സൈലന്റ് വാലി ഒരു ദൃഷ്ടാന്തമാണ്, മനുഷ്യരുടെ നാവിലൂടെ ഒരു കാടിന് ശബ്ദിക്കാന്‍ കഴിയും എന്നതിന്റ ദൃഷ്ടാന്തം. സൈലന്റ് വാലിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ എല്ലാ തുറയിലുമുണ്ട്, സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാര്‍ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും സാധാരണക്കാരും ശാസ്ത്രജ്ഞരും എഴുത്തുകാരും എല്ലാം. ആ കാട് നശിപ്പിക്കരുതെന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അമൂല്യവും പകരം വെയ്ക്കാനാകാത്തതുമായ ഉഷ്ണമേഖലാകാടിന്റെ ഒരു തുരുത്താണ് സൈലന്റ് വാലി എന്നും അവിടെ വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ അപൂര്‍വ സസ്യജാതികളും ജീവികളും ഉണ്ടെന്നും ലോകമറിഞ്ഞു. സൈലന്റ് വാലി അങ്ങനെ കേരളീയരുടെ പ്രകൃതി സംരക്ഷണ ചരിത്രത്തിലെ മിന്നുന്ന ഏടായി.
സൈലന്റ് വാലിക്കു വേണ്ടി നടന്ന ചെറുത്തുനില്‍പ്പിന് പിന്നില്‍ ഒട്ടേറെ സുമനസുകളുടെ അക്ഷീണപ്രയത്‌നമുണ്ട്, ത്യാഗമുണ്ട്. പരിഹാസങ്ങളും ഭീഷണികളും അവഗണിച്ച് മുന്നോട്ടുപോകാന്‍ അവര്‍ കാണിച്ച തന്റേടമാണ് സൈലന്റ് വാലിയെ രക്ഷിച്ചത്. അതിന് വേണ്ടി ആദ്യാവസാനം നിലകൊണ്ട, ഒരര്‍ഥത്തില്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് തുടക്കമിട്ടവരില്‍ തന്നെ പ്രധാനിയാണ് പ്രൊഫ. എം.കെ.പ്രസാദ്. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റായ അദ്ദേഹം യുണൈറ്റഡ് നേഷന്‍സ് പരിസ്ഥിതി പ്രോഗ്രാ (യു.എന്‍.ഇ.പി) മിന്റെ മില്ലേനിയം ഇക്കോസിസ്റ്റം അസെസ്സ്‌മെന്റ് ബോര്‍ഡംഗമായിരുന്നു. ഐ.യു.സി.എന്‍, ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്), ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിരോണ്‍മെന്റ് (സി.എസ്.ഇ), അഹമ്മദാബാദിലെ വാട്ടര്‍ കോണ്‍ഫ്ലക്ട് ഫോറം തുടങ്ങി ഒട്ടേറെ സംഘടനകളിലും ഫോറങ്ങളിലും അംഗമായി ഇന്നും പ്രവര്‍ത്തിക്കുന്നു. സൈലന്റ് വാലി പ്രശ്‌നം എങ്ങനെ ഒരു ജനതയുടെ മനസാക്ഷിയുടെ പ്രതിഫലനമായി മാറിയെന്നും, ഇന്ത്യയിലെ തന്നെ ആദ്യ ബഹുജന പരിസ്ഥിതിവിദ്യാഭ്യാസ പ്രസ്ഥാനമായി സൈലന്റ് വാലി എങ്ങനെ രൂപപ്പെട്ടെന്നും അദ്ദേഹം വിവരിക്കുന്നു. പ്രൊഫ. എം.കെ. പ്രസാദുമായി ജോസഫ് ആന്റണി നടത്തിയ അഭിമുഖം.
സൈലന്റ് വാലി ഭീഷണിയുടെ നിഴലില്‍ നിന്ന് ഒഴിഞ്ഞത് അതൊരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ്. ആ പ്രഖ്യാപനത്തിന് 2009 നവംബര്‍ 15-ന് കാല്‍നൂറ്റാണ്ട് തികയുന്നു. സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ ആ സമരത്തെ ഇന്ന് എങ്ങനെ കാണുന്നു ?
സമരം എന്ന് പറയുന്നത് ശരിയല്ല. സൈലന്റ് വാലി സംരക്ഷിക്കുന്നതിനായി പദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള ആസൂത്രിതമായ സമരമോ പ്രക്ഷോഭമോ ഒന്നും നടന്നിട്ടില്ല, ചെറുത്തുനില്‍പ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ഇടുക്കി പൂര്‍ത്തിയാകുന്ന സമയത്താണ് സൈലന്റ്‌വാലി പദ്ധതി അംഗീകരിക്കപ്പെടുന്നത്. ഇടുക്കിയിലേത് ഉള്‍പ്പടെ കേരളത്തില്‍ അന്നുവരെ ഒരു ജലവൈദ്യുത പദ്ധതിക്കും ഉണ്ടാകാത്തത്ര തോതിലുള്ള എതിര്‍പ്പ് സൈലന്റ്‌വാലി പദ്ധതിയുടെ കാര്യത്തിലുണ്ടായി. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു, അതിന്റെ പശ്ചാത്തലം എന്തായിരുന്നു?
സൈലന്റ് വാലി പദ്ധതിക്ക് 1973ല്‍ പ്ലാനിങ് കമ്മിഷന്റെ അനുമതി കിട്ടിയതാണ്. അന്ന് പക്ഷേ, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പക്കല്‍ പണമില്ലാതിരുന്നതിനാലോ എന്തോ അവര്‍ പദ്ധതിയുടെ നിര്‍മാണത്തിന് കാര്യമായി ഒന്നും ചെയ്തില്ല. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തതിന് ശേഷം ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സമ്മര്‍ദഫലമായാണ് സൈലന്റ് വാലി പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡ് ഏറ്റെടുക്കുന്നത്. യഥാര്‍ഥത്തില്‍, സൈലന്റ് വാലി പദ്ധതി അംഗീകരിക്കപ്പെട്ട് വര്‍ഷങ്ങളോളം അതിനെതിരെ ആരും പ്രതികരിച്ചില്ല എന്നതാണ് വാസ്തവം. സൈലന്റ് വാലി എന്നൊരു പ്രദേശമുണ്ടെന്നു പോലും കേരളത്തില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമാണ് സൈലന്റ് വാലിയെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങുന്നത്, വേള്‍ഡ് വൈഡ് ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫര്‍ ഫത്തേഹല്ലിയോട്, പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം 'നാഷണല്‍ കമ്മറ്റി ഫോര്‍ എന്‍വിരോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് കണ്‍സര്‍വെഷന്‍'(എന്‍.സി.പി.സി.ഇ) ആവശ്യപ്പെടുന്നതോടെയാണ്; 1976-ലായിരുന്നു അത്.
ഫത്തേഹല്ലിയും സംഘവും കര്‍ണാടകത്തില്‍ നിന്നാണ് തുടങ്ങിയത്. ആദ്യം കുദ്രമുഖില്‍ പോയി. നല്ല മഴക്കാടുകളുണ്ടായിരുന്ന അവിടം ഖനനം മൂലം നശിച്ചു കഴിഞ്ഞതായി മനസിലാക്കി. അങ്ങനെ അവര്‍ തെക്കോട്ടു വന്നു, സൈലന്റ് വാലി കണ്ടു. സംരക്ഷിക്കപ്പെടേണ്ട കുറ്റമറ്റ പ്രദേശമാണ് അതെന്ന് ഫത്തേഹല്ലിയും സംഘവും മനസിലാക്കി. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട, ഒരു സ്ഥലത്തുകൂടി മാത്രം മനുഷ്യന് എത്തിപ്പെടാന്‍ കഴിയുന്ന വനപ്രദേശമാണ് സൈലന്റ് വാലി. മാത്രമല്ല, അവിടുള്ളത് കന്യാവനമാണ്, യഥാര്‍ഥ ഉഷ്ണമേഖലാ മഴക്കാട്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അവിടെ ഒരു ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആ പദ്ധതി വന്നാല്‍, സൈലന്റ് വാലിയിലെ വനം സംരക്ഷിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും, മുന്‍കരുതലുകള്‍ എന്തൊക്കെ വേണം എന്നു കാണിച്ച് ഫത്തേഹല്ലിയും സംഘവും റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.
അന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടി (ഡബ്ല്യു.ഡബ്ല്യു.എഫ്) ന്റെ സതേണ്‍ കമ്മറ്റിയില്‍ അംഗമായിരുന്ന എന്റെ പക്കല്‍, ഫത്തേഹല്ലിയുടെ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി വന്നുപെട്ടു. ആ റിപ്പോര്‍ട്ടില്‍ നിന്നാണ് സൈലന്റ് വാലിയെപ്പറ്റി ഞാന്‍ ആദ്യമായി അറിയുന്നത്. ഇത്ര വിലപ്പെട്ട വനപ്രദേശമാണ് സൈലന്റ് വാലിയെങ്കില്‍ അതൊന്ന് കാണണമല്ലോ എന്ന് കരുതി. അന്ന് ഞാന്‍ കാലിക്കറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി അധ്യാപകനാണ്. അവിടുത്തെ സുവോളജി വകുപ്പിലെ രാമകൃഷ്ണന്‍ പാലാട്ടുമായി ചേര്‍ന്ന് സൈലന്റ് വാലി സന്ദര്‍ശിക്കാന്‍ തിരിച്ചു. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ കുടുംബത്തില്‍പെട്ട ശ്രീകുമാര്‍ എന്ന ചെറുപ്പക്കാരന്‍ അന്ന് കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നുണ്ട്, അദ്ദേഹവും സഹായിച്ചു. രാമകൃഷ്ണന്‍ പാലാട്ടിന്റെ ക്ലാസ്‌മേറ്റായിരുന്ന ശങ്കരന്‍ എന്നയാള്‍ അന്ന് വനംവകുപ്പിന്റെ മണ്ണാര്‍ക്കാട് ഓഫീസിലുണ്ട്. ഞങ്ങളെ സൈലന്റ് വാലിയില്‍ കൊണ്ടുപോകാമെന്ന് അദ്ദേഹം ഏറ്റു. ശങ്കരന് രാവിലെ ഡ്യൂട്ടിയായിരുന്നതിനാല്‍, ഉച്ചകഴിഞ്ഞായിരുന്നു യാത്ര. വനംവകുപ്പിന്റെ ജീപ്പില്‍ മുക്കാലിയിലെത്തിയപ്പോള്‍ നല്ല മഴ. മഴ വകവെയ്ക്കാതെ യാത്ര തുടര്‍ന്നു, സൈലന്റ് വാലിയില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടായി. ശങ്കരന്റെ പരിചയക്കാരന് അടുത്തൊരു എസ്റ്റേറ്റുണ്ട്, അവിടുത്തെ ബംഗ്ലാവില്‍ അന്ന് രാത്രി കഴിഞ്ഞു. പിറ്റേന്ന് പകല്‍ ഒന്നുകൂടി സൈലന്റ് വാലിയിലെത്തി അവിടം വിശദമായി കണ്ട് മടങ്ങി.
സൈലന്റ് വാലി ചര്‍ച്ചയാകുന്നു
തിരിച്ചെത്തിയ ശേഷം ആ പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി കിട്ടാവുന്ന വിവരങ്ങള്‍ സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖപത്രമായ 'ശാസ്ത്രഗതി' മാസികയില്‍ ഒരു ലേഖനമെഴുതി-'സൈലന്റ് വാലി-ഒരു ഇക്കോളജിയ സമീപനം' എന്നായിരുന്നു അതിന്റെ തലക്കെട്ട്. സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനമായിരുന്നു അത്. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് വാദിച്ച് ഒരു ഇലക്ട്രിസിറ്റി എന്‍ജിനിയര്‍ ശാസ്ത്രഗതിയുടെ അടുത്ത ലക്കത്തില്‍ മറുപടിയെഴുതി, അതിനൊരു മറുപടി അതിനടുത്ത ലക്കത്തില്‍...അങ്ങനെ ചെറിയ തോതിലാണെങ്കിലും ആ പ്രശ്‌നം ചര്‍ച്ചയായി മാറി. പക്ഷേ, അക്കാലത്ത് പരിഷത്തിനുള്ളില്‍ സൈലന്റ് വാലിയെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല.
ജോണ്‍സി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കോളേജില്‍ സുവോളജി ക്ലബ്ബ് പ്രവര്‍ത്തിച്ചിരുന്നു. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ എല്ലാവര്‍ഷവും അവര്‍ ക്യാമ്പ് നടത്തുക പതിവാണ്; പ്രകൃതി സഹവാസക്യാമ്പ് എന്ന പേരില്‍. ഏഴിമല ഭാഗത്തു നടന്ന ആദ്യക്യാമ്പില്‍ ക്ലാസെടുക്കാന്‍ കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഡന്‍), സുവോളജി വകുപ്പിലുണ്ടായിരുന്ന ഡി.എം.മാത്യു എന്നിവര്‍ക്കൊപ്പം എന്നെയും ക്ഷണിച്ചു. അന്നത്തെ ഒരാവേശത്തില്‍, സൈലന്റ് വാലിയില്‍ അണക്കെട്ട് വരുന്നതിനെക്കുറിച്ച് ഞാന്‍ ആ ക്യാമ്പില്‍ സംസാരിച്ചു. അതൊരു ചര്‍ച്ചയായി. ജോണ്‍സി പറഞ്ഞു, ഇത് അങ്ങനെ വിടാന്‍ പറ്റില്ല, ഇതിനെതിരെ ഒരു ക്യാമ്പയില്‍ ആരംഭിക്കണം. അങ്ങനെ, സൈലന്റ് വാലി സംരക്ഷിക്കാനായി ഒരു പബ്ലിക്ക് ക്യാമ്പയില്‍ ആദ്യമായി നടക്കുന്നത് ജോണ്‍സി ജേക്കബ്ബിന്റെ നേതൃത്വത്തിലാണ്. കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ കുട്ടികളുടെ ധര്‍ണ ഉള്‍പ്പടെയുള്ളവ അവര്‍ സംഘടിപ്പിച്ചു. അവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങളിലും ചര്‍ച്ചകളിലും സൈലന്റ് വാലി സജീവ ചര്‍ച്ചാവിഷയമായി. അങ്ങനെ മലബാര്‍ ഭാഗത്ത് കൂടുതല്‍ പേരിലേക്ക് സൈലന്റ് വാലിയുടെ സന്ദേശം എത്തി. മാത്രമല്ല, ജോണ്‍സി ജേക്കബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ പിന്തുണയും ഉണ്ടായിരുന്നു. അതുവഴി ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്) വരെ ഈ ക്യാമ്പയിന്റെ കാര്യം എത്തി.
സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയത് ശാസ്ത്രസാഹിത്യ പരിഷത്തല്ല എന്നൊരു വിവാദം അടുത്തയിടെ തലപൊക്കിയത്, ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ അല്ലേ?
തങ്ങളാണ് സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലല്ലോ, പിന്നെന്ത് വിവാദം. ശരിക്കു പറഞ്ഞാല്‍ അത് ആളുകളുടെ ഒരു തോന്നലാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ഔദ്യോഗിക തീരുമാനം എടുക്കുംമുമ്പ് ഞാന്‍ ഈ വിഷയവുമായി മുന്നോട്ടു പോകുന്നത് വ്യക്തിപരമായി അടുപ്പമുള്ള ഒട്ടേറെപ്പേരുടെ സഹായത്തോടെയും പിന്തുണയോടെയുമാണ്. അന്ന് ഇക്കാര്യത്തില്‍ ഏറെ സഹായം ചെയ്ത വ്യക്തി, തിരുവനന്തപുരത്ത് കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി കണ്‍വീനറായിരുന്ന പരിസ്ഥിതി ഗവേഷകന്‍ ഡോ. സതീഷ്ചന്ദ്രന്‍ നായരാണ്. സൈലന്റ് വാലി അടക്കമുള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഫീല്‍ഡ് സ്റ്റഡി നടത്തിയിട്ടുള്ള അദ്ദേഹം, വിലപ്പെട്ട പിന്തുണയാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്.
മറ്റൊരു വ്യക്തി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി (കെ.എഫ്.ആര്‍.ഐ)ലെ ഡോ. വി.എസ്.വിജയന്‍. അതുപോലെ ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ.എന്‍.സി.നായര്‍ (രാജസ്ഥാനില്‍ ബിര്‍ല ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എന്റെ അധ്യാപകനായിരുന്നു ഡോ.എന്‍.സി.നായര്‍ ), സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ. ആര്‍.വി.പിള്ള., ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. അങ്ങനെ ഒട്ടേറെ വ്യക്തികളും സംഘടനകളും സമ്മേളനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൈലന്റ് വാലിക്കെതിരായ ചെറുത്തുനില്‍പ്പിന്റെ മൂര്‍ച്ച കൂട്ടാന്‍ സഹായിച്ചു.
കത്തുകളെഴുതിയും ശാസ്ത്രസമ്മേളനങ്ങളിലും യോഗങ്ങളിലും ഇക്കാര്യം അവതരിപ്പിച്ചുമൊക്കെ അത് 'സേവ് സൈലന്റ് വാലി ക്യാമ്പയിനാ'യി മാറി. 1979-81 കാലത്താണ് സേവ് സൈലന്റ് വാലി കാമ്പയിന്‍ ഏറ്റവും ശക്തമാകുന്നത്. അപ്പോഴേക്കും ഡോ.സാലിം അലി ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇന്ത്യന്‍ ഭരണാധികാരികള്‍ വലിയ വില കല്‍പ്പിച്ചിരുന്നു. അക്കാലത്താണ് ബാംഗ്ലൂരിലെ മാധവ് ഗാഡ്ഗില്‍, ഫാ.സല്‍ദാന തുടങ്ങിയവരും സൈലന്റ് വാലി പ്രശ്‌നത്തില്‍ ഇടപെട്ട് തുടങ്ങുന്നത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുള്ളതിനാല്‍ ഇവരൊക്കെയായി സജീവമായി ബന്ധം സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു.
കെ.പി.എസ്.മേനോന്‍ ആണ് ആ സമയത്ത് ആ ക്യാമ്പയിന് ശക്തിപകര്‍ന്ന മറ്റൊരു വ്യക്തിത്വം. യാദൃശ്ചികമായാണ് അദ്ദേഹം അതില്‍ ഉള്‍പ്പെടുന്നത്. അക്കാലത്ത് മലയാള മനോരമയില്‍ 'ഇനിയൊരു ജന്മമുണ്ടെങ്കില്‍' എന്നൊരു പരമ്പര ഉണ്ടായിരുന്നു. ആ പരമ്പരയില്‍ കെ.പി.എസ്.മേനോന്‍ എഴുതി, 'ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് ഞാന്‍ വൃക്ഷങ്ങളെ പരിപാലിക്കാനും കാട് സംരക്ഷിക്കാനുമായി ചെലവഴിക്കു'മെന്ന്. ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി: താങ്കള്‍ക്ക് ഇനിയൊരു ജന്മമില്ല, ഈ ജന്മത്തില്‍ ഇനിയും സമയമുണ്ട്. ഇവിടെയിതാ സൈലന്റ് വാലി എന്നൊരു അമൂല്യവനപ്രദേശം നശിപ്പിച്ചു കൊണ്ട് ഒരു പദ്ധതി വരുന്നു. അതിന്റെ ഗുണങ്ങള്‍ ഇതാണ്, ദോഷങ്ങള്‍ ഇതാണ്. സൈലന്റ് വാലി സംരക്ഷിക്കാനുള്ള ശ്രമത്തില്‍ താങ്കള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. അദ്ദേഹം ഉടന്‍ മറുപടി അയച്ചു-'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്, ഇനിയുള്ള ജീവിതം ഇതിന് വേണ്ടി മാറ്റിവെയ്ക്കാന്‍ ഞാന്‍ തയ്യാറാണ്'. സൈലന്റ് വാലിയെക്കുറിച്ച് അദ്ദേഹം വിശദമായി പഠിച്ചു. എന്നിട്ട്, എം.ജി.കെ.മേനോന്‍, ഡോ. സാലിം അലി, കേരള അസംബ്ലിയിലെ എം.എല്‍.എ.മാര്‍, മുഖ്യമന്ത്രി ഇ.കെ.നായനാര്‍, എന്തിന് ഇന്ദിരാഗാന്ധിക്കു വരെ അദ്ദേഹം സൈലന്റ് വാലി നശിപ്പിക്കരുതെന്ന് കാണിച്ച് കത്തെഴുതി.
പരിഷത്തില്‍ എപ്പോഴാണ് സൈലന്റ് വാലി ചര്‍ച്ചയാകുന്നത്?
പരിഷത്തില്‍ സൈലന്റ് വാലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡോ. എം.പി.പരമേശ്വരനും ഞാനും ചേര്‍ന്നാണ്. എം.പി.പരമേശ്വരന്‍ പറഞ്ഞു- 'എം.കെ.പി. പറയുന്നത് ഈ പ്രശ്‌നത്തിന്റെ ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ വശങ്ങളാണ്. പക്ഷേ, ഇതൊരു സാമൂഹികപ്രശ്‌നമായി മാറുകയും കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ താത്പര്യമുണ്ടാവുകയും ചെയ്യണമെങ്കില്‍ സൈലന്റ് വാലിക്ക് വേറൊരു മാനം നല്‍കണം, സോഷ്യോ-ഇക്കണോമിക് മാനം'. കാരണം, ഈ പദ്ധതി വന്നില്ലെങ്കില്‍ മലബാര്‍ മേഖലയില്‍ വൈദ്യുതിയുണ്ടാകില്ല എന്നാണ് ജനങ്ങളുടെ ചിന്താഗതി. വൈദ്യുതിയില്ലെങ്കില്‍ വികസനവും വരില്ല. സ്വാഭാവികമായും ആ വാദമാണ് സാധാരണജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുക. അങ്ങനെയാണ് ഈ പ്രശ്‌നത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച തുടങ്ങുന്നത്.
ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അന്നത്തെ നയം, കൂടുതല്‍ ജലവൈദ്യുതി ഉത്പാദിപ്പിച്ച് ഹൈടന്‍ഷന്‍ ലൈനുകള്‍ വഴി അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും കര്‍ണാടകത്തിനും വിറ്റു പണമുണ്ടാക്കുക എന്നതായിരുന്നു. വീടുകളിലും കടകളിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി ഏതാണ്ട് ഒന്നേകാല്‍ ലക്ഷം അപേക്ഷകര്‍ കേരളത്തില്‍ കാത്തിരിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. പാലക്കാടിന്റെയും മലബാറിന്റെയും വൈദ്യുതിക്ഷാമം തീര്‍ക്കാന്‍ സൈലന്റ് വാലിയാണോ അനുയോജ്യമായ മാര്‍ഗം, കൂടുതല്‍ ഫലപ്രദമായ ബദല്‍ നിര്‍ദ്ദേശിക്കാനുണ്ടോ. പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കൊപ്പം ഇക്കാര്യവും ഞങ്ങള്‍ പഠിക്കാനാരംഭിച്ചു.
ആ സമയത്ത്, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതാവായ ഹബീബ്, സൈലന്റ് വാലി പ്രശ്‌നം സംസാരിക്കാന്‍ എം.പി. പരമേശ്വരനെയും വി.കെ.ദാമോദരനെയും എന്നെയും വിളിച്ചു. എന്താണ് നിങ്ങള്‍ പദ്ധതിയെ എതിര്‍ക്കാന്‍ കാരണം എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ഞാന്‍ അതിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിലെ വൈദ്യുതിയാവശ്യം പരിഹരിക്കാന്‍ പര്യാപ്തമായ ഒന്നല്ല സൈലന്റ് വാലി പദ്ധതി എന്ന് പറയാന്‍ കാരണമെന്തെന്ന് എം.പി.പരമേശ്വരനും വി.കെ.ദാമോദരനും വിശദീകരിച്ചു. 1980-82 കാലത്ത് കേരളം കടുത്ത വൈദ്യുതിക്ഷാമം നേരിടും. അത് പരിഹരിക്കാന്‍ സൈലന്റ് വാലി കൊണ്ട് പറ്റില്ല. അതിന്റെ കണക്കുകളും സ്റ്റാറ്റിസ്റ്റിക്കുകളും അവര്‍ അവതരിപ്പിച്ചു. മാത്രമല്ല, സൈലന്റ് വാലിയില്‍ നിന്നുള്ള വൈദ്യുതി ഇല്ലെങ്കിലും, പാലക്കാട് ജില്ലയ്ക്കും മലബാറിനും വൈദ്യുതിയെത്തിക്കാനുള്ള മാര്‍ഗം എം.പി.പരമേശ്വരന്‍ വിവരിച്ചു. ഹൈടെന്‍ഷന്‍ ലൈനുകള്‍ വഴി അയല്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കുന്നത് നിര്‍ത്തിയിട്ട് പാലക്കാട്ട് 220 കെ.വി.സ്റ്റേഷന്‍ സ്റ്റാപിക്കുക, കോഴിക്കോട്ടും സ്ഥാപിക്കുക. ഈ മേഖല മുഴുവന്‍ വൈദ്യുതി വിതരണം സാധ്യമാകും. അതിന്റെ അടുത്തഘട്ടം എന്ന നിലയ്ക്ക് ഒരു താപവൈദ്യുത നിലയം സ്ഥാപിക്കാന്‍നടപടി തുടങ്ങുക. യൂണിയന്‍ നേതാവ് പറഞ്ഞു, ഇങ്ങനെയൊരു വശം ഇതിനുണ്ടെന്ന് ഇതുവരെ ആരും ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടില്ല, അതുകൊണ്ട് ഇതെപ്പറ്റി വിശദമായി ചര്‍ച്ച നടത്താന്‍ നിങ്ങളെ യൂണിയന്‍ ഔദ്യോഗികമായി ക്ഷണിക്കുന്നുണ്ട്. പക്ഷേ, ഇന്നേവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല.
അങ്ങനെ പരിഷത്തിനുള്ളില്‍ എം.പി. പരമേശ്വരനും വി.കെ.ദാമോദരനും സൈലന്റ് വാലി പ്രശ്‌നത്തിന്റെ പ്രധാന്യം ബോധ്യമായി. അതേത്തുടര്‍ന്ന് സംഘടനയെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഒരു രേഖ വേണമെന്നായി. അത് തയ്യാറാക്കാനായി എം.പി.പരമേശ്വരന്‍, വി.കെ.ദാമോദരന്‍, കെ.പി.കണ്ണന്‍, ശ്യാംസുന്ദരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം എന്നെയും ചുമതലപ്പെടുത്തി. (ആ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യമായ വനം-വന്യജീവി-പരിസ്ഥിതി ഡേറ്റ കിട്ടുന്നത് കെ.എഫ്.ആര്‍.ഐ.യില്‍ നിന്നാണ്. സൈലന്റ് വാലി പദ്ധതി കൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാകില്ല എന്നൊരു റിപ്പോര്‍ട്ടുണ്ടാക്കാന്‍ അക്കാലത്ത് കെ.എഫ്.ആര്‍.ഐ.യെ സംസ്ഥാന അധികാരികള്‍ ചുമതലപ്പെടുത്തുകയുണ്ടായി. ഡോ. വി. എസ്.വിജയന്‍, ഡോ.ശങ്കര്‍ തുടങ്ങിയവര്‍ക്കായിരുന്നു ആ 'അനുകൂല'റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല. പക്ഷേ. അനുകൂല റിപ്പോര്‍ട്ടിന് പകരം അവര്‍ തികച്ചും ശാസ്ത്രീയമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്, പദ്ധതി വന്നാല്‍ സൈലന്റ് വാലി നശിക്കും എന്നായിരുന്നു റിപ്പോര്‍ട്ടിലെ നിഗമനം. അതിന്റെ ഒരു കോപ്പി ഡോ.സതീഷ്ചന്ദ്രന്‍ നായര്‍ ഡോ. വിജയനോട് വാങ്ങി എനിക്കു തന്നു).
വി.കെ.ദാമോദരന്‍ അന്ന് ആര്‍.ഇ.സി.യിലെ അധ്യാപകനാണ്, കെ.പി.കണ്ണന്‍ സി.ഡി.എസ്സിലെ ഫെലോയും. കാര്‍ഷികവിദഗ്ധനാണ് ഡോ.ശ്യാംസുന്ദരന്‍ നായര്‍. സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, കാര്‍ഷിക പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ആദ്യമായി വിലയിരുത്തപ്പെടുന്നത് ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്. 'സൈലന്റ് വാലി ഹൈഡ്രോഇലക്ട്രിക് പ്രോജക്ട്-എ ടെക്‌നോ എക്കണോമിക്‌സ് ആന്‍ഡ് സോഷ്യോ പൊളിറ്റിക്കല്‍ അസെസ്സ്‌മെന്റ്' എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ പേര്. പദ്ധതികള്‍ നടപ്പാക്കുംമുമ്പ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കുന്ന രീതി അന്ന് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ എത്തിയിട്ടില്ല. എന്നാല്‍, ആ രീതിയിലുള്ള, പദ്ധതി വന്നാല്‍ എന്തു ഗുണം, എന്തു ദോഷം എന്ന് വിശകലനം ചെയ്യുന്ന, റിപ്പോര്‍ട്ടായിരുന്നു ഞങ്ങളുടേത്. ഇംഗ്ലീഷില്‍ അച്ചടിച്ച റിപ്പോര്‍ട്ടിന് അന്ന് രണ്ടര രൂപയായിരുന്നു വില. (കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പില്‍ സൈലന്റ് വാലി പ്രശ്‌നം സംബന്ധിച്ച ഫയല്‍ തുടങ്ങാന്‍ അവരുടെ പക്കലുണ്ടായിരുന്ന രേഖ, യഥാര്‍ഥത്തില്‍ ഞങ്ങളുടെ ആ റിപ്പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു).
മുമ്പ് പരിഷത്തിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കൂടുമ്പോഴൊക്കെ സൈലന്റ് വാലി പ്രശ്‌നം സംബന്ധിച്ച് ഞാനൊരു പ്രമേയം അയയ്ക്കുമായിരുന്നു (അന്ന് ഞാന്‍ എക്‌സിക്യുട്ടീവ് കമ്മറ്റിയിലില്ല). പ്രമേയം കമ്മറ്റിയില്‍ വായിച്ച് തള്ളുകയായിരുന്നു പതിവ്. 1978 ഒക്ടോബറില്‍ ഞങ്ങള്‍ അഞ്ചുപേരും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരടുരേഖ പരിഷത്തിന്റെ എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിക്കപ്പെട്ടു. (റിപ്പോര്‍ട്ട് അച്ചടിച്ച് പുറത്തിറക്കുന്നത് 1979-ല്‍). ചര്‍ച്ചയ്ക്ക് ശേഷം സൈലന്റ് വാലി പദ്ധതിക്കെതിരെ പരിഷത്ത് പ്രമേയം പാസാക്കി. 'സൈലന്റ് വാലി സംരക്ഷിക്കപ്പെടേണ്ട ഒരു അമൂല്യ പ്രദേശമാണെന്നും, പക്ഷേ വൈദ്യുതാവശ്യവും നിറവേറ്റപ്പെടണം, അതിനാല്‍ മറ്റെല്ലാ സ്രോതസ്സുകളും ഉപയോഗിച്ച ശേഷവും ഒരു ജലവൈദ്യുത പദ്ധതി വേണമെന്ന് കണ്ടാല്‍ അന്നേ സൈലന്റ് വാലി പദ്ധതി പരിഗണിക്കാവൂ' എന്നായിരുന്നു പ്രമേയം. അതോടെയാണ് സൈലന്റ് വാലി പ്രശ്‌നം പരിഷത്തില്‍ സജീവമായത്.
പരിഷത്ത് ഔദ്യോഗികമായി സൈലന്റ് വാലി പ്രശ്‌നത്തില്‍ ഇടപെടും മുമ്പു തന്നെ, പരിഷത്ത് അംഗങ്ങള്‍ മുന്‍കൈയെടുത്ത് രൂപം നല്‍കിയ പല പരിസ്ഥിതി സംഘടനകളും ഈ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. കോഴിക്കോട് കേന്ദ്രമായുള്ള 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍വിരോണ്‍മെന്റ് ഇന്‍ കേരള' (ടജഋഗ) അതിലൊരു സംഘടനയായിരുന്നു. ഡിസൈനറായ ആര്‍.കെ.രമേശിന്റെയും മറ്റും ആഭിമുഖ്യത്തില്‍ കോഴിക്കോട് കേന്ദ്രമായി നിലവില്‍ വന്ന 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സൈലന്റ് വാലി'യാണ് മറ്റൊരു സംഘടന. ഞാനും ഈ സംഘടനകളില്‍ അംഗമായിരുന്നു. 'സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സൈലന്റ് വാലി'യാണ് ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതോടൊപ്പം 'ഫ്രണ്ട്‌സ് ഓഫ് ട്രീസി'ന്റെ വൈസ് പ്രസിഡന്റ് ജോസഫ് ജോണും കോടതിയെ സമീപിച്ചു. പരിഷത്ത് മാത്രമല്ല, പദ്ധതിയെ എതിര്‍ക്കുന്ന വേറെയും ഗ്രൂപ്പുകളുണ്ട് എന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ ഇത്തരം സംഘടനകളുടെ ഇടപെടല്‍ സഹായിച്ചു.
സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവര്‍ സൈലന്റ് വാലി പ്രശ്‌നത്തിലേക്ക് എങ്ങനെയാണ് ആകര്‍ഷിക്കപ്പെടുന്നത്?
ആ സമയത്ത് എന്‍.വി.കൃഷ്ണവാര്യര്‍ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ പത്രാധിപരാണ്. അദ്ദേഹം എന്നോട് സൈലന്റ് വാലി പ്രശ്‌നത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം നല്കാന്‍ ആവശ്യപ്പെട്ടു. 'സൈലന്റ് വാലിയെ സംരക്ഷിക്കുക' എന്ന പേരില്‍ 1979 ജൂണ്‍ മുന്നിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ആ ലേഖനം വന്നതോടുകൂടിയാണ് സാഹിത്യരംഗത്തുള്ളവര്‍ സൈലന്റ് വാലി പ്രശ്‌നത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കവികളായ സുഗതകുമാരി, അയ്യപ്പപ്പണിര്‍, ഒ.എന്‍.വി, വിഷ്ണുനാരായണന്‍ നമ്പൂതിരി, സി.പി.ഐ.നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി. സുരേന്ദ്രനാഥ് തുടങ്ങി ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും വലിയൊരു നിര സൈലന്റ് വാലി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.
സൈലന്റ് വാലി സംരക്ഷിക്കണം എന്നു വാദിക്കുന്നവരെ ചെറുക്കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എന്താണ് ചെയ്തത്?
സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുന്ന ഞങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടേറെ ശാസ്ത്രജ്ഞരും വിദഗ്ധരും രംഗത്തുണ്ട്. മീറ്റിങ്ങുകളിലും മറ്റും അവര്‍ വന്ന് പ്രസംഗിക്കും. അതിന് പകമായി, ഞങ്ങളുടെ വാദങ്ങളെ പ്രതിരോധിക്കാന്‍ ശാസ്ത്രകാരന്‍മാരെ ഇലക്ട്രിസിറ്റി ബോര്‍ഡ് വാടകയ്‌ക്കെടുക്കുകയാണുണ്ടായത്. കാലക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി പ്രൊഫസറായിരുന്ന ഡോ.ബി.കെ.നായര്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സുവോളജി പ്രഫസറായിരുന്ന എം. സ്റ്റീഫന്‍ എന്നിവരെയാണ് സൈലന്റ് വാലി പദ്ധതിക്ക് അനുകൂലമായി ഇലക്ട്രിസിറ്റി ബോര്‍ഡ് രംഗത്തിറക്കിയത്. സൈലന്റ് വാലിയില്‍ വനമേയില്ല, സൈലന്റ് വാലിയില്‍ ഉള്ളതിനെക്കാള്‍ നല്ല വനം കേരളത്തില്‍ വേറെയുണ്ട് എന്നിങ്ങനെയായിരുന്നു അവരുടെ വാദം.
ഡോ. ബി. കെ. നായര്‍ 'സൈലന്റ് വാലി-എ ഹൈപ്പര്‍ ബൗള്‍' എന്നൊരു പുസ്തകമെഴുതി. മേല്‍പ്പറഞ്ഞ വാദങ്ങളായിരുന്നു അതില്‍ മുഖ്യം. ഞങ്ങള്‍ ആ പുസ്തകത്തിന്റെ ഒരു കോപ്പി ഡോ.സാലിം അലിക്ക് അയച്ചു കൊടുത്തു. ശാസ്ത്രവിജ്ഞാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവയാണ് ഇതുപോലുള്ള ഗ്രന്ഥങ്ങളെന്ന് ഞങ്ങള്‍ പരാതിപ്പെടുന്നുവെന്നും, അതിനാല്‍ അതിലെ വസ്തുതകളുടെ നിജസ്ഥിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സാലിം അലി ആ ബുക്ക് നാഷണല്‍ സയന്‍സ് അക്കാദമിക്ക് കൈമാറി. അവര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുക്കാന്‍ മാധവ് ഗാഡ്ഗില്‍, ഫാ.സല്‍ദാന എന്നിവരെ ചുമതലപ്പെടുത്തി. രണ്ടാളും നടത്തിയ തെളിവെടുപ്പിലും നേരിട്ടുള്ള അന്വേഷണത്തിലും ആ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തട്ടിപ്പാണെന്ന് വ്യക്തമായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം, ഇന്ദിരാഗന്ധി അന്ന് അധികാരത്തിലില്ല. ഹൈക്കോടതി സൈലന്റ് വാലി കേസ് തള്ളുന്ന ദിവസം 24 മണിക്കൂറിനകം, പദ്ധതി പ്രദേശം വെട്ടിനിരത്താനുള്ള എല്ലാ സജ്ജീകരണവും ചെയ്തതായി ഇലക്ട്രിസിറ്റി ബോര്‍ഡ് വീരവാദം മുഴക്കി. ജ്യോതിവെങ്കിടാച്ചലം ആണ് അന്ന് സംസ്ഥാന ഗവര്‍ണര്‍. ഞങ്ങള്‍ കെ.പി.എസ്.മേനോനെക്കൊണ്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിച്ചു. അമൂല്യമായ മഴക്കാടാണ് സൈലന്റ് വാലിയിലേത്. അവിടെ പദ്ധതി വരുന്നതിനെക്കുറിച്ച് ഒരു വിവാദം നിലനില്‍ക്കുകയാണ്. അതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വന്ന് കാര്യങ്ങള്‍ ശരിക്കു മനസിലാക്കും വരെ പദ്ധതി പ്രവര്‍ത്തനം അനുവദിക്കരുത് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഗവര്‍ണര്‍ പദ്ധതി തുടരാന്‍ പാടില്ല എന്ന് സ്റ്റേ നല്‍കി......അങ്ങനെ എല്ലാ തരത്തിലും ഇലക്ട്രിബോര്‍ഡിന്റെ നീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിച്ചുകൊണ്ടിരുന്നു.
ഈ പ്രശ്‌നത്തില്‍ ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍ എങ്ങനെയായിരുന്നു, സൈലന്റ് വാലിയെ രക്ഷിക്കുന്നതില്‍ അതെത്രത്തോളം നിര്‍ണായകമായി?
സ്‌റ്റോക്ക്‌ഹോം സമ്മേളനത്തില്‍ നിന്ന് ആര്‍ജിച്ച ആവേശത്തിലായിരുന്നു ഇന്ദിരാഗാന്ധി. ലോകത്തെറ്റവും ശക്തമായ ചില പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകള്‍, അടിയന്തരാവസ്ഥ കാലത്താണെങ്കില്‍ പോലും അവര്‍ ഭരണഘടനയില്‍ ചേര്‍ത്തു. പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സഫര്‍ ഫത്തേഹല്ലിയോട് എന്‍.സി.പി.സി.ഇ. വഴി ഇന്ദിരാഗാന്ധി നിര്‍ദ്ദേശിച്ച കാര്യം നേരത്തെ പറഞ്ഞല്ലോ. അങ്ങനെയാണ് സൈലന്റ് വാലിയുടെ പ്രാധാന്യം ആദ്യമായി പുറത്തു വരുന്നത്.
ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയ സമയത്താണ് മുഖ്യമന്ത്രി ഇ.കെ.നായനാര്‍, സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നതെല്ലാം നുണയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി, ഡോ.ബി. കെ.നായരെയും കൂട്ടി ഇന്ദിരാഗാന്ധിയെ കാണാന്‍ ഡെല്‍ഹിയിലെത്തുന്നത്. സൈലന്റ് വാലി പ്രശ്‌നം വിശദീകരിക്കാന്‍ താനൊരു വിദഗ്ധനെ കൊണ്ടു വന്നിട്ടുണ്ടെന്ന് നായനാര്‍ ഇന്ദിരാഗാന്ധിയോട് പറഞ്ഞു. ബി.കെ.നായര്‍ തുടങ്ങുന്നത് തന്നെ, ''മാഡം, ഇന്‍ സൈലന്റ് വാലി ദേര്‍ ഈസ് നോ ഫോറസ്റ്റ്'' എന്നു പറഞ്ഞുകൊണ്ടാണ്. ഇന്ദിരാഗാന്ധി അതിന് മുമ്പു തന്നെ സൈലന്റ് വാലിക്ക് മുകളിലൂടെ ഹെലികോപ്ടറില്‍ സഞ്ചരിച്ച് ആ പ്രദേശമെല്ലാം കണ്ടിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് ഈ പറഞ്ഞതിലെ വൈരുധ്യം അവര്‍ക്ക് ബോധ്യമാകും. 'എനിക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നില്ല, മുഖ്യമന്ത്രി ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകൂ' എന്ന് പറഞ്ഞ് ഇന്ദിരാഗാന്ധി വിദഗ്ധനെ പിന്നെ തുടരാന്‍ അനുവദിച്ചില്ല. വിദഗ്ധന്‍ വിയര്‍ത്തു കുളിച്ച് അവിടുന്ന് ഒരുവിധം രക്ഷപ്പെട്ടു.
അന്ന് ഇന്ദിരാഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ആളുകള്‍ പോലും ഞങ്ങളെ പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ അവിടെ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ പോലും ഞങ്ങള്‍ അറിഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി നായനാര്‍ വിദഗ്ധനെയും കൊണ്ട് ഇന്ദിരാഗാന്ധിയെ കാണാന്‍ പോകുന്നതിന്റെ തലേ ആഴ്ചയാണ്, ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ. എന്‍.സി.നായരെ ദൂതന്‍ മുഖേനെ ഇന്ദിരാഗാന്ധി തന്റെ വസതിയിലേക്ക് വിളിപ്പിച്ച് സൈലന്റ് വാലിയുടെ പ്രത്യേകത (സസ്യസമ്പത്തിന്റെ കാര്യത്തില്‍) എന്താണെന്ന് വിശദമായി മനസിലാക്കിയത്. ഒന്നര മണിക്കൂറാണ് ഡോ.നായര്‍ പറഞ്ഞത് അവര്‍ സശ്രദ്ധം കേട്ടിരുന്നത്. അപ്പോഴേക്കും രാത്രി പത്തരയായി. ഒടുവില്‍ അവര്‍ പറഞ്ഞു, ''വെല്‍ ഡോ.നായര്‍, താങ്ക് യൂ വെരിമച്ച്'. സൈലന്റ് വാലി എന്തുകൊണ്ട് നഷ്ടപ്പെടരുത് എന്ന് ഇന്ദിരാഗാന്ധിക്ക് മനസിലായി'. എപ്പോള്‍ വിളിച്ചാലും വരണം എന്ന നിര്‍ദേശത്തോടെയാണ് ഡോ. നായരെ അവര്‍ യാത്രയാക്കുന്നത്.
ഏതായാലും ഇന്ദിരാഗന്ധി നായനാരോട് പറഞ്ഞു, ഈ പ്രശ്‌നം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ഥമില്ല, ഒരു പരിഹാരം വേണം. സൈലന്റ് വാലി പ്രശ്‌നം പഠിക്കാന്‍ കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഒരു സമിതിയെ നിയമിക്കാന്‍ തീരുമാനമാകുന്നത് അങ്ങനെയാണ്. പ്രൊഫ. എം.ജി.കെ.മേനോനെ കമ്മറ്റിയുടെ ചെയര്‍മാന്‍ ആക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത് മുഖ്യമന്ത്രി നായനാരാണ്. പ്രൊഫ. എ. എബ്രഹാം, പ്രൊഫ. ടി.എന്‍. അനന്തകൃഷ്ണന്‍ (സുവേളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍), പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ.എച്ച്.കെ.ജെയിന്‍ (ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍), പ്രൊഫ.എ.കെ.ശര്‍മ (കല്‍ക്കത്ത സര്‍വകലാശാലയിലെ സൈറ്റോളജി പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രജ്ഞനും), ഡോ.കെ.രാഘവന്‍ നമ്പ്യാര്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, കെ. ത്രിവിക്രമന്‍ നായര്‍ എന്നിവരായിരുന്ന കമ്മറ്റി അംഗങ്ങള്‍. ഇതില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നിര്‍ദേശിക്കപ്പെട്ട പ്രൊഫ. അനന്തകൃഷ്ണന്‍, പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ.ജെയിന്‍ എന്നിവരൊക്കെ സെലന്റ് വാലി സംരക്ഷിക്കണം എന്ന നിലപാടുകാരായിരുന്നു. (ഈ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെടുന്നത്. അതെ തുടര്‍ന്ന് 1984 നവംബര്‍ 15-ന് സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു).
ലോകത്തെല്ലായിടത്തും എന്ന പോലെ, കേരളത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പുതിയൊരു അവബോധം വളര്‍ന്നു വന്ന സമയമല്ലേ അത്. സൈലന്റ്് വാലി പ്രശ്‌നത്തില്‍ അക്കാര്യം പ്രതിഫലിച്ചിരുന്നോ?
തീര്‍ച്ചയായും. അതിന് പല കാരണങ്ങളുണ്ട്. 1972-ലെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സ്, വേള്‍ഡ് എന്‍വിരോണ്‍മെന്റ് കണ്‍സര്‍വേഷന്‍ സ്ട്രാറ്റജി എന്ന പേരില്‍ ഐ.യു.സി.എന്‍. അംഗീകരിച്ച നയം. മാത്രമല്ല, പരിസ്ഥിതി വിഷയങ്ങളില്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ മാധ്യമങ്ങളില്‍ ഇടംപിടിച്ചു തുടങ്ങിയതും അക്കാലത്താണ്. സൈലന്റ് വാലി പ്രശ്‌നത്തില്‍ ചെറുപ്പക്കാര്‍ അന്ന് വളരെ വലിയ പിന്തുണയാണ് നല്‍കിയത്. ഇന്നാണെങ്കില്‍, പാര്‍ട്ടി നിര്‍ദേശപ്രകാരം എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യുമൊക്കെ പ്രമേയങ്ങള്‍ പാസാക്കില്ലായിരുന്നോ, അന്നത് ഉണ്ടായില്ല. അതിനര്‍ഥം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ യുവജനവിഭാഗങ്ങളെ ഈ പ്രശ്‌നത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. ഏത് പാര്‍ട്ടിയായാലും അതിലെ യുവജനവിഭാഗം ഞങ്ങള്‍ക്കൊപ്പമായിരുന്നു. യൂത്തുകോണ്‍ഗ്രസുകാര്‍ പോലും ഞങ്ങളുമായി ആലോചിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. എന്നിട്ട് സൈലന്റ് വാലി സംരക്ഷിക്കണം എന്ന് പ്രമേയം പാസാക്കി അയയ്ക്കും.
സര്‍വകാലാശാലയിലെ ചെറുപ്പക്കാര്‍, സ്റ്റാഫുകളാണെങ്കിലും ഗവേഷകരാണെങ്കിലും, എല്ലാവരും സൈലന്റ് വാലി സംരക്ഷിക്കണം എന്ന ഭാഗത്തായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡുകാരെയും ഡോ.ബി.കെ.നായരെപ്പോലുള്ളവരെയും ക്ഷണിച്ച് സൈലന്റ് വാലി പ്രശ്‌നത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. എന്നിട്ട് അവിടെ എല്ലാവരും കൂടി പദ്ധതി അനുകൂലികളെ ചോദ്യം ചെയ്ത് തകര്‍ത്തു കളയും, ഇതൊരു പതിവ് ഏര്‍പ്പാടായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ സൈലന്റ് വാലി വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വി.കെ.നായരെ ക്ഷണിച്ചു. അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചോദിച്ച് വശംകെടുത്തിയാണ് വിട്ടയച്ചത്.
അതുമാത്രമല്ല, സി.ഐ.ടി.യു.പോലൊരു സംഘടന ഇത്തരമൊരു വിവാദത്തെക്കുറിച്ച് ഇന്നാണെങ്കില്‍ അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമോ, സംശയമാണ്. അന്നത് നടന്നു. കോഴിക്കോട്ട് നടന്ന സി.ഐ.ടി.യു. സമ്മേളനത്തില്‍ ഒരു ദിവസത്തെ ചര്‍ച്ചയുടെ വിഷയം സൈലന്റ് വാലിയായിരുന്നു. പ്രശ്‌നത്തിന്റെ രണ്ട് വശവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. പദ്ധതി വേണ്ട എന്ന് വാദിക്കാന്‍ ഞാനാണ് പോയത്. വേണം എന്ന് പറയാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആള്‍ക്കാരും. ഇന്നാണെങ്കില്‍ അതുണ്ടാകില്ല, ഒരു ഭാഗം മാത്രമേ അവതരിപ്പിക്കപ്പെടൂ.
എന്തുകൊണ്ട് ഇപ്പോള്‍ അത്തരമൊരു മാറ്റം?
ഇപ്പോഴത്തെ രാഷ്ട്രയത്തിന് അത്തരമൊരു വിശാലമായ കാഴ്ചപ്പാടില്ല. കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ സങ്കുചിതമായി വരികയാണ് കാര്യങ്ങള്‍. ഒരു ഉദാഹരണം പറയാം, 1992-ല്‍ റിയോ ഡി ജനീറോയില്‍ ഭൗമഉച്ചകോടി നടന്നു. അതെപ്പറ്റി തിരുവനന്തപുരം എ.കെ.ജി.സെന്റര്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. ഇ.എം.എസ്സായിരുന്നു അധ്യക്ഷന്‍. റിയോയില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളുടെ അവതരണമായിരുന്നു അവിടെ നടന്നത്. വനപരിപാലന നിയമങ്ങളെക്കുറിച്ച് ഞാനാണ് വിശദീകരിച്ചത്. റിയോയില്‍ നടന്ന നടപടികളെയും ചര്‍ച്ചകളെയും പൊതുവെ അവലോകനം ചെയ്തുകൊണ്ട് ഡോ.തോമസ് ഐസക്ക്, ജൈവവൈവിധ്യ ഉടമ്പടിയെപ്പറ്റി ഡോ.ബി.ഇക്ബാല്‍, വേറൊരാള്‍ കാലാവസ്ഥാ ഉടമ്പടി അങ്ങനെയായിരുന്നു അവതരണം.
തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരായിരുന്നു സദസ്സിലുള്ളത്. ഓരോ അവതരണം കഴിയുമ്പോഴും സദസ്സിലുള്ളവരോട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇ.എം.എസ്. ആവശ്യപ്പെടും. പലരും റിയോയില്‍ നടന്നത് മുതലാളിത്ത രാഷ്ട്രങ്ങളുടെ നാടകമാണ്, അമേരിക്കയുടെ ഉപചാപമായിരുന്നു അത് എന്ന രീതിയിലാണ് പ്രതികരിച്ചത്. അധ്യക്ഷന്‍ ഇതെല്ലാം കേട്ടിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഇ.എം.എസ്സിന്റെ ഒരു അവതരണമുണ്ടായി. അദ്ദേഹം പറഞ്ഞു, ഇവിടെ അവതരിപ്പിച്ച കാര്യങ്ങളെല്ലാം ഞാന്‍ കേട്ടു. തുടര്‍ന്നു നടന്ന നമ്മുടെ സഖാക്കളുടെ പ്രതികരണവും ശ്രദ്ധിച്ചു. എനിക്ക് പറയാനുള്ളത് നമ്മള്‍ സഖാക്കള്‍ വളരെ പഴകിയ മണ്ഡലത്തിലാണ് നില്‍ക്കുന്നത് എന്നാണ്. റിയോ സമ്മേളനത്തില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള നടപടികള്‍ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിച്ചിരുന്നത്. നമ്മള്‍ സഖാക്കള്‍ പണ്ടുകാലത്തു നിന്ന് മുമ്പോട്ട് വരണം, പരിസ്ഥിതി സംരക്ഷണം വികസനത്തിനെതിരല്ല, രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതുകൊണ്ട് ഇനി നമ്മള്‍ ഇതെപ്പറ്റി മനസിലാക്കിയിട്ടു വേണം പാര്‍ട്ടി സര്‍ക്കിളില്‍ പറയാന്‍. പിറ്റേ ആഴ്ച തന്നെ ഇക്കാര്യം പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടു. അത്തരമൊരു തുറന്ന സമീപനമോ നടപടികളോ ഇന്ന് കാണാനില്ല.
ഇന്നാണ് സൈലന്റ് വാലി പ്രശ്‌നം തലപൊക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
ഇത്തരം കാര്യങ്ങളില്‍ പ്രധാനമായും കോടതിയെ സമീപിക്കുക എന്നതേ ഇന്ന് നടക്കൂ. അന്നു നടന്നതുപോലെ ഈ പ്രശ്‌നത്തെ ബൗദ്ധികമായി നേരിടുക ഇന്നത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. കോടതി, നിയമം എന്നൊക്കെ പറയുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി നമ്മള്‍ ഓര്‍ക്കണം. ലോകത്തു തന്നെ ഏറ്റവും ശക്തമായ പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ നിലവില്‍ വന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ, അതെല്ലാം വെള്ളം ചേര്‍ത്ത് ഒന്നുമില്ലാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.
സൈലന്റ് വാലിയെ രക്ഷിക്കാന്‍ വേണ്ടി നടന്ന ചെറുത്തു നില്‍പ്പ് ചരിത്രപരമായി എന്ത് ദൗത്യമാണ് നിറവേറ്റിയത്?
ഇന്ത്യയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കപ്പെട്ടതിന്റെ ചരിത്രത്തെക്കുറിച്ച് പറയ ാറുള്ളത്, രാജ്യത്ത് പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി വിദ്യാഭ്യാസം കിട്ടിയതിന്റെ തുടക്കം സൈലന്റ് വാലി വിവാദമായിരുന്നു എന്നാണ്. ചിപ്‌ക്കോ പോലുള്ള ചെറുത്തുനില്‍പ്പുകള്‍ ഉത്തരേന്ത്യയില്‍ നടന്നിട്ടുണ്ടെങ്കിലും, അതിന്റെ പോലും ശരിക്കുള്ള സന്ദേശം ജനങ്ങളില്‍ എത്തുന്നത് സൈലന്റ് വാലി പ്രശ്‌നവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രക്രിയ വഴിയാണ്.
അച്ചടി മാധ്യമങ്ങളുടെ യുഗത്തിലാണ് സൈലന്റ് വാലി പ്രശ്‌നമുണ്ടായത്. ഇന്ന് ദൃശ്യമാധ്യമങ്ങളുടെ കാലമാണ്. പരിസ്ഥിതി സമരങ്ങള്‍ പോലും ഒരുതരം പ്രകടനപരതയില്‍ പെട്ടു പോകുന്നുണ്ടോ?
ഒന്ന് ഞാന്‍ കാണുന്നത്, ഒരു പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കുകയോ പഠിക്കുകയോ ചെയ്തതിന് ശേഷം അഭിപ്രായം പറയുക എന്ന രീതി ഇപ്പോള്‍ കുറവാണ്. കേട്ടുകേഴ്‌വിയുടെ രൂപത്തിലാണ് പലതും അവതരിപ്പിക്കപ്പെടുന്നത്. ഉപരിപ്ലവമായ രീതിയിലുള്ള ട്രീറ്റ്‌മെന്റാണ് മിക്ക കാര്യങ്ങളിലും കാണുന്നത്. ജേര്‍ണലിസ്റ്റുകള്‍ക്ക് തന്നെ എന്തിലെങ്കിലും സ്‌പെഷ്യലൈസ് ചെയ്യാനോ കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കാനോ സാഹചര്യവും ക്ഷമയും ഇല്ലാതായിരിക്കുന്നു.
നമ്മുടെ നാട്ടിലെ മുഖ്യധാരാ പാര്‍ട്ടികളുടെ അജണ്ടയില്‍ ഇന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കാത്തത് എന്തുകൊണ്ട്?
പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ പരിസ്ഥിതി വിഷയങ്ങളൊക്കെ വരുന്നുണ്ട്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ പ്രധാന പാര്‍ട്ടികള്‍ക്കെല്ലാം ഒരു പ്രത്യേക പരിസ്ഥിതി വിഭാഗം വേണം. അവര്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പാര്‍ട്ടി അംഗങ്ങളെ അക്കാര്യത്തില്‍ ബോധവത്ക്കരിക്കാനും പാര്‍ട്ടിയുടെ നിലപാട് രൂപീകരിക്കുന്നതില്‍ സഹായിക്കാനും ഒക്കെ മുന്നിലുണ്ടാകണം. എല്ലാ പാര്‍ട്ടികളിലും നല്ല പരിസ്ഥിതി അവബോധമുള്ള വ്യക്തികളുണ്ട്. പക്ഷേ, ഒറ്റപ്പെട്ട നിലയില്‍ അവരുടെ ആശയങ്ങള്‍ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പഴയതുപോലെ സജീവമല്ല എന്നൊരു ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്, എന്തു തോന്നുന്നു?
അത്തരമൊരു തോന്നല്‍ കുറെയൊക്കെ ശരിയാണ്. പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കാനും പുറത്തു കൊണ്ടുവരാനും കഴിവുള്ള ആളുകളുടെ എണ്ണം കുറയുകയാണ്. നമ്മളും പറഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന തോന്നലുണ്ടാകുമ്പോഴേക്കും വൈകിയിരിക്കും. സംഘടനയ്ക്ക് പുറത്ത് ഇത്തരം കാര്യങ്ങള്‍ അറിയാവുന്ന ഒരുപാട് പേരുണ്ട് എന്നതുകൊണ്ട് നമ്മള്‍ മാറിനില്‍ക്കണമെന്നില്ല. മാത്രമല്ല, നമ്മളൊരു പത്രം വായിക്കുമ്പോള്‍, ഒരു കാര്യം ശ്രദ്ധയില്‍ പെടുമ്പോള്‍, ഇത് ഇത്തരത്തില്‍ ബാധിക്കുമല്ലോ എന്നൊരു തോന്നല്‍ ഉള്ളിലുണ്ടാകണം. ഇന്ന് ഇന്റര്‍നെറ്റൊക്കെ നമുക്ക് മുന്നിലെത്തിക്കുന്ന വിവരത്തിന്റെ തോതെത്രയാണ്. അത് മനസിലാക്കാനും പഠിക്കാനുമുള്ള സന്നദ്ധത വേണം. അത്തരം കാര്യങ്ങള്‍ പഠിക്കാനും ആഴത്തില്‍ മനസിലാക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല, അതാണ് പ്രശ്‌നം. പരിഷത്തിനെപ്പോലൊരു സംഘടന കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച വിദ്യാഭ്യാസ പരിപാടി വളരെ വ്യാപകമായി നടത്തേണ്ട സമയമാണിത്, ഡിസംബറില്‍ കോപ്പന്‍ഗേഹനില്‍ കാലാവസ്ഥ ഉച്ചകോടി നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്‌നമേതാണ്, മാഷിന്റെ അഭിപ്രായത്തില്‍?
കേരളത്തില്‍ നമ്മള്‍ ഏറ്റവുമധികം ഭയപ്പെടേണ്ടത് വെള്ളത്തെപ്പറ്റിയാണ്. വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടി വരുന്നു, ഉള്ള വെള്ളം മലിനമായിക്കൊണ്്ടും ഇരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്‍ ജലപ്രശ്‌നം ഇരട്ടിക്കും. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ളത് നമുക്ക് ചെറുക്കാന്‍ കഴിയാത്തതാണ്. എന്നാല്‍, നമ്മുടെ കൈയ്യില്‍ കിട്ടുന്ന വെള്ളം ശരിക്കു സൂക്ഷിക്കാനും ദുരുപയോഗപ്പെടുത്താതെ നോക്കാനും നമുക്ക് കഴിയേണ്ടതില്ലേ. ഉദാഹരണത്തിന്, കേരളത്തില്‍ ഒരാള്‍ക്ക് ഇന്നും എത്ര ലിറ്റര്‍ ആവശ്യമുണ്ടെന്ന് നിശ്ചയമില്ലല്ലോ. നമ്മള്‍ ഏറ്റവുമധികം വെള്ളം പാഴാക്കുന്നത് ഫ്‌ളഷ് ടാങ്കിലൂടെയാണ്. നൂറ് മില്ലിലിറ്റര്‍ മൂത്രമൊഴിച്ചാല്‍, അഞ്ച് ലിറ്റര്‍ കുടിവെള്ളമാണ് അത് ഫ്‌ളഷ് ചെയ്യാന്‍ നമ്മള്‍ കളയുന്നത്. വെള്ളത്തെ സംബന്ധിച്ച് ശരിക്കുള്ള പഠനവും പ്ലാനിങും ഇപ്പോഴേ നടത്തിയില്ലെങ്കില്‍ നമ്മള്‍ നരകിക്കും.
സൈലന്റ്‌വാലിയില്‍ നില്ക്കുമ്പോള്‍ ശിരസ്സ് അറിയാതെ ഉയര്‍ന്നുപോകുന്നു. ഈ നിത്യഹരിത മഴക്കാടിനുമപ്പുറത്ത് ഒരു സ്വകാര്യ അഹങ്കാരം മലയാളിക്കുണ്ടാവാനിടയില്ല.
നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. കാല്‍വണ്ണയില്‍നിന്ന് ചോരകുടിക്കുന്ന അട്ടകളെ ഒന്നൊന്നായി എടുത്തുമാറ്റുമ്പോള്‍ കൂടെയുണ്ടായിരുന്ന തമിഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു: ''സൈലന്റ്‌വാലി റൊമ്പ വയലന്റ്‌വാലിയായിറുക്ക്.'' അഞ്ചുകോടി വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ കാടാണിത്. ആദിമവും അനന്യവുമായ വനഗന്ധം നുകര്‍ന്നുകൊണ്ട് 'ആനവിരട്ടി'യെ ഒഴിഞ്ഞുമാറി ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സതീഷ്ചന്ദ്രന്‍ പഴയൊരോര്‍മ പങ്കുവെച്ചു. 1980-കളുടെ തുടക്കത്തില്‍ സൈലന്റ്‌വാലിയിലെത്തിയ ഒരു ബ്രിട്ടീഷ് വനിതയെക്കുറിച്ചുള്ള ഓര്‍മ. 70 വയസ്സ് പിന്നിട്ട ഒരു അന്ധ. ബി.ബി.സി.ക്കു വേണ്ടിയുള്ള ഒരു ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ വരവ്. മുക്കാലിയില്‍നിന്ന് നടന്ന് സൈലന്റ്‌വാലിയിലൂടെ നീലഗിരിയിലേക്കുള്ള സഞ്ചാരം. സൈലന്റ്‌വാലിയുടെ ഉള്‍ക്കാടുകളില്‍ നിശ്ശബ്ദത ഇപ്പോഴും തൊട്ടറിയാവുന്ന അനുഭവമാണ്. നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന കാട്ടിലൂടെ നടന്നുപോകുന്ന അന്ധയായ സ്ത്രീ.
ബ്യൂണസ്അയേഴ്‌സിലെ ഗ്രന്ഥാലയത്തില്‍ അക്ഷരങ്ങള്‍ക്കു നടുവിലിരിക്കുന്ന ഹോര്‍ഷെ ലൂയിസ് ബോര്‍ഷെ എന്ന അന്ധനായ ലൈബ്രേറിയന്റെ ചിത്രം ഒരു മിന്നല്‍പ്പിണരുപോലെ ഉള്ളിലേക്ക് കയറിവരുന്നു. സൈലന്റ്‌വാലി എന്താണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ അന്ധയായ സ്ത്രീയുടെ യാത്രയാണ്. അത്രമേല്‍ അഗാധവും അപാരവുമായ അനുഭവമാണ് ഈ താഴ്‌വാരം നമുക്കായി കാത്തുസൂക്ഷിക്കുന്നത്.
25 കൊല്ലങ്ങള്‍ക്കു മുമ്പ്
1979-ല്‍ സൈലന്റ്‌വാലിയില്‍നിന്ന് ഡോ. സതീഷ്ചന്ദ്രന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതയ്‌ക്കെഴുതി: ''ഈ അപൂര്‍വ സസ്യജാലങ്ങള്‍ ഇനിയിവിടെയുണ്ടാകുമോയെന്നറിയില്ല. വലിയ പാറത്തോടിനിരുവശവും മരങ്ങള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു. കാട്ടിമുടിയില്‍നിന്ന് കാട് കത്തുന്ന മണം. താഴ്‌വാരത്തിന്റെ നിശ്ശബ്ദതയ്ക്കു മേല്‍ ബുള്‍ഡോസറുകളുടെ ഇരമ്പല്‍''-രണ്ടര ദശാബ്ദത്തിനു മുമ്പ് ഇതു വെറും വാക്കുകള്‍ മാത്രമായിരുന്നില്ല. '' ദാ... ഇവിടെയാണ് കേരള വൈദ്യുതി ബോര്‍ഡ് സൈലന്റ് വാലിക്ക് ചരമക്കുറിപ്പെഴുതാന്‍ ശ്രമിച്ചത്''-സൈരന്ധ്രിയില്‍ കുന്തിപ്പുഴയുടെ വന്യമായ പ്രവാഹത്തിലേക്ക് വിരല്‍ചൂണ്ടി ഡോ. സതീഷ് പറഞ്ഞു. ''അന്ന് കെ.എസ്.ഇ.ബി.യുടെ ദൗത്യം വിജയിച്ചിരുന്നെങ്കില്‍ ഈ പ്രദേശമാകെ അണക്കെട്ടില്‍ മുങ്ങി മരിക്കുമായിരുന്നു.''
തകര്‍ന്നുപോയ പദ്ധതി
സൈലന്റ്‌വാലി ഒരു പ്രതീകമാണ്. ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ പ്രതീകം. സമര്‍പ്പണബുദ്ധിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരുപിടി മനുഷ്യരുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവന്ന ചരിത്രഗാഥയാണത്.
1973-ല്‍ പ്ലാനിങ് കമ്മീഷന്‍ അനുമതി നല്കിയതോടെയാണ് സൈലന്റ്‌വാലി അണക്കെട്ട് പദ്ധതിക്ക് ജീവന്‍വെച്ചത്. 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടായിരുന്നു കെ.എസ്.ഇ.ബി. പദ്ധതി മുന്നോട്ടുവെച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം, ഏഴെട്ടു കൊല്ലത്തേക്ക് ചുരുങ്ങിയത് മൂവായിരം പേര്‍ക്കെങ്കിലും തൊഴില്‍.... പദ്ധതിയുടെ ഗുണഫലങ്ങള്‍ കെ.എസ്.ഇ.ബി. ഇങ്ങനെ നീട്ടി.
പരിസ്ഥിതി എന്ന ആഡംബരം
ഈ അണകെട്ടുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം തച്ചുതകര്‍ക്കാന്‍ കേരളം മാറി മാറി ഭരിച്ച വിവിധ സര്‍ക്കാറുകള്‍ പരസ്പരം മത്സരമായിരുന്നു. ഇക്കോളജി ഈസ് എ ലക്ഷ്വറി ഫോര്‍ കേരളൈറ്റ്‌സ് എന്ന മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ പ്രഖ്യാപനം ഈ നയത്തിന്റെ അടിക്കുറിപ്പാണ്. സൈലന്റ്‌വാലിയില്‍ കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാറും അനുബന്ധ സ്ഥാപനങ്ങളും പറഞ്ഞത്. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന മരങ്ങളത്രയും വേണമെങ്കില്‍ പറിച്ചുനടാവുന്നതേയുള്ളൂ എന്ന വങ്കത്തരംവരെ എഴുതിപ്പിടിപ്പിക്കാന്‍ അവരുടെ വക്താക്കള്‍ തയ്യാറായി.
സമര്‍പ്പണ ബുദ്ധിയും ആദര്‍ശശുദ്ധിയുമുള്ള ഒരുപിടി മനുഷ്യര്‍ ചെറുത്തു നില്പിനൊരുങ്ങിയതാണ് സൈലന്റ്‌വാലിയുടെ രക്ഷയായത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടായിരുന്ന (കെ.എഫ്.ആര്‍.എ.) ഡോ. വി.എസ്. വിജയന്റെ പേര് ഇതില്‍ ആദ്യമേ പറയേണ്ടതുണ്ട്. അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ അദ്ദേഹമാണ് നിര്‍ദിഷ്ട ഡാമിന്റെ ദൂഷ്യവശങ്ങള്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ പേരില്‍ ഡോ. വിജയന് കെ.എഫ്. ആര്‍.ഐ. വിടേണ്ടി വന്നു. ഈ പഠനസംരംഭത്തില്‍ ഡോ. എം. ബാലകൃഷ്ണനും വിജയനൊപ്പമുണ്ടായിരുന്നു.
സഫര്‍ ഫത്തേഹലി, ഡോ. സലിം അലി, ഡോ. മാധവ്ഗാഡ്ഗില്‍, ഡോ. എം.എം. ശ്രീനിവാസ്, കെ.പി.എസ്. മേനോന്‍, ഡോ. കെ.എന്‍. രാജ്, ഡോ. എന്‍.സി. നായര്‍, പ്രൊഫ. കരുണാകരന്‍, ജെ.സി. ഡാനിയല്‍, യു.കെ. ഗോപാലന്‍, ജോസഫ് ജോണ്‍ എന്നിവര്‍ സൈലന്റ്‌വാലി സംരക്ഷണത്തിനായി ശക്തിയുക്തം വാദിച്ചവരാണ്.
സൈലന്റ്‌വാലിയുടെ അതിജീവനം ഒരു സാമൂഹിക പ്രക്ഷോഭത്തിന്റെ തലത്തിലേക്കുയര്‍ത്തിയതില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ അമരത്തുണ്ടായിരുന്ന പ്രൊഫ. എം.കെ. പ്രസാദും വഹിച്ച പങ്കും കുറച്ചുകാണാനാവില്ല. സൈലന്റ്‌വാലിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി സമഗ്രമായൊരു ലേഖനം എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രൊഫ. പ്രസാദായിരുന്നു.
എഴുത്തുകാരുടെ കൂട്ടത്തില്‍ എന്‍.വി. കൃഷ്ണവാര്യരും സുഗതകുമാരിയും വഹിച്ച പങ്ക് നിസ്തുലമാണ്. ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, എസ്.കെ. പൊറ്റെക്കാട്ട്, വൈലോപ്പിള്ളി, സുകുമാര്‍ അഴീക്കോട് എന്നിവരും ഇവര്‍ക്കൊപ്പം അണിചേര്‍ന്നു. പ്രൊഫ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. ജോണ്‍ സി. ജേക്കബ്, ഡോ. ശാന്തി, ഡോ. ശ്യാമസുന്ദരന്‍നായര്‍, ഡോ. കെ.പി. കണ്ണന്‍ എന്നിവരെയും മറന്നുകൂടാ.
രാഷ്ട്രീയ നേതൃത്വത്തിന്റെ പാരിസ്ഥിതിക നിരക്ഷരത
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പാരിസ്ഥിതിക നിരക്ഷരതയാണ് സൈലന്റ്‌വാലിയില്‍ വെളിപ്പെട്ടത്. എം.പി. പരമേശ്വരന്‍, കെ.വി. സുരേന്ദ്രനാഥ്, വര്‍ക്കല രാധാകൃഷ്ണന്‍, സി. നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. ശര്‍മ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് സൈലന്റ്‌വാലിയുടെ കാര്യത്തില്‍ സ്വീകരിച്ചത്.
സാക്ഷാല്‍ ഇ.എം.എസ്. പോലും സൈലന്റ്‌വാലിക്കു വേണ്ടി ഉറച്ചൊരു നിലപാടെടുത്തിരുന്നില്ലെന്ന് ഡോ. സതീഷ്ചന്ദ്രന്‍ * ഖേദത്തോടെ ഓര്‍ക്കുന്നു. ഡോ. എം.എസ്. സ്വാമിനാഥന്റെ റിപ്പോര്‍ട്ടാണ് സൈലന്റ്‌വാലിയുടെ അതിജീവനത്തിനു വഴിയൊരുക്കിയ ആദ്യ ഘടകങ്ങളിലൊന്ന്. 1979-ല്‍ ചരണ്‍സിങ് സര്‍ക്കാറിനു നല്കിയ ഈ റിപ്പോര്‍ട്ടില്‍ സൈലന്റ്‌വാലി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഡോ. സ്വാമിനാഥന്‍ കൃത്യമായൊരു നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1980-ല്‍ ഇന്ദിരാഗാന്ധി പ്രൊഫ. എം.ജി.കെ. മേനോന്‍ കമ്മിറ്റിയെ നിയോഗിച്ചതു തന്നെ.
മാധ്യമങ്ങള്‍
സൈലന്റ്‌വാലി പ്രക്ഷോഭം വിജയിച്ചതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ ആര്‍ക്കും തള്ളിക്കളയാനാകില്ല. 1979-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മലയാളത്തില്‍ ആദ്യമായി സൈലന്റ്‌വാലിയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം വന്നത്. 'സൈലന്റ്‌വാലിയെ രക്ഷിക്കൂ' എന്ന് പ്രൊഫ. എം.കെ. പ്രസാദ് എഴുതിയ ലേഖനം പ്രക്ഷോഭം മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു. 1980-ല്‍ കേരള കൗമുദിയാണ് സുഗതകുമാരിയുടെ പ്രശസ്തമായ സൈലന്റ്‌വാലി ലേഖനം പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ വഴിയിലേക്ക് സുഗതകുമാരിയുടെ വരവ് വിളിച്ചറിയിച്ച തീവ്രവും ആര്‍ദ്രവുമായ ലേഖനമായിരുന്നു അത്.
തൃശ്ശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്സ്പ്രസ് ദിനപത്രം സൈലന്റ്‌വാലിക്കു വേണ്ടി അതിശക്തമായ നിലപാടെടുത്തു. എക്സ്പ്രസ്സിന്റെ പത്രാധിപര്‍ ടി.വി. അച്യുതവാരിയര്‍ പേരുവെച്ചെഴുതിയ ലേഖനങ്ങള്‍ മലയാളമാധ്യമ ചരിത്രത്തില്‍ പാരിസ്ഥിതിക അവബോധത്തിന്റെ ജ്വലിക്കുന്ന വഴികാട്ടികളാണ്.
ദേശീയതലത്തില്‍ സൈലന്റ്‌വാലി പ്രക്ഷോഭത്തിനൊപ്പം നിലകൊണ്ട മുന്‍നിര പത്രം ഹിന്ദുവായിരുന്നു. ഇപ്പോള്‍ ഹിന്ദുവിന്റെ മുഖ്യ പത്രാധിപരായ എന്‍. റാമിന്റെ സവിശേഷ താത്പര്യം ഈ നിലപാടിനു പിറകിലുണ്ടായിരുന്നു.
അറിയപ്പെടാത്ത ഇന്ദിര
സൈലന്റ്‌വാലി സംരക്ഷിച്ചതാര് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പേരിലേക്കൊതുക്കേണ്ടിവന്നാല്‍ അത് ഇന്ദിരാഗാന്ധി എന്നുതന്നെയായിരിക്കും. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ പാരിസ്ഥിതിക സമ്മേളനത്തില്‍ പങ്കെടുത്തത് ഇന്ദിരയുടെ വീക്ഷണങ്ങള്‍ക്കു വ്യക്തമായൊരു ദിശാബോധം നല്കിയിരുന്നു. സൈലന്റ്‌വാലിയുടെ കാര്യത്തില്‍ അതാകണം ഇന്ദിരയുടെ തീരുമാനം പാറപോലെ ഉറച്ചതാക്കിയത്. സൈലന്റ്‌വാലി ദേശീയ ഉദ്യാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1984 നവംബര്‍ 15ന് പുറത്തിറങ്ങിയപ്പോള്‍ അതിനുപിറകില്‍ ഇന്ദിര വഹിച്ച നിര്‍ണായക പങ്ക് പിന്നീട് കോണ്‍ഗ്രസ്സുകാര്‍പോലും മറന്നുപോയെന്നത് ഇന്ദിരയുടെ ദുര്യോഗം. സൈലന്റ്‌വാലിയില്‍ നേരിട്ടെത്താനുള്ള ഭാഗ്യവും ഇന്ദിരയ്ക്കുണ്ടായില്ല. 1985-ല്‍ രാജീവ്ഗാന്ധിയാണ് സൈലന്റ്‌വാലിയിലെത്തി ദേശീയ ഉദ്യാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
കുന്തിപ്പുഴ എന്ന അത്ഭുതം
ഇന്ത്യയിലിന്നിപ്പോള്‍ ഹിമാലയത്തിനു തെക്ക് ഇതുപോലൊരു പുഴ വേറെയില്ല. ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതില്‍ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. സൈലന്റ്‌വാലിയുടെ ഹൃദയത്തിലൂടെ 25 കിലോമീറ്ററോളം കുന്തി ഒഴുകുന്നത് മനുഷ്യസ്പര്ശമേല്ക്കാതെയാണ്. ഒരു പുഴ ജനിക്കുന്നതെങ്ങനെയെന്നറിയണമെങ്കില്‍ കണ്ണാടിപോലെ ഒഴുകുന്ന കുന്തിയുടെ ഉത്ഭവസ്ഥാനമല്ലാതെ നമുക്കു വേറെ ഏതിടമാണുള്ളത്.
സൈലന്റ്‌വാലി ആത്യന്തികമായിവൃക്ഷങ്ങളുടെ ലോകമാണ്. സിംഹവാലന്‍ കുരങ്ങനും കടുവയും മാത്രമല്ല സൈലന്റ്‌വാലിയെ സൈലന്റ്‌വാലിയാക്കുന്നത്. 50 ദശലക്ഷം വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ ഈ 8952 ഹെക്ടര്‍ ഭൂമിയുടെ മുഖമുദ്ര മഹാവൃക്ഷങ്ങളും അവയ്ക്കു കീഴില്‍ വളരുന്ന സസ്യജാലങ്ങളുമാണ്.
25 വര്‍ഷങ്ങള്‍ക്കു ശേഷം
ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ അമ്മയായിരുന്നു സൈലന്റ്‌വാലി പ്രക്ഷോഭം. വികസനത്തിന്റെ സാമ്പ്രദായിക വീക്ഷണങ്ങള്‍ അതു നിശിതമായി ചോദ്യം ചെയ്തു. പുതിയൊരു പാരിസ്ഥിതിക അവബോധത്തിനും സംസ്‌കൃതിക്കും സൈലന്റ്‌വാലി കാരണമായി. ആ അര്‍ഥത്തില്‍ സൈലന്റ്‌വാലിയില്‍ നടന്നത് ശരിക്കും ഒരു വിപ്ലവം തന്നെയായിരുന്നു.
കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നതും കേരളത്തില്‍ മാറിമാറി സര്‍ക്കാറുകള്‍ വന്നതും കേന്ദ്രത്തില്‍ ഭരണത്തലപ്പത്ത് ഇന്ദിരയെപ്പോലെയൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നുവെന്നതും ഈ വിപ്ലവത്തിന്റെ കുതിപ്പ് എളുപ്പമാക്കി.
ചീവീടുകള്‍ വളരുമ്പോള്‍
ചീവീടുകളുടെ അഭാവമായിരുന്നു സൈലന്റ്‌വാലിയുടെ അടയാളങ്ങളില്‍ മുഖ്യം. ഇന്നും സൈലന്റ്‌വാലിയുടെ ഗാഢസ്ഥലികളില്‍ ചീവീടുകളില്ല. പക്ഷേ, പുറത്തെ കാടുകളില്‍ അവ എത്തിക്കഴിഞ്ഞു. മനുഷ്യന്‍ നടത്തിയ കൈയേറ്റങ്ങളെത്തുടര്‍ന്ന് 1980-കളിലാണ് അവ സൈലന്റ്‌വാലിയിലെത്തിയതെന്ന് ഡോ. സതീഷ് ചന്ദ്രന്‍ നിരീക്ഷിക്കുന്നു. ചീവീടുകളുടെ വരവ് ചിലപ്പോള്‍ ഒരു മുന്നറിയിപ്പായിരിക്കാം.
ഈ നിത്യഹരിത മഴക്കാടിനു മുന്നില്‍ എളിമയോടെ നില്‍ക്കുക. നിശ്ശബ്ദതയുടെ മറുകരയിലേക്ക് നടന്നുപോയ അന്ധമായ ആ ബ്രിട്ടീഷ് വനിതയുടെ ഓര്‍മയാവട്ടെ നമുക്കു മുന്നില്‍ തെളിയുന്ന പ്രകാശത്തിന്റെ പ്രതിരോധം.
മറക്കാനാവില്ല ലച്ചിയപ്പനെ
അഞ്ചുകോടി വര്‍ഷത്തിന്റെ പൈതൃകം
ഏതാണ്ട് അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. എന്നുവെച്ചാല്‍, അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് ഈ മഴക്കാട് അതിന്റെ ചിറകിന്നടിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്രമുള്ള ഈ വനമേഖലയിലേക്ക് പക്ഷേ, ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970-കളില്‍ മാത്രമാണ്. സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം. എന്നാല്‍ അതിന് മുമ്പ് പല ഗവേഷകരും ഈ അപൂര്‍വ വനമേഖലയുടെ ജൈവസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നീലഗിരിക്ക് തെക്കുപടിഞ്ഞാറന്‍ കോണില്‍ സ്ഥിതിചെയ്യുന്ന 8952 ഹെക്ടര്‍ വരുന്ന ഈ വനമേഖലയില്‍ നടന്ന ഗവേഷണങ്ങളുടെയും, സൈലന്റ് വാലിയെ രക്ഷിക്കാന്‍ നടന്ന ചെറുത്തുനില്‍പ്പിന്റെയും ചരിത്രത്തിന്റെ നാള്‍വഴിയിലൂടെ...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയില്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യസ്പര്ശമേറ്റതിന് തെളിവേ രേഖയോ ഇല്ല.
1840-1853 : പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റ്, സൈലന്റ് വാലി ഉള്‍പ്പെട്ട നീലഗിരി മേഖലയിലെ സസ്യയിനങ്ങളെക്കുറിച്ചു നടത്തിയ പഠനം ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. Icones plantarum Indiae orientalis എന്ന പേരിലുള്ള ആ ഗ്രന്ഥപരമ്പരയില്‍ 2101 സസ്യവര്‍ഗങ്ങളുടെ രേഖാചിത്രങ്ങള്‍ അടക്കമുള്ള വിശദവിവരങ്ങളുണ്ട്. ഏഴ് പുതിയ സസ്യയിനങ്ങളെ അദ്ദേഹം സൈലന്റ് വാലിയിലെ സിസ്പാറയില് നിന്നു മാത്രം തിരിച്ചറിഞ്ഞു.
1845 : റിച്ചാര്‍ഡ് ഹെന്‍ട്രി ബെഡ്ഡോം സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് പഠനം തുടങ്ങി. അദ്ദേഹം സൈലന്റ് വാലിയില്‍ നിന്ന് പതിറ്റാണ്ടുകളോളം സംപിളുകള്‍ ശേഖരിച്ചു. ബെഡ്ഡോം ശേഖരിച്ച സാംപിളുകള്‍ കോയമ്പത്തൂരിലെ ബി.എസ്.ഐ.ഹെര്‍ബേറിയത്തിനാണ് നല്‍കിയത്. സൈലന്റ് വാലിയില്‍ പഠനം നടത്തിയ ആദ്യ പ്രൊഫഷണല്‍ സസ്യശാസ്ത്രജ്ഞന്‍ ജെയിംസ് സൈക്കെസ് ഗാമ്പിള്‍ ആണ്. സിസ്പാറയിലും വളപ്പാറയിലും അദ്ദേഹം വിശദമായ പഠനങ്ങള്‍ നടത്തി. 'ഫ്‌ളോറ ഓഫ് ദി പ്രസിഡന്‍സ് ഓഫ് മദ്രാസ്സ്' തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൈലന്റ് വാലിയിലും പഠനം നടത്തിയത്.
1847 : സൈലന്റ് വാലിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഔദ്യോഗിക അന്വേഷണം. കുന്തിപ്പുഴയുടെ വൃഷ്ടിപ്രദേശമായ ഈ താഴ്‌വരയില്‍ സ്വകാര്യവ്യക്തികള്‍ക്കാര്‍ക്കും അവകാശമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
1847-1873 : മേഖല സര്‍ക്കാരിന്റെ പരിപൂര്‍ണ അധീനതയില്‍ പെട്ടതാണെന്ന് വ്യക്തമായതോടെ, അതിന്റെ മധ്യഭാഗത്തായി 400 ഹെക്ടര്‍ പ്രദേശം കാപ്പി പ്ലാന്റേഷന്‍കാര്‍ക്ക് അനുവദിച്ചു.
1888 : മദ്രാസ്സ് വനനിയമത്തിന്റെ 26-ാം പരിച്ഛേദം അനുസരിച്ച് സൈലന്റ് വാലി മുഴുവന്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ അവകാശത്തിലാണെന്ന് വിജ്ഞാനപനം പുറത്തു വന്നു.
1889 : കാപ്പി കൃഷി ചെയ്യാനുള്ള വിഫലശ്രമങ്ങള്‍ക്കൊടുവില്‍ പ്ലാന്റര്‍മാര്‍ പിന്‍വാങ്ങി.
1901 : സെലക്ഷന്‍ ഫെല്ലിങ് വഴി സൈലന്റ് വാലിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള ആദ്യ ശ്രമങ്ങള്‍.
1914 : സൈലന്റ് വാലിയിലെ 89.52 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ റിസര്‍വ് വനമായി പ്രഖ്യാപിച്ചു. 1914 മെയ് 18 -നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്, അതേവര്‍ഷം ജൂണ്‍ ഒന്‍പതിന് സെന്റ് ജോര്‍ജ് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
1921 : സൈലന്റ് വാലി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യമായി ഉയരുന്നു. (അതുവരെ നിലമ്പൂര്‍ ആസ്ഥാനമായുള്ള സൗത്ത് മലബാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലായിരുന്ന സൈലന്റ് വാലി, പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലായതും ഇതേ വര്‍ഷമാണ്).
1928 : തിരഞ്ഞെടുത്ത മരങ്ങള്‍ മാത്രം ഇവിടെ നിന്ന് മുറിച്ചു മാറ്റാനുള്ള സെലക്ഷന്‍ ഫെല്ലിങ് സമ്പ്രദായത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. (സെലക്ഷന്‍ ഫെല്ലിങിനായി ടി.വി. വെങ്കിടേശ്വര അയ്യര്‍ (1933-34 കാലയളവ്), വാന്‍ ഹേഫ്റ്റന്‍ (1943-58 കാലയളവ്), ഇ.മുഹമ്മദ് (1954-74 കാലയളവ്), എസ്.ചാന്ദ് ബാഷ (1975-85 കാലയളവ്) എന്നിവര്‍ പില്‍ക്കാലത്ത് പ്രവര്‍ത്തന രേഖ തയ്യാറാക്കി). ഈ പതിറ്റാണ്ടുകള്‍ക്കിടയില്‍ സൈലന്റ് വാലിയില്‍ നിന്ന് 48,000 ഘനമീറ്റര്‍ തടി സെലക്ഷന്‍ ഫെല്ലിങ് വഴി മുറിച്ചു മാറ്റിയെന്നാണ് കണക്ക്.
1931 : സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതിക്കായി അന്നത്തെ ഫോറസ്റ്റ് എന്‍ജിനിയര്‍ ആയിരുന്ന ഇ.എസ്.ഡോസണ്‍ പ്രാഥമിക പഠനം നടത്തി.
1941 : സസ്യശാസ്ത്രപഠനത്തിന്റെ ഭാഗമായി എന്‍.എല്‍.ബോര്‍ സൈലന്റ് വാലിയില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. 1846-1947 കാലത്ത് 21 പുതിയയിനം സസ്യങ്ങളെ സൈലന്റ് വാലിയില്‍ നിന്ന് വിവിധ ഗവേഷകര്‍ കണ്ടെത്തി.
1951 : സൈലന്റ് വാലി പദ്ധതിക്കായുള്ള ആദ്യ വിവരശേഖരണം.
1972 : ലോകമെമ്പാടും പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് സ്‌റ്റോക്ക്‌ഹോമില്‍ 'യു.എന്‍.കോണ്‍ഫറന്‍സ് ഓണ്‍ ഹ്യുമണ്‍ എന്‍വിരോണ്‍മെന്റ്' നടന്നു. വരും തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുള്‍പ്പടെ 130 രാഷ്ട്രങ്ങള്‍ അംഗീകരിച്ചു.
1973 ജനവരി 5 : സൈലന്റ് വാലിയിലെ സൈരന്ധ്രിയില്‍ 522 മെഗായൂണിറ്റ് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ പ്ലാനിങ് കമ്മിഷന്റെ പച്ചക്കൊടി ലഭിക്കുന്നു. വൈദ്യുതോത്പാദനം മാത്രമല്ല, പാലക്കാട് ജില്ലയിലെ 25,000 ഹെക്ടര്‍ പ്രദേശത്ത് ജലസേചനവും സാധ്യമാക്കുമെന്ന് പ്രതീക്ഷ. 830 ഹെക്ടര്‍ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നു.
1973 ജൂണ്‍ 16 : സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്ന് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 1978-79 ല്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്ന് പ്രതീക്ഷ.
1976 ഒക്ടോബര്‍ : സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതു വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നാഷണല്‍ കമ്മറ്റി ഓണ്‍ എന്‍വിരോണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ (എന്‍.സി.ഇ.പി.സി) ശുപാര്‍ശ ചെയ്തു. പദ്ധതി നടപ്പാക്കിയാല്‍ തന്നെ ആവശ്യമായ മുന്‍കരുതലോടെ വേണം അതെന്നും കമ്മറ്റിയുടെ കര്‍മസേന ശുപാര്‍ശ ചെയ്തു. (പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍, എന്‍.സി.ഇ.പി.സി.ശുപാര്‍ശ ചെയ്ത് മുന്‍കരുതലുകള്‍ ഉറപ്പു വരുത്താനായി 1979-ല്‍ 'സൈലന്റ് വാലി പ്രൊട്ടക്ടഡ് ഏരിയ (പ്രൊട്ടെക്ഷന്‍ ആന്‍ഡ് ഇക്കോളജിക്കല്‍ ബാലന്‍സ്) ആക്ട്' നടപ്പിലാക്കി)
1978 ഫിബ്രവരി : സൈലന്റ് വാലി വനപ്രദേശം സംരക്ഷിക്കാന്‍, കേരള നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
1978 സപ്തംബര്‍ : സൈലന്റ് വാലിയിലേത് ഉള്‍പ്പടെ പശ്ചിമഘട്ടത്തിലെ വനമേഖലകള്‍ കൂടുതല്‍ കാര്യക്ഷമമായി സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് (ഐ.യു.സി.എന്‍) പാസാക്കി. ഏതാണ്ട് ഇതേ സമയത്തു തന്നെ, സൈലന്റ് വാലി എന്നത് അത്യപൂര്‍വമായ ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും ആവാസമേഖലയാണെന്ന്, ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (എം.എന്‍.എച്ച്.സി) കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി.
1978 ഒക്ടോബര്‍ 15 : പകരം പദ്ധതികളെക്കുറിച്ച് പഠിക്കുകയും സാധ്യതകള്‍ ആരായുകയും ചെയ്യുംമുമ്പ് സൈലന്റ് വാലിയെ നശിപ്പിക്കുന്ന നടപടി പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കെ.എസ്.എസ്.പി) പാസാക്കി.
1978 ഡിസംബര്‍: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഫ്‌ളോറിസ്റ്റിക് സ്റ്റഡീസുമായി ബന്ധപ്പെട്ട സിംപോസിയത്തിന് കോയമ്പത്തൂരില്‍ ഒത്തു ചേര്‍ന്ന ശാസ്ത്രജ്ഞര്‍, സൈലന്റ് വാലിയിലെ സസ്യസമ്പത്ത് സംരക്ഷിക്കാനായി പദ്ധതി ഉപേക്ഷിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഏതാണ്ട് ഇതേ സമയത്ത് തന്നെ, വംശനാശഭീഷണി നേരിടുന്ന അപൂര്‍വ ജീവിവര്‍ഗമായ സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന ആവാസകേന്ദ്രമായ സൈലന്റ് വാലിയിലെ എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാനും പ്രദേശത്തെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കാനും, ഇന്റര്‍നാഷണല്‍ പ്രൈമറ്റോളജിക്കല്‍ സൊസൈറ്റിയുടെ ഏഴാം കോണ്‍ഗ്രസ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
1979 ജൂലായ് : സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹിക -സാമ്പത്തിക വശങ്ങളും അവലോകനം ചെയ്ത് അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്ന പഠനറിപ്പോര്‍ട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തി.
1979 ജൂലായ് 18 : സൈലന്റ് വാലി പദ്ധതിക്കെതിരെ പയ്യന്നൂര്‍ കോളേജിലെ സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ ജാഥ. ജൂലായ് 16 മുതല്‍ 22 വരെ നടന്ന 'സേവ് സൈലന്റ് വാലി' വാരാചരണത്തിന്റെ ഭാഗമായിരുന്നു പയ്യന്നൂരിലെ ജാഥ. ജോണ്‍സി ജേക്കബ്ബായിരുന്നു സംഘാടകന്‍.
1979 ഒക്ടോബര്‍ : കേന്ദ്ര കൃഷി-ജലസേചന മന്ത്രാലയം സെക്രട്ടറി ഡോ.എം.എസ്.സ്വാമിനാഥന്‍ സൈലന്റ് വാലി സന്ദര്‍ശിച്ച്, സംസ്ഥാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം, സൈലന്റ് വാലി പദ്ധതിക്ക് എതിരായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
1980 : കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു വനപ്രദേശവും വനേതരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര വന (സംരക്ഷണ) നിയമം, 1980' നിലവില്‍ വന്നു.
1980 ജനവരി : ഡോ.സ്വാമിനാഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സൈലന്റ് വാലിയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
1980 ഏപ്രില്‍ 26 : സൈലന്റ് വാലി പദ്ധതിയുമായി നേരിട്ടു ബന്ധമുള്ള ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും എന്‍ജിനിയര്‍മാരെയും വിളിച്ചു കൂട്ടി സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ ചര്‍ച്ച. അതിന്റെ അടിസ്ഥാനത്തില്‍, പദ്ധതി പ്രദേശം ഒഴിവാക്കിക്കൊണ്ട് സൈലന്റ് വാലി റിസര്‍വ് വനത്തെ നാഷണല്‍ പാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
1980 ആഗസ്ത് : സൈലന്റ് വാലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിക്ക് കാര്യമായ ദോഷം ചെയ്യാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോ എന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍, പ്രൊഫ.എം.ജി.കെ.മേനോന്റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരും കേന്ദ്രവും സംയുക്ത സമിതിയെ നിയമിക്കാന്‍ തീരുമാനമായി.
1981 : സൈലന്റ് വാലിയിലെ സസ്യസമ്പത്ത്, ജലവൈദ്യുതി പദ്ധതി വന്നാലുള്ള ഭവിഷ്യത്ത്, സൈലന്റ് വാലിയുടെ പാരിസ്ഥിതികമായ പ്രത്യേകതകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
1982 ഡിസംബര്‍ : പ്രൊഫ.എം.ജി.കെ.മേനോന്‍ കമ്മറ്റി അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ 1983-ല്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
1984 നവംബര്‍ 15 : പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കേരള സര്‍ക്കാര്‍ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുകയും, സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തു. 89 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്.
1985 സപ്തംബര്‍ 7 : അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിനായി സമര്‍പ്പിച്ചു.
1988 മെയ് 16 : സൈലന്റ് വാലിയെ ഒരു പ്രത്യേക സംരംക്ഷിത ഡിവിഷനായി വിജ്ഞാപനം ചെയ്തു.
No comments:
Post a Comment