Monday, May 7, 2012

ഇരുളിന്‍ മഹാനിദ്രയില്‍



ഇരുളിന്‍ മഹാനിദ്രയില്‍
ആ ശിശുവിന്റെ അദ്ഭുതനിദ്ര തുടരുകയാണ്. ഒന്നരലക്ഷം വര്‍ഷം മുമ്പ് പുതുച്ചേരി ഓടൈ ഗ്രാമത്തിലെ ചെമ്മണ്‍കൂനയിലേക്ക് അന്തര്‍ധാനം ചെയ്തതാണവള്‍. ആ ചെമ്മണ്‍കൂന പിന്നീട് ചെങ്കല്ലായി, വെട്ടുകല്ലായി. ശതസഹസ്രം വര്‍ഷം കഴിഞ്ഞപ്പോള്‍ കാലം അവള്‍ക്ക് 'അഹല്യാമോക്ഷം' നല്‍കി. അങ്ങനെ കാതങ്ങള്‍ താണ്ടി കൊല്ലത്തെത്തി. തെക്കന്‍ കേരളത്തിലെ ഏതോ ബാങ്കിന്റെ ഇരുളറയിലെ ശൈത്യവും ഉഷ്ണവുമേറ്റ് കഴിയുകയാണിപ്പോള്‍. ചെങ്കല്ലിനുള്ളിലെ അവളുടെ വിസ്മയ ജീവിതം കണ്ട് ശാസ്ത്രലോകത്തിന് ഉറക്കം നഷ്ടപ്പെട്ടിട്ട് പതിറ്റാണ്ടാകുന്നു. മൃതദേഹങ്ങളെയും ഫോസിലുകളെയും പുരാവസ്തുക്കളെയും കുറിച്ചുള്ള മുന്‍ധാരണകളാണ് ഇതിനിടെ തിരുത്തപ്പെട്ടത്. യു.ജി.സി റിസര്‍ച് സയന്റിസ്റ്റും മുതിര്‍ന്ന പുരാവസ്തു ശാസ്ത്രജ്ഞനുമായ കൊല്ലം സ്വദേശി ഡോ. പി.രാജേന്ദ്രനാണ് ആ ശിശുവിന്റെ ഉറക്കത്തിന് കാവലിരിക്കുന്നത്.

വര്‍ഷം 2001. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രഭാഷണത്തിനെത്തിയതാണ് ഡോ. രാജേന്ദ്രന്‍. സര്‍വകലാശാലയിലേക്കുള്ള യാത്രക്കിടെ ഓടൈയിലെത്തിയപ്പോള്‍ ചരിത്രത്തിന്റെ വിളി രാജേന്ദ്രന്‍ കേട്ടു. പ്രദേശത്തെ മണ്ണടരുകളിലെ കൗതുകകരമായ വ്യതിയാനമാണ് കണ്ണിലുടക്കിയത്. പ്രാഥമിക പരിശോധനയില്‍ ചരിത്രാതീതകാലത്തെ ശിലായുധങ്ങളും മറ്റും കിട്ടി. ഫലഭൂയിഷ്ടമായ മണ്ണാണെന്ന് ഉറപ്പായതോടെ ഉദ്ഖനനത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിവാങ്ങി. പോണ്ടിയിലെ കനത്ത വെയിലും ചൂടും വകവെക്കാതെ പത്ത് ദിവസം. പത്താംദിനം ഉച്ച. ഖനനം നിര്‍ത്തി ഊണിനും വിശ്രമത്തിനുമായി സംഘം മടങ്ങുകയാണ്. അപ്പോള്‍ ചെങ്കല്ലില്‍ ബട്ടണിന്റെ വലിപ്പമുള്ള ഒരു കാഴ്ച രാജേന്ദ്രന്റെ ശ്രദ്ധയില്‍ പെടുന്നു. ഉണങ്ങിയ ചര്‍മം പോലെ എന്തോ ഒന്ന്. സൂചിയും ബ്രഷും കൊണ്ട് ആ വൃത്തം വലുതാക്കാന്‍ ശ്രമിച്ചു. സൂക്ഷ്മമായാണ് ചെയ്തതെങ്കിലും പൊടുന്നനെ ഒരു ദ്വാരം അവിടെ രൂപപ്പെട്ടു. ആ കാഴ്ച ശരീരത്തില്‍ വൈദ്യുതാഘാതം കടത്തിവിട്ടെന്ന് ഡോ. രാജേന്ദ്രന്‍ പറയുന്നു. ഒപ്പം 'പതപ്പ്' എന്ന വാക്ക് ഇടിത്തീപോലെ മനസ്സില്‍ വന്ന് വീണു. പതപ്പെന്നാല്‍ നവജാതശിശുക്കളുടെ ശിരസ്സിലെ ദുര്‍ബലഭാഗം. ചെങ്കല്ലിനുള്ളില്‍ തലയോട്ടിയുണ്ടെന്ന സംശയം ബലപ്പെട്ടു. വലിയ വെട്ടുകല്ലിന്റെ വലിപ്പത്തില്‍ ആ ഭാഗം വെട്ടിയെടുത്തു.

കല്ല് നേരെ കൊല്ലത്തെ വീട്ടിലെത്തിച്ചു. പുരാവസ്തു ഖനനങ്ങളില്‍ സാധാരണ വസ്തുക്കളാണ് കിട്ടാറ്. പക്ഷേ, ഇത് ഒരു വസ്തു അടങ്ങിയ ശിലയും. കല്ല് പൊട്ടിക്കാന്‍ നോക്കിയാല്‍ വസ്തു നഷ്ടപ്പെടാം. പൊട്ടിക്കാതെ പരിശോധിക്കാന്‍ അന്ന് സംവിധാനങ്ങളോ കീഴ്വഴക്കങ്ങളോ നിലവിലില്ല. ശിശുവിന്റെ തലയോട്ടിയാണോ കണ്ടതെന്ന ചിന്ത രാജേന്ദ്രനെ അലട്ടിക്കൊണ്ടിരുന്നു. പല സാധ്യതകളും ആലോചിച്ചു. ഒന്നും ശരിയാകുന്നില്ല. അപ്പോഴാണ് എക്സ്റേ എടുത്താലെന്തെന്ന ചിന്ത മുളച്ചത്. കൊല്ലത്തെ ഒരു ആശുപത്രിയില്‍ കല്ലും കൊണ്ടുപോയി. കല്ലില്‍ എക്സ്റേ സാധിക്കുമോ എന്ന സംശയത്തിലായി ഡോക്ടര്‍. എന്തായാലും എക്സ്റേ എടുത്തു. കല്ലിനുള്ളില്‍ അസ്ഥിയാണെന്ന് എക്സ്റേ സ്ഥിരീകരിച്ചു. തലയോട്ടിയാണെന്നും വ്യക്തമായി. ചെങ്കല്ലിനുള്ളില്‍ അസ്ഥി നിലനില്‍ക്കുകയെന്നത് അസംഭവ്യമെന്നാണ് ശാസ്ത്ര നിഗമനം. ആ ധാരണ തെറ്റുകയാണ്.

പിന്നെ 2 ഡി സ്കാനിങ്. അപ്പോഴതാ തലയോട്ടിക്കകത്ത് തലച്ചോറ് തെളിഞ്ഞുവന്നു. പക്ഷേ, ടെസ്റ്റ് നടത്തിയ വിദഗ്ധന്‍ സമ്മതിക്കുന്നില്ല. ഒരിക്കലും മൃതദേഹത്തില്‍ തലച്ചോര്‍ അതേപോലെ തുടരില്ല. തണുത്ത അന്തരീക്ഷത്തിലാണെങ്കില്‍ മരണം സംഭവിച്ച് 24 മണിക്കൂറിനകം തലച്ചോര്‍ ഉരുകി മൂക്ക്, വായ, ചെവി എന്നിവ വഴി പുറത്തുപോകും. വരണ്ട സാഹചര്യങ്ങളില്‍ തലച്ചോര്‍ ചുരുങ്ങി ഉണങ്ങിയ തക്കാളിപോലെ ആയി ത്തീരും. ഇവിടെയാകട്ടെ, തലച്ചോറിന് ഒന്നും സംഭവിച്ചിട്ടില്ല.

3 ഡി സ്കാനിങ് എവിടെ ചെയ്യാന്‍ പറ്റുമെന്നായി പിന്നെ അന്വേഷണം. അന്ന് ഇന്ത്യയില്‍ ആ സംവിധാനം അത്ര പരിചിതമല്ല. കുറെക്കാലം കഴിഞ്ഞപ്പോള്‍ കൊല്ലത്തെ ഉപാസന ആശുപത്രിയില്‍ 3 ഡി സ്കാനര്‍ വാങ്ങിയതായി അറിഞ്ഞ് അവിടെ എത്തി. തലയോട്ടിയുടെ എല്ലാം വിശദാംശങ്ങളും വ്യക്തമായി. അതൊരു കുഞ്ഞിന്റേതാണെന്ന് ഉറപ്പായതും അവിടെ വെച്ചാണ്.
2004ല്‍ തിരുവനന്തപുരത്ത് ജിയോളജിക്കല്‍ കോണ്‍ഫറന്‍സില്‍ ഡോ. രാജേന്ദ്രന്‍ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. മണ്ണരടുകള്‍ ലക്ഷം വര്‍ഷം കൊണ്ട് ചെങ്കല്ലായി മാറുമ്പോള്‍ അതിനിടയില്‍ പെടുന്ന ജീവി ദ്രവിച്ചില്ലാതാകും, അല്ലെങ്കില്‍ ചെങ്കല്‍ രൂപവത്കരണ പ്രക്രിയക്കിടെ ജീവിയുടെ ശേഷിപ്പ് തകര്‍ക്കപ്പെടും. എന്തായാലും അതേപടി ഒരിക്കലും ഉണ്ടാകില്ല. രാജേന്ദ്രന്റെ കണ്ടെത്തലുകള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി. അവരുടെ സിദ്ധാന്തങ്ങളുടെ അടിത്തറ തകരുകയാണ്.

പിന്നീട് ഭാഭ അറ്റോമിക് റിസര്‍ച് സെന്ററിലെ ഡോ. ചൗഗാങ്കര്‍ കാല നിര്‍ണയത്തിനായി കാര്‍ബണ്‍ ഡേറ്റിങ് നടത്തി. പഴക്കം 1.66 ലക്ഷം വര്‍ഷം. നാലുമാസം പ്രായമുള്ള ശിശു മണ്ണിനടിയില്‍പെട്ടത് ജീവനോടെയാണെന്നും തുടര്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞു. പിന്നീടാണ് ഇതിനെന്ത് പേരിടണമെന്ന ആലോചന തുടങ്ങിയത്. മൂന്നുമാസത്തെ ചിന്ത. ഒടുവില്‍ പേര് കിട്ടി, ലാറ്ററൈറ്റ് ബേബി (ചെങ്കല്‍ ശിശു).

പുരാവസ്തുക്കള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്റാണ്. ഇതിന്റെ വിപണനത്തിനായി വലിയ അധോലോകസംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ലോകത്ത് ചെങ്കലില്‍ ശേഷിക്കുന്ന ഏക ഫോസിലാണ് ലാറ്ററൈറ്റ് ബേബി. ഇത്തരം വസ്തുക്കള്‍ക്ക് ആഗോള കരിഞ്ചന്തയില്‍ മോഹവിലയാണ്. രാജ്യാന്തരശ്രദ്ധ നേടിയതോടെ വീട്ടിലോ ഓഫിസിലോ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാതായി. അങ്ങനെയാണ് ബാങ്ക് ലോക്കറിലേക്ക് മാറ്റപ്പെട്ടത്. ഡോ. രാജേന്ദ്രന് ഔദ്യോഗികമായി ലഭിച്ച തുച്ഛമായ തുകയേക്കാള്‍ ലക്ഷങ്ങളാണ് ഈ പഠനത്തിന് ചെലവായത്. ഇനിയും എത്രയോ പഠനങ്ങള്‍ ബാക്കികിടക്കുന്നു. എത്രയോ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. പക്ഷേ, ശാസ്ത്രത്തിന് ഉത്തരം പറയാനാകാത്ത ചോദ്യങ്ങളുമുണ്ടല്ലോ ഈ ലോകത്ത്. ആരായിരുന്നു ആ ശിശു? ഏതമ്മയുടെ കൈയില്‍ നിന്നാണ് ആ കുഞ്ഞിനെ ഭൂമി തന്റെ ഹൃദയത്തിലേക്ക് വലിച്ചെടുത്തത്?

No comments:

Post a Comment