട്. അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ അദ്ദേഹമാണ് നിര്‍ദിഷ്ട ഡാമിന്റെ ദൂഷ്യവശങ്ങള്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ പേരില്‍ ഡോ. വിജയന് കെ.എഫ്. ആര്‍.ഐ. വിടേണ്ടി വന്നു. ഈ പഠനസംരംഭത്തില്‍ ഡോ. എം. ബാലകൃഷ്ണനും വിജയനൊപ്പമുണ്ടായിരുന്നു.

    സഫര്‍ ഫത്തേഹലി, ഡോ. സലിം അലി, ഡോ. മാധവ്ഗാഡ്ഗില്‍, ഡോ. എം.എം. ശ്രീനിവാസ്, കെ.പി.എസ്. മേനോന്‍, ഡോ. കെ.എന്‍. രാജ്, ഡോ. എന്‍.സി. നായര്‍, പ്രൊഫ. കരുണാകരന്‍, ജെ.സി. ഡാനിയല്‍, യു.കെ. ഗോപാലന്‍, ജോസഫ് ജോണ്‍ എന്നിവര്‍ സൈലന്റ്‌വാലി സംരക്ഷണത്തിനായി ശക്തിയുക്തം വാദിച്ചവരാണ്.

    സൈലന്റ്‌വാലിയുടെ അതിജീവനം ഒരു സാമൂഹിക പ്രക്ഷോഭത്തിന്റെ തലത്തിലേക്കുയര്‍ത്തിയതില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ അമരത്തുണ്ടായിരുന്ന പ്രൊഫ. എം.കെ. പ്രസാദും വഹിച്ച പങ്കും കുറച്ചുകാണാനാവില്ല. സൈലന്റ്‌വാലിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി സമഗ്രമായൊരു ലേഖനം എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രൊഫ. പ്രസാദായിരുന്നു.

    എഴുത്തുകാരുടെ കൂട്ടത്തില്‍ എന്‍.വി. കൃഷ്ണവാര്യരും സുഗതകുമാരിയും വഹിച്ച പങ്ക് നിസ്തുലമാണ്. ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, എസ്.കെ. പൊറ്റെക്കാട്ട്, വൈലോപ്പിള്ളി, സുകുമാര്‍ അഴീക്കോട് എന്നിവരും ഇവര്‍ക്കൊപ്പം അണിചേര്‍ന്നു. പ്രൊഫ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. ജോണ്‍ സി. ജേക്കബ്, ഡോ. ശാന്തി, ഡോ. ശ്യാമസുന്ദരന്‍നായര്‍, ഡോ. കെ.പി. കണ്ണന്‍ എന്നിവരെയും മറന്നുകൂടാ.

    രാഷ്ട്രീയ നേതൃത്വത്തിന്റെ പാരിസ്ഥിതിക നിരക്ഷരത


    കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പാരിസ്ഥിതിക നിരക്ഷരതയാണ് സൈലന്റ്‌വാലിയില്‍ വെളിപ്പെട്ടത്. എം.പി. പരമേശ്വരന്‍, കെ.വി. സുരേന്ദ്രനാഥ്, വര്‍ക്കല രാധാകൃഷ്ണന്‍, സി. നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. ശര്‍മ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് സൈലന്റ്‌വാലിയുടെ കാര്യത്തില്‍ സ്വീകരിച്ചത്. 

    സാക്ഷാല്‍ ഇ.എം.എസ്. പോലും സൈലന്റ്‌വാലിക്കു വേണ്ടി ഉറച്ചൊരു നിലപാടെടുത്തിരുന്നില്ലെന്ന് ഡോ. സതീഷ്ചന്ദ്രന്‍ * ഖേദത്തോടെ ഓര്‍ക്കുന്നു. ഡോ. എം.എസ്. സ്വാമിനാഥന്റെ റിപ്പോര്‍ട്ടാണ് സൈലന്റ്‌വാലിയുടെ അതിജീവനത്തിനു വഴിയൊരുക്കിയ ആദ്യ ഘടകങ്ങളിലൊന്ന്. 1979-ല്‍ ചരണ്‍സിങ് സര്‍ക്കാറിനു നല്കിയ ഈ റിപ്പോര്‍ട്ടില്‍ സൈലന്റ്‌വാലി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഡോ. സ്വാമിനാഥന്‍ കൃത്യമായൊരു നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1980-ല്‍ ഇന്ദിരാഗാന്ധി പ്രൊഫ. എം.ജി.കെ. മേനോന്‍ കമ്മിറ്റിയെ നിയോഗിച്ചതു തന്നെ.

    മാധ്യമങ്ങള്‍


    സൈലന്റ്‌വാലി പ്രക്ഷോഭം വിജയിച്ചതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ ആര്‍ക്കും തള്ളിക്കളയാനാകില്ല. 1979-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മലയാളത്തില്‍ ആദ്യമായി സൈലന്റ്‌വാലിയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം വന്നത്. 'സൈലന്റ്‌വാലിയെ രക്ഷിക്കൂ' എന്ന് പ്രൊഫ. എം.കെ. പ്രസാദ് എഴുതിയ ലേഖനം പ്രക്ഷോഭം മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു. 1980-ല്‍ കേരള കൗമുദിയാണ് സുഗതകുമാരിയുടെ പ്രശസ്തമായ സൈലന്റ്‌വാലി ലേഖനം പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ വഴിയിലേക്ക് സുഗതകുമാരിയുടെ വരവ് വിളിച്ചറിയിച്ച തീവ്രവും ആര്‍ദ്രവുമായ ലേഖനമായിരുന്നു അത്.

    തൃശ്ശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്‌സ്​പ്രസ് ദിനപത്രം സൈലന്റ്‌വാലിക്കു വേണ്ടി അതിശക്തമായ നിലപാടെടുത്തു. എക്‌സ്​പ്രസ്സിന്റെ പത്രാധിപര്‍ ടി.വി. അച്യുതവാരിയര്‍ പേരുവെച്ചെഴുതിയ ലേഖനങ്ങള്‍ മലയാളമാധ്യമ ചരിത്രത്തില്‍ പാരിസ്ഥിതിക അവബോധത്തിന്റെ ജ്വലിക്കുന്ന വഴികാട്ടികളാണ്.

    ദേശീയതലത്തില്‍ സൈലന്റ്‌വാലി പ്രക്ഷോഭത്തിനൊപ്പം നിലകൊണ്ട മുന്‍നിര പത്രം ഹിന്ദുവായിരുന്നു. ഇപ്പോള്‍ ഹിന്ദുവിന്റെ മുഖ്യ പത്രാധിപരായ എന്‍. റാമിന്റെ സവിശേഷ താത്പര്യം ഈ നിലപാടിനു പിറകിലുണ്ടായിരുന്നു.
    അറിയപ്പെടാത്ത ഇന്ദിര

    സൈലന്റ്‌വാലി സംരക്ഷിച്ചതാര് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പേരിലേക്കൊതുക്കേണ്ടിവന്നാല്‍ അത് ഇന്ദിരാഗാന്ധി എന്നുതന്നെയായിരിക്കും. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ പാരിസ്ഥിതിക സമ്മേളനത്തില്‍ പങ്കെടുത്തത് ഇന്ദിരയുടെ വീക്ഷണങ്ങള്‍ക്കു വ്യക്തമായൊരു ദിശാബോധം നല്കിയിരുന്നു. സൈലന്റ്‌വാലിയുടെ കാര്യത്തില്‍ അതാകണം ഇന്ദിരയുടെ തീരുമാനം പാറപോലെ ഉറച്ചതാക്കിയത്. സൈലന്റ്‌വാലി ദേശീയ ഉദ്യാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1984 നവംബര്‍ 15ന് പുറത്തിറങ്ങിയപ്പോള്‍ അതിനുപിറകില്‍ ഇന്ദിര വഹിച്ച നിര്‍ണായക പങ്ക് പിന്നീട് കോണ്‍ഗ്രസ്സുകാര്‍പോലും മറന്നുപോയെന്നത് ഇന്ദിരയുടെ ദുര്യോഗം. സൈലന്റ്‌വാലിയില്‍ നേരിട്ടെത്താനുള്ള ഭാഗ്യവും ഇന്ദിരയ്ക്കുണ്ടായില്ല. 1985-ല്‍ രാജീവ്ഗാന്ധിയാണ് സൈലന്റ്‌വാലിയിലെത്തി ദേശീയ ഉദ്യാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

    കുന്തിപ്പുഴ എന്ന അത്ഭുതം


    ഇന്ത്യയിലിന്നിപ്പോള്‍ ഹിമാലയത്തിനു തെക്ക് ഇതുപോലൊരു പുഴ വേറെയില്ല. ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതില്‍ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. സൈലന്റ്‌വാലിയുടെ ഹൃദയത്തിലൂടെ 25 കിലോമീറ്ററോളം കുന്തി ഒഴുകുന്നത് മനുഷ്യസ്​പര്‍ശമേല്‍ക്കാതെയാണ്. ഒരു പുഴ ജനിക്കുന്നതെങ്ങനെയെന്നറിയണമെങ്കില്‍ കണ്ണാടിപോലെ ഒഴുകുന്ന കുന്തിയുടെ ഉത്ഭവസ്ഥാനമല്ലാതെ നമുക്കു വേറെ ഏതിടമാണുള്ളത്.

    സൈലന്റ്‌വാലി ആത്യന്തികമായിവൃക്ഷങ്ങളുടെ ലോകമാണ്. സിംഹവാലന്‍ കുരങ്ങനും കടുവയും മാത്രമല്ല സൈലന്റ്‌വാലിയെ സൈലന്റ്‌വാലിയാക്കുന്നത്. 50 ദശലക്ഷം വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ ഈ 8952 ഹെക്ടര്‍ ഭൂമിയുടെ മുഖമുദ്ര മഹാവൃക്ഷങ്ങളും അവയ്ക്കു കീഴില്‍ വളരുന്ന സസ്യജാലങ്ങളുമാണ്.

    25 വര്‍ഷങ്ങള്‍ക്കു ശേഷം


    ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ അമ്മയായിരുന്നു സൈലന്റ്‌വാലി പ്രക്ഷോഭം. വികസനത്തിന്റെ സാമ്പ്രദായിക വീക്ഷണങ്ങള്‍ അതു നിശിതമായി ചോദ്യം ചെയ്തു. പുതിയൊരു പാരിസ്ഥിതിക അവബോധത്തിനും സംസ്‌കൃതിക്കും സൈലന്റ്‌വാലി കാരണമായി. ആ അര്‍ഥത്തില്‍ സൈലന്റ്‌വാലിയില്‍ നടന്നത് ശരിക്കും ഒരു വിപ്ലവം തന്നെയായിരുന്നു.
    കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നതും കേരളത്തില്‍ മാറിമാറി സര്‍ക്കാറുകള്‍ വന്നതും കേന്ദ്രത്തില്‍ ഭരണത്തലപ്പത്ത് ഇന്ദിരയെപ്പോലെയൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നുവെന്നതും ഈ വിപ്ലവത്തിന്റെ കുതിപ്പ് എളുപ്പമാക്കി.

    ചീവീടുകള്‍ വളരുമ്പോള്‍


    ചീവീടുകളുടെ അഭാവമായിരുന്നു സൈലന്റ്‌വാലിയുടെ അടയാളങ്ങളില്‍ മുഖ്യം. ഇന്നും സൈലന്റ്‌വാലിയുടെ ഗാഢസ്ഥലികളില്‍ ചീവീടുകളില്ല. പക്ഷേ, പുറത്തെ കാടുകളില്‍ അവ എത്തിക്കഴിഞ്ഞു. മനുഷ്യന്‍ നടത്തിയ കൈയേറ്റങ്ങളെത്തുടര്‍ന്ന് 1980-കളിലാണ് അവ സൈലന്റ്‌വാലിയിലെത്തിയതെന്ന് ഡോ. സതീഷ് ചന്ദ്രന്‍ നിരീക്ഷിക്കുന്നു. ചീവീടുകളുടെ വരവ് ചിലപ്പോള്‍ ഒരു മുന്നറിയിപ്പായിരിക്കാം. 

    ഈ നിത്യഹരിത മഴക്കാടിനു മുന്നില്‍ എളിമയോടെ നില്‍ക്കുക. നിശ്ശബ്ദതയുടെ മറുകരയിലേക്ക് നടന്നുപോയ അന്ധമായ ആ ബ്രിട്ടീഷ് വനിതയുടെ ഓര്‍മയാവട്ടെ നമുക്കു മുന്നില്‍ തെളിയുന്ന പ്രകാശത്തിന്റെ പ്രതിരോധം.


    മറക്കാനാവില്ല ലച്ചിയപ്പനെ

    സൈലന്റ്‌വാലിയുടെ ചരിത്രം പറയുമ്പോള്‍ ലച്ചിയപ്പനെ മറക്കുന്നത് നന്ദികേടായിരിക്കും. സൈലന്റ്‌വാലിയിലെത്തിയ ആദ്യകാല പഠനസംഘങ്ങളെയെല്ലാംതന്നെ ഈ അജ്ഞാത ഭൂമികയുടെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോയത് ലച്ചിയപ്പന്‍ എന്ന ആദിവാസിയായിരുന്നു. ''വഴിത്താരകളില്ലാത്ത സൈലന്റ്‌വാലിയില്‍ ലച്ചിയപ്പനായിരുന്നു വഴികാട്ടിയും സംരക്ഷകനും. ലച്ചിയപ്പനില്ലായിരുന്നുവെങ്കില്‍ ഇന്നുള്ള അറിവുകളില്‍ പലതും ലഭ്യമാകുമായിരുന്നില്ല'' -ഡോ. സതീഷ്ചന്ദ്രന്‍ പറയുന്നു.


    അഞ്ചുകോടി വര്‍ഷത്തിന്റെ പൈതൃകം

    ഏതാണ്ട് അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. എന്നുവെച്ചാല്‍, അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് ഈ മഴക്കാട് അതിന്റെ ചിറകിന്നടിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്രമുള്ള ഈ വനമേഖലയിലേക്ക് പക്ഷേ, ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970-കളില്‍ മാത്രമാണ്. സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം. എന്നാല്‍ അതിന് മുമ്പ് പല ഗവേഷകരും ഈ അപൂര്‍വ വനമേഖലയുടെ ജൈവസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നീലഗിരിക്ക് തെക്കുപടിഞ്ഞാറന്‍ കോണില്‍ സ്ഥിതിചെയ്യുന്ന 8952 ഹെക്ടര്‍ വരുന്ന ഈ വനമേഖലയില്‍ നടന്ന ഗവേഷണങ്ങളുടെയും, സൈലന്റ് വാലിയെ രക്ഷിക്കാന്‍ നടന്ന ചെറുത്തുനില്‍പ്പിന്റെയും ചരിത്രത്തിന്റെ നാള്‍വഴിയിലൂടെ...


    പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയില്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യസ്​പര്‍ശമേറ്റതിന് തെളിവേ രേഖയോ ഇല്ല. 

    1840-1853 : 
    പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റ്, സൈലന്റ് വാലി ഉള്‍പ്പെട്ട നീലഗിരി മേഖലയിലെ സസ്യയിനങ്ങളെക്കുറിച്ചു നടത്തിയ പഠനം ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. Icones plantarum Indiae orientalis എന്ന പേരിലുള്ള ആ ഗ്രന്ഥപരമ്പരയില്‍ 2101 സസ്യവര്‍ഗങ്ങളുടെ രേഖാചിത്രങ്ങള്‍ അടക്കമുള്ള വിശദവിവരങ്ങളുണ്ട്. ഏഴ് പുതിയ സസ്യയിനങ്ങളെ അദ്ദേഹം സൈലന്റ് വാലിയിലെ സിസ്​പാറയില്‍ നിന്നു മാത്രം തിരിച്ചറിഞ്ഞു.

    1845 :
     റിച്ചാര്‍ഡ് ഹെന്‍ട്രി ബെഡ്ഡോം സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് പഠനം തുടങ്ങി. അദ്ദേഹം സൈലന്റ് വാലിയില്‍ നിന്ന് പതിറ്റാണ്ടുകളോളം സംപിളുകള്‍ ശേഖരിച്ചു. ബെഡ്ഡോം ശേഖരിച്ച സാംപിളുകള്‍ കോയമ്പത്തൂരിലെ ബി.എസ്.ഐ.ഹെര്‍ബേറിയത്തിനാണ് നല്‍കിയത്. സൈലന്റ് വാലിയില്‍ പഠനം നടത്തിയ ആദ്യ പ്രൊഫഷണല്‍ സസ്യശാസ്ത്രജ്ഞന്‍ ജെയിംസ് സൈക്കെസ് ഗാമ്പിള്‍ ആണ്. സിസ്​പാറയിലും വളപ്പാറയിലും അദ്ദേഹം വിശദമായ പഠനങ്ങള്‍ നടത്തി. 'ഫ്‌ളോറ ഓഫ് ദി പ്രസിഡന്‍സ് ഓഫ് മദ്രാസ്സ്' തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൈലന്റ് വാലിയിലും പഠനം നടത്തിയത്. 

    1847 : 
    സൈലന്റ് വാലിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഔദ്യോഗിക അന്വേഷണം. കുന്തിപ്പുഴയുടെ വൃഷ്ടിപ്രദേശമായ ഈ താഴ്‌വരയില്‍ സ്വകാര്യവ്യക്തികള്‍ക്കാര്‍ക്കും അവകാശമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

    1847-1873 : 
    മേഖല സര്‍ക്കാരിന്റെ പരിപൂര്‍ണ അധീനതയില്‍ പെട്ടതാണെന്ന് വ്യക്തമായതോടെ, അതിന്റെ മധ്യഭാഗത്തായി 400 ഹെക്ടര്‍ പ്രദേശം കാപ്പി പ്ലാന്റേഷന്‍കാര്‍ക്ക് അനുവദിച്ചു. 

    1888 :
     മദ്രാസ്സ് വനനിയമത്തിന്റെ 26-ാം പരിച്ഛേദം അനുസരിച്ച് സൈലന്റ് വാലി മുഴുവന്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ അവകാശത്തിലാണെന്ന് വിജ്ഞാനപനം പുറത്തു വന്നു. 

    1889 : 
    കാപ്പി കൃഷി ചെയ്യാനുള്ള വിഫലശ്രമങ്ങള്‍ക്കൊടുവില്‍ പ്ലാന്റര്‍മാര്‍ പിന്‍വാങ്ങി.

    1901 : 
    സെലക്ഷന്‍ ഫെല്ലിങ് വഴി സൈലന്റ് വാലിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള ആദ്യ ശ്രമങ്ങള്‍. 

    1914 : 
    സൈലന്റ് വാലിയിലെ 89.52 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ റിസര്‍വ് വനമായി പ്രഖ്യാപിച്ചു. 1914 മെയ് 18 -നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്, അതേവര്‍ഷം ജൂണ്‍ ഒന്‍പതിന് സെന്റ് ജോര്‍ജ് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

    1921 : 
    സൈലന്റ് വാലി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യമായി ഉയരുന്നു. (അതുവരെ നിലമ്പൂര്‍ ആസ്ഥാനമായുള്ള സൗത്ത് മലബാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലായിരുന്ന സൈലന്റ് വാലി, പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലായതും ഇതേ വര്‍ഷമാണ്). 

    1928 : 
    തിരഞ്ഞെടുത്ത മരങ്ങള്‍ മാത്രം ഇവിടെ നിന്ന് മുറിച്ചു മാറ്റാനുള്ള സെലക്ഷന്‍ ഫെല്ലിങ് സമ്പ്രദായത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. (സെലക്ഷന്‍ ഫെല്ലിങിനായി ടി.വി. വെങ്കിടേശ്വര അയ്യര്‍ (1933-34 കാലയളവ്), വാന്‍ ഹേഫ്റ്റന്‍ (1943-58 കാലയളവ്), ഇ.മുഹമ്മദ് (1954-74 കാലയളവ്), എസ്.ചാന്ദ് ബാഷ (1975-85 കാലയളവ്) എന്നിവര്‍ പില്‍ക്കാലത്ത് പ്രവര്‍ത്തന രേഖ തയ്യാറാക്കി). ഈ പതിറ്റാണ്ടുകള്‍ക്കിടയില്‍ സൈലന്റ് വാലിയില്‍ നിന്ന് 48,000 ഘനമീറ്റര്‍ തടി സെലക്ഷന്‍ ഫെല്ലിങ് വഴി മുറിച്ചു മാറ്റിയെന്നാണ് കണക്ക്.

    1931 :
     സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതിക്കായി അന്നത്തെ ഫോറസ്റ്റ് എന്‍ജിനിയര്‍ ആയിരുന്ന ഇ.എസ്.ഡോസണ്‍ പ്രാഥമിക പഠനം നടത്തി.


    1941 : 
    സസ്യശാസ്ത്രപഠനത്തിന്റെ ഭാഗമായി എന്‍.എല്‍.ബോര്‍ സൈലന്റ് വാലിയില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. 1846-1947 കാലത്ത് 21 പുതിയയിനം സസ്യങ്ങളെ സൈലന്റ് വാലിയില്‍ നിന്ന് വിവിധ ഗവേഷകര്‍ കണ്ടെത്തി.

    1951 :
     സൈലന്റ് വാലി പദ്ധതിക്കായുള്ള ആദ്യ വിവരശേഖരണം. 

    1972 :
     ലോകമെമ്പാടും പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് സ്‌റ്റോക്ക്‌ഹോമില്‍ 'യു.എന്‍.കോണ്‍ഫറന്‍സ് ഓണ്‍ ഹ്യുമണ്‍ എന്‍വിരോണ്‍മെന്റ്' നടന്നു. വരും തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുള്‍പ്പടെ 130 രാഷ്ട്രങ്ങള്‍ അംഗീകരിച്ചു. 

    1973 ജനവരി 5 : 
    സൈലന്റ് വാലിയിലെ സൈരന്ധ്രിയില്‍ 522 മെഗായൂണിറ്റ് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ പ്ലാനിങ് കമ്മിഷന്റെ പച്ചക്കൊടി ലഭിക്കുന്നു. വൈദ്യുതോത്പാദനം മാത്രമല്ല, പാലക്കാട് ജില്ലയിലെ 25,000 ഹെക്ടര്‍ പ്രദേശത്ത് ജലസേചനവും സാധ്യമാക്കുമെന്ന് പ്രതീക്ഷ. 830 ഹെക്ടര്‍ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നു.

    1973 ജൂണ്‍ 16 : 
    സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്ന് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 1978-79 ല്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്ന് പ്രതീക്ഷ.

    1976 ഒക്ടോബര്‍ : 
    സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതു വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നാഷണല്‍ കമ്മറ്റി ഓണ്‍ എന്‍വിരോണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ (എന്‍.സി.ഇ.പി.സി) ശുപാര്‍ശ ചെയ്തു. പദ്ധതി നടപ്പാക്കിയാല്‍ തന്നെ ആവശ്യമായ മുന്‍കരുതലോടെ വേണം അതെന്നും കമ്മറ്റിയുടെ കര്‍മസേന ശുപാര്‍ശ ചെയ്തു. (പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍, എന്‍.സി.ഇ.പി.സി.ശുപാര്‍ശ ചെയ്ത് മുന്‍കരുതലുകള്‍ ഉറപ്പു വരുത്താനായി 1979-ല്‍ 'സൈലന്റ് വാലി പ്രൊട്ടക്ടഡ് ഏരിയ (പ്രൊട്ടെക്ഷന്‍ ആന്‍ഡ് ഇക്കോളജിക്കല്‍ ബാലന്‍സ്) ആക്ട്' നടപ്പിലാക്കി)

    1978 ഫിബ്രവരി : 
    സൈലന്റ് വാലി വനപ്രദേശം സംരക്ഷിക്കാന്‍, കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

    1978 സപ്തംബര്‍ : 
    സൈലന്റ് വാലിയിലേത് ഉള്‍പ്പടെ പശ്ചിമഘട്ടത്തിലെ വനമേഖലകള്‍ കൂടുതല്‍ കാര്യക്ഷമമായി സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് (ഐ.യു.സി.എന്‍) പാസാക്കി. ഏതാണ്ട് ഇതേ സമയത്തു തന്നെ, സൈലന്റ് വാലി എന്നത് അത്യപൂര്‍വമായ ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും ആവാസമേഖലയാണെന്ന്, ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (എം.എന്‍.എച്ച്.സി) കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി.

    1978 ഒക്ടോബര്‍ 15 :
     പകരം പദ്ധതികളെക്കുറിച്ച് പഠിക്കുകയും സാധ്യതകള്‍ ആരായുകയും ചെയ്യുംമുമ്പ് സൈലന്റ് വാലിയെ നശിപ്പിക്കുന്ന നടപടി പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കെ.എസ്.എസ്.പി) പാസാക്കി.

    1978 ഡിസംബര്‍:
     ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഫ്‌ളോറിസ്റ്റിക് സ്റ്റഡീസുമായി ബന്ധപ്പെട്ട സിംപോസിയത്തിന് കോയമ്പത്തൂരില്‍ ഒത്തു ചേര്‍ന്ന ശാസ്ത്രജ്ഞര്‍, സൈലന്റ് വാലിയിലെ സസ്യസമ്പത്ത് സംരക്ഷിക്കാനായി പദ്ധതി ഉപേക്ഷിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഏതാണ്ട് ഇതേ സമയത്ത് തന്നെ, വംശനാശഭീഷണി നേരിടുന്ന അപൂര്‍വ ജീവിവര്‍ഗമായ സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന ആവാസകേന്ദ്രമായ സൈലന്റ് വാലിയിലെ എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാനും പ്രദേശത്തെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കാനും, ഇന്റര്‍നാഷണല്‍ പ്രൈമറ്റോളജിക്കല്‍ സൊസൈറ്റിയുടെ ഏഴാം കോണ്‍ഗ്രസ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    1979 ജൂലായ് :
     സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹിക -സാമ്പത്തിക വശങ്ങളും അവലോകനം ചെയ്ത് അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്ന പഠനറിപ്പോര്‍ട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തി.

    1979 ജൂലായ് 18 : 
    സൈലന്റ് വാലി പദ്ധതിക്കെതിരെ പയ്യന്നൂര്‍ കോളേജിലെ സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ ജാഥ. ജൂലായ് 16 മുതല്‍ 22 വരെ നടന്ന 'സേവ് സൈലന്റ് വാലി' വാരാചരണത്തിന്റെ ഭാഗമായിരുന്നു പയ്യന്നൂരിലെ ജാഥ. ജോണ്‍സി ജേക്കബ്ബായിരുന്നു സംഘാടകന്‍.

    1979 ഒക്ടോബര്‍ : 
    കേന്ദ്ര കൃഷി-ജലസേചന മന്ത്രാലയം സെക്രട്ടറി ഡോ.എം.എസ്.സ്വാമിനാഥന്‍ സൈലന്റ് വാലി സന്ദര്‍ശിച്ച്, സംസ്ഥാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം, സൈലന്റ് വാലി പദ്ധതിക്ക് എതിരായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.

    1980 : 
    കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു വനപ്രദേശവും വനേതരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര വന (സംരക്ഷണ) നിയമം, 1980' നിലവില്‍ വന്നു. 

    1980 ജനവരി :
     ഡോ.സ്വാമിനാഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സൈലന്റ് വാലിയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

    1980 ഏപ്രില്‍ 26 : 
    സൈലന്റ് വാലി പദ്ധതിയുമായി നേരിട്ടു ബന്ധമുള്ള ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും എന്‍ജിനിയര്‍മാരെയും വിളിച്ചു കൂട്ടി സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ ചര്‍ച്ച. അതിന്റെ അടിസ്ഥാനത്തില്‍, പദ്ധതി പ്രദേശം ഒഴിവാക്കിക്കൊണ്ട് സൈലന്റ് വാലി റിസര്‍വ് വനത്തെ നാഷണല്‍ പാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

    1980 ആഗസ്ത് :
     സൈലന്റ് വാലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിക്ക് കാര്യമായ ദോഷം ചെയ്യാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോ എന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍, പ്രൊഫ.എം.ജി.കെ.മേനോന്റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരും കേന്ദ്രവും സംയുക്ത സമിതിയെ നിയമിക്കാന്‍ തീരുമാനമായി.


    1981 : 
    സൈലന്റ് വാലിയിലെ സസ്യസമ്പത്ത്, ജലവൈദ്യുതി പദ്ധതി വന്നാലുള്ള ഭവിഷ്യത്ത്, സൈലന്റ് വാലിയുടെ പാരിസ്ഥിതികമായ പ്രത്യേകതകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തു വന്നു. 

    1982 ഡിസംബര്‍ : 
    പ്രൊഫ.എം.ജി.കെ.മേനോന്‍ കമ്മറ്റി അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ 1983-ല്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

    1984 നവംബര്‍ 15 : 
    പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കേരള സര്‍ക്കാര്‍ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുകയും, സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തു. 89 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്.

    1985 സപ്തംബര്‍ 7 :
     അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. 

    1988 മെയ് 16 : 
    സൈലന്റ് വാലിയെ ഒരു പ്രത്യേക സംരംക്ഷിത ഡിവിഷനായി വിജ്ഞാപനം ചെയ്തു.