പ്രശസ്ത ഭൗതികശാസ്ത്ര സൈദ്ധാന്തികനായ സ്റ്റീഫന്‍ ഹോക്കിംഗ് പ്രപഞ്ചസൃഷ്ടിയിലെ ദൈവസാന്നിദ്ധ്യത്തെ പൂര്‍ണമായി തള്ളിക്കളയുന്നു. പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ ദൈവം ഒരാവശ്യമേ ആയിരുന്നില്ലെന്ന്, ഈമാസം പുറത്തിറങ്ങുന്ന തന്റെ പുതിയ സൈദ്ധാന്തികഗ്രന്ഥമായ ദ ഗ്രാന്‍ഡ് ഡിസൈനിലാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ശൂന്യതയില്‍നിന്ന് എന്തെങ്കിലും വസ്തു സൃഷ്ടിക്കാന്‍ ഏതെങ്കിലും ദിവ്യസാന്നിദ്ധ്യം ആവശ്യമാണെന്ന ചിന്താഗതി മതത്തിന്റേതു മാത്രമാണെന്നും ഭൗതികശാസ്ത്രത്തിന്റെ നിയമാവലി അനുസരിച്ച് അത്തരം സ്വയംസൃഷ്ടി അസാദ്ധ്യമല്ലെന്നുമാണ് ഹോക്കിംഗിന്റെ വാദം. ലിയോനാദ് മ്ലോദിനോവ് എന്ന അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനുമായി സഹകരിച്ചാണ് ഹോക്കിന്‍സ് പുതിയ പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ പ്രധാനഭാഗങ്ങള്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതോ ദിവ്യപ്രചോദനത്താലാണ് പ്രപഞ്ചം സത്തയായതെന്നാണ് മതവിശ്വാസം. എന്നാല്‍ മതങ്ങള്‍ സാര്‍വകാലികമായ ആധികാരികതയില്‍ വിശ്വസിക്കുന്ന യുക്തിരഹിതപ്രമാണങ്ങള്‍ മാത്രമാണ്. ശാസ്ത്രംഅങ്ങനെയല്ല. അതു നിരന്തരം നിരീക്ഷിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. യുക്തിയാണതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ മതങ്ങള്‍ പറയുന്നതിനേക്കാള്‍ ശാസ്ത്രം പറയുന്നതാണ് കൂടുതല്‍ ശാശ്വതസ്വഭാവമുള്ള സത്യം; പുസ്തകത്തില്‍ ഹോക്കിംഗ്സ് വാദിക്കുന്നു.
ഈയടുത്ത കാലത്താണ് പ്രപഞ്ചോല്പത്തിയില്‍ ദൈവത്തിന്റെ പങ്കിനെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഹോക്കിംഗ്സ് തല്പരനായത്. നിശ്ശൂന്യത എന്നത് എന്തെങ്കിലും ഉള്ള അവസ്ഥയേക്കാള്‍ കുറഞ്ഞതാകുന്നതെങ്ങനെ എന്ന ചോദ്യമാണ് തന്നെ ഈ നിഗമനത്തിലേക്കു നയിച്ചതെന്നു് അദ്ദേഹം തന്നെ പറയുന്നു. ദൈവം ശൂന്യതയില്‍നിന്ന് പ്രപഞ്ചത്തെ സൃഷ്ടിക്കുകയായിരുന്നു എന്നാണ് മതവീക്ഷണം. പ്രകൃതിനിയമങ്ങളുടെ ആകെത്തുകയെന്ന അര്‍ത്ഥത്തിലല്ല മിക്ക മനുഷ്യരും ദൈവത്തെ മനസ്സിലാക്കിയിരിക്കുന്നത്. ദൈവമെന്നാല്‍ തങ്ങളുമായി എന്തോ ഇടപാടുള്ള ഒരു സമാനസംഗതിയായാണ് നമുക്കിടയില്‍ പ്രചാരം നേടിയിട്ടുള്ളത്. ഈ ദൈവം പ്രപഞ്ചം സൃഷ്ടിച്ചെന്നാണ് മതം പറയുന്നത്, ഹോക്കിംഗ്സ് പരിഹാസപൂര്‍വം പറയുന്നു.
ഹോക്കിംഗ്സിന്റെ ഈ പുതുവാദം ജീവശാസ്ത്രത്തിലെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തോടു തുല്യമായ ഭൗതികശാസ്ത്രനിരീക്ഷണമായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഓരോരോ പക്ഷിമൃഗാദികളെയായി ദൈവം സൃഷ്ടിക്കുകയായിരുന്നെന്ന മതാത്മകവീക്ഷണത്തോടു യോജിക്കാത്ത പരിണാമസിദ്ധാന്തം അവതരിപ്പിച്ച ഡാര്‍വിനോട് മതാധികാരികള്‍ ഇന്നും കലഹത്തിലാണ്. ജീവിവര്‍ഗം പരിണാമദശകളിലൂടെയാണ് വികാസവും വൈവിദ്ധ്യവും നേടിയതെന്നും അങ്ങനെതന്നെയാണ് ചില ജീവിവര്‍ഗത്തിന്റെയെങ്കിലും നാശമുണ്ടായതെന്നുമാണ് ഡാര്‍വിന്‍ വാദിച്ചത്. പരമാണുവില്‍നിന്ന് ജലജീവികളുണ്ടായിവരുന്ന ആദ്യഘട്ടത്തെ പ്രതിപാദിക്കുന്ന ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ജീവിവര്‍ഗങ്ങളുടെ ഉല്പത്തികാര്യത്തില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം പാടേ നിഷേധിക്കുകയായിരുന്നു, തത്ത്വത്തില്‍ ചെയ്തത്.
ഇതേപോലെതന്നെ, പ്രപഞ്ചോല്പത്തിയുടെ കാര്യത്തില്‍ ദൈവത്തിന്റെ ആവശ്യം പാടേ നിഷേധിക്കുന്ന ഭൗതികശാസ്ത്രനിയമങ്ങളാണ് നമുക്കുള്ളതെന്നാണ് ഹോക്കിംഗ്സ് തന്റെ പുതിയ പുസ്തകത്തില്‍ തെളിവുസഹിതം സമര്‍ത്ഥിക്കുന്നത്. പുസ്തകത്തിലെ തെളിവുകളുടെ പൂര്‍ണരൂപം അറിയണമെങ്കില്‍ പുസ്തകം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ദൈവികകരം എന്ന യുക്തിരഹിതവിശ്വാസത്തിനേക്കാളെറെ, യുക്തിഭദ്രമായ മഹാവിസ്ഫോടനസിദ്ധാന്തം അവഗണിക്കാനാവാത്തമട്ടില്‍ ഭൗതികശാസ്ത്രചിന്തയില്‍ നിറഞ്ഞുനില്ക്കുന്നെന്ന് ഹോക്കിംഗ്സ് എഴുതുന്നു. ഭൂഗുരുത്വാകര്‍ഷണനിയമം പോലൊന്ന് ഭൗതികശാസ്ത്രത്തില്‍ നിലനില്ക്കുന്നതിനാല്‍ത്തന്നെ ശൂന്യതയില്‍നിന്ന് വസ്തുക്കള്‍ ഉണ്ടായിവരിക എന്നത് അസാദ്ധ്യമായ ഒരു കാര്യമേയല്ല. പ്രപഞ്ചം സ്വയംസൃഷ്ടമാണെന്നതിന് അതിനാല്‍ത്തന്നെ മറ്റൊരു തെളിവും ആവശ്യമല്ല. നൈസര്‍ഗികമായ സൃഷ്ടിയാണ് ഇവിടെ നടന്നതെന്നത് വ്യക്തമാണ്. പ്രപഞ്ചവും ജീവനും നിലനില്ക്കുന്നതിനും കാരണം മറ്റൊന്നല്ലെന്ന് എടുത്തുപറയുന്ന ഹോക്കിംഗ്സ്, ജീവന്റെയും പ്രപഞ്ചത്തിന്റെയും ഉല്പത്തിക്കെന്നപോലെ നിലനില്പിന്റെ കാര്യത്തിലും ദൈവത്തിനു പങ്കൊന്നുമില്ലെന്ന അന്തിമനിലപാടാണു കൈക്കൊള്ളുന്നത്.
ഹോക്കിംഗ്സിന്റെ ഈ പുതുസിദ്ധാന്തം വലിയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെയ്ക്കുമെന്നുറപ്പാണ്. ദൈവികകരമെന്ന ആധികാരികതയില്‍നിന്നു മാറിയാല്‍ നിലനില്പുതന്നെ അപകടത്തിലാകുന്ന മതവീക്ഷണങ്ങള്‍ക്ക് ഈ ചിന്താഗതിയെ ഒരുതരത്തിലും വിഴുങ്ങാനാവില്ലെന്നുറപ്പുള്ളനിലയ്ക്ക്, അത്തരം ഇടങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളാവും ഇനി ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്നത്. ഗലീലിയോ മുതല്‍ചാള്‍സ് ഡാര്‍വിന്‍ വരെയുള്ളവരെ നേരിട്ട മതലോകം, വിശേഷിച്ച്, ക്രിസ്തീയമതം, എങ്ങനെയാണ് സ്റ്റീഫന്‍ ഹോക്കിംഗ്സിനെ നേരിടുകയെന്നത് കൗതുകമുണര്‍ത്തിക്കഴിഞ്ഞു.
പലപ്പോഴും സ്വന്തം മുന്‍നിഗമനങ്ങളെ തിരുത്തിയിട്ടുള്ള ആളാണ് ഹോക്കിംഗ്സ്. കാലത്തിന്റെ ചരിത്രത്തെയും പ്രകാശത്തെയും കുറിച്ചുള്ള ഹോക്കിംഗ്സ് നിരീക്ഷണങ്ങള്‍ ശാസ്ത്രലോകത്ത് സര്‍വസമ്മതി നേടിയതായും പറയാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യവും നിലവിലിരിക്കെ, ഹോക്കിംഗ്സിന്റെ പുതുനിരീക്ഷണത്തോട് ശാസ്ത്രലോകം പ്രതികരിക്കുന്നതെങ്ങനെയാകും എന്നതും വരുംദിനങ്ങളിലെ ചര്‍ച്ചകള്‍ക്ക് ചൂടുപകരും.
No comments:
Post a Comment