Sunday, May 20, 2012

അടുത്ത ലക്ഷ്യം ചൊവ്വയാകണം-അപ്പോളോ യാത്രികര്‍




ഭൂമിക്ക് വെളിയില്‍ അടുത്ത ലക്ഷ്യം ചൊവ്വാഗ്രഹമാകണമെന്ന്, 40 വര്‍ഷംമുമ്പ് ചന്ദ്രനില്‍ ആദ്യം ഇറങ്ങിയ അപ്പോളോ യാത്രികര്‍ ആഹ്വാനം ചെയ്തു. മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കണമെന്ന് അവര്‍ പറഞ്ഞു.

1969 ജൂലായ് 20-നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയത്. ആ ദൗത്യത്തിലെ സഹചാരികളായിരുന്ന എഡ്വിന്‍ ആള്‍ഡ്രിന്‍, മൈക്കല്‍ കൊളിന്‍സ് എന്നിവരാണ് ഇനി ചന്ദ്രന് പകരം ചൊവ്വയാകണം പര്യവേക്ഷണ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടത്. സമാധാനപരമായ മത്സരത്തിന്റെ പാരമ്യമായിരുന്നു ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയ സംഭവമെന്ന്, ആദ്യം ചന്ദ്രനില്‍ പാദമൂന്നിയ നീല്‍ ആംസ്‌ട്രോങ് പറഞ്ഞു.

അപ്പോളോ-11 ദൗത്യത്തിന്റെ നാല്പതാം വാര്‍ഷികം പ്രമാണിച്ച് വാഷിങ്ടണില്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ്, അപ്പോളോ യാത്രികര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെ അപൂര്‍വമായി മാത്രമേ മൂന്ന് അപ്പോളോ-11 യാത്രികരും ഒത്തുചേര്‍ന്നിട്ടുള്ളു.

അപ്പോളോ-11 ന്റെ ഭാഗമായിരുന്ന ഈഗിള്‍ എന്ന ലൂണാര്‍ മോഡ്യൂളില്‍ ചാന്ദ്രപ്രതലത്തിലെത്തിയ നീല്‍ ആംസ്‌ട്രോങും, പിന്നാലെ എഡ്വിന്‍ ആള്‍ഡ്രിനുമാണ് അന്ന് ചന്ദ്രനിലിറങ്ങിയത്. തന്റെ സഹപ്രവര്‍ത്തകര്‍ ചന്ദ്രനില്‍ നടക്കുമ്പോള്‍, കൊളംബിയ എന്ന കമാന്‍ഡ് മോഡ്യൂളില്‍ മൈക്കല്‍ കൊളിന്‍സ് ചന്ദ്രനെ ചുറ്റി സഞ്ചരിക്കുകയായിരുന്നു.

'തെറ്റായ സ്ഥലത്താണ് പറന്നു നടന്നതെന്ന് ചിലപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. ചെറുപ്പം മുതലേ ചൊവ്വായായിരുന്നു എന്റെ ഇഷ്ടസ്ഥാനം, ഇപ്പോഴും അങ്ങനെ തന്നെ'-മൈക്കല്‍ കൊളിന്‍സ് അറിയിച്ചു. ഉള്‍ക്കാഴ്ചയോടെ, ശക്തരായ നേതാക്കള്‍ക്ക് കീഴില്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്താല്‍ മഹത്തായ ഒരു രാജ്യത്തിനും ജനതയ്ക്കും എന്ത് ചെയ്യാനാകും എന്നതിന്റെ പ്രതീകമാണ് അപ്പോളോ-11 ന്റെ വിജയം-അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പോളോ ദൗത്യങ്ങള്‍ക്ക് വേണ്ടി അത്യധ്വാനം നടത്തിയവര്‍ക്ക് നല്‍കാവുന്ന യഥാര്‍ഥ ബഹുമതി, അവരുടെ പാത പിന്തുടരുകയും പുതിയ പര്യവേക്ഷണത്തിന് ശ്രമം ആരംഭിക്കുകയുമാണെന്ന് ചൊവ്വയെ പരാമര്‍ശിച്ച് കൊളിന്‍സ് പറഞ്ഞു. ചന്ദ്രനിലെത്താന്‍ വീണ്ടും ശ്രമം തുടങ്ങിയത്, സാങ്കേതികമായി ചൊവ്വയെന്ന ലക്ഷ്യത്തെ വൈകിപ്പിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

2020-ഓടെ വീണ്ടും ചന്ദ്രനില്‍ ആളെയിറക്കാനുള്ള പദ്ധതി നാസ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പരാമര്‍ശിച്ചാണ് കോളിന്‍സ് ഇക്കാര്യം പറഞ്ഞത്. അപ്പോളൊയ്ക്ക് പകരം ഓറയോണ്‍ എന്നൊരു ചാന്ദ്രവാഹനത്തിന്റെ രൂപകല്‍പ്പന നടന്നു വരികയാണ്. 

No comments:

Post a Comment